പ്രമുഖ ആഗോള ഡിജിറ്റല്‍ പെയ്‌മെന്റ് സ്ഥാപനമായ പേ പാല്‍ ഇന്ത്യയില്‍ സേവനങ്ങള്‍ അവസാനിപ്പിക്കുന്നതായി അറിയിച്ചു. ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ത്യയിലെ ആഭ്യന്തര പെയ്‌മെന്റ് ബിസിനസ് അവസാനിപ്പിക്കുമെന്നാണ് കമ്പനി പ്രസ്താവനയില്‍ അറിയിച്ചത്. അതേസമയം ആഗോള ഉപഭോക്താക്കള്‍ക്ക് പേ പാല്‍ ഉപയോഗിച്ച് ഇന്ത്യന്‍ വ്യാപാരികള്‍ക്ക് പണം നല്‍കാനുള്ള അവസരം ഇനിയും തുടരും.
”2021 ഏപ്രില്‍ 1 മുതല്‍ ഇന്ത്യന്‍ ബിസിനസുകള്‍ക്കായി കൂടുതല്‍ അന്തര്‍ദ്ദേശീയ ഇടപാടുകള്‍ ലഭ്യമാക്കുന്നതിലേക്ക് ഞങ്ങള്‍ കേന്ദ്രീകരിക്കും. ആഭ്യന്തര സേവനങ്ങളില്‍ നിന്ന് പേ പാല്‍ ശ്രദ്ധ തിരിക്കുകയാണ്. അതായത് ഏപ്രില്‍ ഒന്നു മുതല്‍ പേ പാലിന്റെ ആഭ്യന്തര പെയ്‌മെന്റ് സേവനങ്ങള്‍ ഇന്ത്യയില്‍ ലഭിക്കില്ല, കമ്പനി അറിയിച്ചു.
ഇതുവരെ യാത്ര, ടിക്കറ്റിംഗ് സേവനങ്ങള്‍, ഓണ്‍ലൈന്‍ ഫിലിം ബുക്കിംഗ്, ഫുഡ് ഡെലിവറി തുടങ്ങിയ വിവിധ ആപ്ലിക്കേഷനുകളില്‍ പേപാല്‍ മുഖാന്തരം പണമിടപാടുകള്‍ സാധിച്ചിരുന്നു. എന്നാല്‍ തുടര്‍ന്നങ്ങോട്ട് ഈ സൗകര്യം ഉപഭോക്താക്കള്‍ക്ക് ഉണ്ടായിരിക്കില്ല.