Home ആരോഗ്യം മൃതദേഹങ്ങള്‍ നദികളില്‍; വെള്ളത്തിലൂടെ കോവിഡ് പടരുമോയെന്ന് ആശങ്ക

മൃതദേഹങ്ങള്‍ നദികളില്‍; വെള്ളത്തിലൂടെ കോവിഡ് പടരുമോയെന്ന് ആശങ്ക

താനും ദിവസങ്ങളായി ഗംഗാനദിയിലൂടെ മൃതദേഹങ്ങള്‍ കൂട്ടമായി ഒഴുകിയെത്തുന്ന സാഹചര്യമാണുള്ളത്. ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളിലാണ് മൃതദേഹങ്ങള്‍ കാണുന്നത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളാണ് ഇത്തരത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ നോക്കാതെ ഒഴുക്കിവിട്ടിരിക്കുന്നത് എന്ന ആശങ്കയുമുണ്ട്.

എന്നാല്‍ കൊറോണ വൈറസ് വെള്ളത്തിലൂടെ പകരുന്നത് സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നാണ് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നത്. നദികളില്‍ കോവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ ഉപേക്ഷിക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണ് വെള്ളത്തിലൂടെയുള്ള കോവിഡ് വ്യാപനത്തെക്കുറിച്ച് ആശങ്ക ഉയര്‍ന്നത്. എന്നാല്‍ നദികളില്‍ മൃതദേഹങ്ങള്‍ ഉപേക്ഷിക്കുന്നത് കോവിഡ് വ്യാപനത്തെ കാര്യമായി ബാധിക്കില്ലെന്നാണ് ഐഐടി-കാണ്‍പൂരിലെ പ്രൊഫസര്‍ സതീഷ് താരെ പറയുന്നത്.

അതേസമയം കുടിവെള്ള സ്രോതസുകളായ നദികളില്‍ മൃതദേഹങ്ങള്‍ ഉപേക്ഷിക്കുന്നത് ഗൗരവമായ കാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗംഗയിലോ അതിന്റെ പോഷകനദികളിലോ മൃതദേഹങ്ങള്‍ ഉപേക്ഷിക്കുന്നത് പുതിയ കാര്യമല്ല. പക്ഷെ കഴിഞ്ഞ 10-15 വര്‍ഷമായി ഇത് ഗണ്യമായി കുറഞ്ഞിരുന്നു. മൃതദേഹങ്ങള്‍ വലിച്ചെറിയുന്നത് മലിനീകരണത്തിലേക്ക് നയിക്കും. വൈറസിന്റെ പ്രഭാവം കാര്യമായിരിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.

മൃതദേഹങ്ങള്‍ ജലാശയങ്ങളില്‍ തള്ളുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിന് പരിശോധനകള്‍ കര്‍ശനമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗംഗയിലും അതിന്റെ പോഷക നദികളിലും മൃതദേഹങ്ങള്‍ വലിച്ചെറിയുന്നത് പ്രദേശത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്നതും അപകടകരവുമാണെന്ന് നാഷണല്‍ മിഷന്‍ ഫോര്‍ ക്ലീന്‍ ഗംഗ ഡയറക്ടര്‍ പറഞ്ഞു.