
അടിസ്ഥാനപരമായി ഒരു ശ്വാസകോശ രോഗമാണ് കോവിഡ്. എങ്കിലും ഇത് പല അവയവങ്ങളുടെയും പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നത് നാം കണ്ടു. ഡെല്‍റ്റ, കാര്യമായും ശ്വാസകോശസംബന്ധമായ പ്രശ്നങ്ങള്‍ തന്നെയാണ് രോഗികളില്‍ സൃഷ്ടിച്ചത്. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ പേരിലേക്ക് രോഗമെത്തിക്കാന്‍ കഴിയുമെന്നതും ഡെല്‍റ്റയുടെ പ്രത്യേകതയായിരുന്നു.
ഡെല്‍റ്റയ്ക്ക് ശേഷമെത്തിയ ഒമിക്രോണ്‍ എന്ന വകഭേദവും വലരെ വേഗത്തില്‍ രോഗം പരത്താന്‍ ശേഷിയുള്ളതായിരുന്നു. ഇപ്പോഴിതാ ഒമിക്രോണിനും ഉപവകഭേദങ്ങളുണ്ടെന്ന് കണ്ടെത്തപ്പെട്ടിരിക്കുകയാണ്. ഒമിക്രോണ്‍ ബിഎ.2 എന്ന ഉപവകഭേദം കാര്യമായ രീതിയില്‍ തന്നെ രോഗികളെ സൃഷ്ടിച്ചിരുന്നു.
ഇതിന് ശേഷം ഏറ്റവും പുതുതായി ബിഎ.3 എന്നൊരു ഉപവകഭേദവും ഉള്ളതായാണ് വിദഗ്ധര്‍ അറിയിക്കുന്നത്. കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടനാ പ്രതിനിധി മരിയ വാന്‍ഖെര്‍ഖോവ് ഇക്കാര്യം വ്യക്തമായി അറിയിച്ചിരുന്നു. ഒമിക്രോണ്‍ ബിഎ.1, ബിഎ.1.1, ബിഎ.2, ബിഎ.3 എന്നിങ്ങനെ വിവിധ തരത്തിലുള്ള ഉപവകഭേദങ്ങളുണ്ടെന്നും തുടര്‍ന്നും ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ച കൂടുതല്‍ ഉപവകഭേദങ്ങള്‍ വരാമെന്നും മരിയ വാന്‍ഖെര്‍ഖോവ് അറിയിച്ചു.
എന്നാലിവയൊന്നും തന്നെ ഡെല്‍റ്റയോളം പേടിക്കാനുള്ളതല്ലെന്നാണ് നിലവില്‍ വിദഗ്ധരെല്ലാം ചൂണ്ടിക്കാട്ടുന്നത്. ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്ന രോഗികളുടെ എണ്ണവും മരണനിരക്കുമെല്ലാം ഒമിക്രോണില്‍ വളരെ കുറവായിരുന്നു. തുടര്‍ന്നും ഒമിക്രോണ്‍ വകഭേദങ്ങളുടെ കാര്യത്തില്‍ ഭയപ്പെടാന്‍ കാര്യമായി ഇല്ലെന്ന് തന്നെയാണ് വിവിധ പഠനങ്ങളും വിശദമാക്കുന്നത്.
2021 നവംബറോടെ ദക്ഷിണാഫ്രിക്കയിലാണ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. പിന്നീട് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മറ്റ് രാജ്യങ്ങളിലും ഇത് സ്ഥിരീകരിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ തന്നെയാണ് ഒമിക്രോണ്‍ ബിഎ.3 ഉപവകഭേദവും കണ്ടെത്തപ്പെട്ടിരിക്കുന്നത്. മറ്റ് വകഭേദങ്ങളില്‍ നിന്ന് ഒരുപാട് വ്യത്യസ്തമായ രോഗലക്ഷണങ്ങളൊന്നും ഒമിക്രോണ്‍ ഉപവകഭേദങ്ങളില്‍ കാണുന്നില്ല. തളര്‍ച്ചയും, തലകറക്കവുമായിരുന്നു ബിഎ.2 ഉപവകഭേദത്തിന്റെ ഒരു പ്രത്യേകത. ഇതിന് പുറമെ സാധാരണഗതിയില്‍ കാണുന്ന ചുമ, തൊണ്ടവേദന, തലവേദന, മൂക്കൊലിപ്പ്, ശരീരവേദന തുടങ്ങിയ കൊവിഡ് ലക്ഷണങ്ങളൊക്കെ തന്നെയാണ് ഒമിക്രോണ്‍ ഉപവകഭേദങ്ങളിലും കാണുന്നത്.
ബിഎ.2 കാര്യമായ രീതിയില്‍ തന്നെ രോഗവ്യാപനം നടത്തിയെങ്കില്‍ ബിഎ.3 അത്ര വ്യാപകമായിട്ടില്ലെന്നും വിദഗ്ധര്‍ പറയുന്നുണ്ട്. ബിഎ.2 വ്യാപകമായിരുന്നു എന്നതുകൊണ്ട് തന്നെയാണ് ഇതിനോട് ഏറെ സാമ്യതകളുള്ള ബിഎ.3 വ്യാപകമാതിരുന്നതെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
പൊതുവില്‍ ഒമിക്രോണ്‍ വകഭേദങ്ങള്‍ വലിയ ആശങ്കയ്ക്ക് വകുപ്പുള്ളവയല്ലെങ്കില്‍ കൂടി രോഗിയുടെ ആരോഗ്യാവസ്ഥ, പ്രതിരോധ ശേഷി, പ്രായം എന്നിങ്ങനെയുള്ള ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തി രോഗ തീവ്രതയില്‍ മാറ്റം വരാമെന്നും ഇക്കാര്യം മറന്നുപോകരുതെന്നും വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു. അതായത്, ചിലരില്‍ ഒമിക്രോണും ഭീഷണിയായി വരാമെന്ന്.
അതേസമയം ജപ്പാനില്‍ ഒമിക്രോണ്‍ വലിയ തിരിച്ചടിയുണ്ടാക്കിയതായി നേരത്തേ റിപ്പോര്‍ട്ടുകളില്‍ വന്നിരുന്നു. ഒമിക്രോണ്‍ ഭയപ്പെടേണ്ട വകഭേദമാണെന്ന് ജാപ്പനീസ് പഠനവും വന്നിരുന്നു. ഇതെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പിന്നീട് വരികയുണ്ടായില്ല. ജപ്പാനില്‍ നടന്നത് പരീക്ഷണാടിസ്ഥാനത്തില്‍ ഒരു പഠനമായിരുന്നുവെന്നും ഇതില്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നും മരിയ വാന്‍ഖെര്‍ഖോവ് പ്രതിരിച്ചിരുന്നു.






