Home Uncategorized ബാറ്റയുടെ തലപ്പത്ത് ഇന്ത്യക്കാരന്‍; 126 വര്‍ഷത്തിനിടക്ക് ഇതാദ്യം

ബാറ്റയുടെ തലപ്പത്ത് ഇന്ത്യക്കാരന്‍; 126 വര്‍ഷത്തിനിടക്ക് ഇതാദ്യം

സ്വിസ് കമ്പനിയായ ബാറ്റയുടെ തലപ്പത്ത് ഇതാദ്യമായി ഒരു ഇന്ത്യക്കാരന്‍ എത്തിയിരിക്കുന്നു. ബാറ്റയുടെ 126 വര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് ഇന്ത്യന്‍ വംശജനെ കമ്പനിയുടെ ആഗോള ചുമതലയുള്ള ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിച്ചത്. ബാറ്റ ഇന്ത്യയുടെ ചുമതല വഹിച്ചിരുന്ന സന്ദീപ് കദാരിയയെയാണ് ആഗോള സിഇഒ ആയി നിയമിച്ചത്.

അഞ്ച് വര്‍ഷത്തിന് ശേഷം ചുമതല ഒഴിയുന്ന അലെക്‌സിസ് നാസര്‍ദിന് പകരമാണ് ഈ നിയമനം. യുണിലിവറിലെയും വോഡാഫോണ്‍ ഇന്ത്യ ആന്‍ഡ് യൂറോപ്പിലെയും 24 വര്‍ഷത്തെ സേവനത്തിന് ശേഷം 2017ലാണ് സന്ദീപ് ബാറ്റയില്‍ ചേരുന്നത്. ഐഐടി ഡല്‍ഹി, എക്‌സ്എല്‍ആര്‍ഐ ജംഷഡ്പുര്‍ എന്നിവിടങ്ങളില്‍ നിന്നായിരുന്നു ഇദ്ദേഹം ഉന്നത വിദ്യാഭ്യാസം നേടിയത്. എക്‌സ്എല്‍ആര്‍ഐയില്‍ പിജിഡിഎം കോഴ്സില്‍ 1993 ബാച്ചിലെ ഗോള്‍ഡ് മെഡലിസ്റ്റാണ്.

ചെരുപ്പ് നിര്‍മാണ മേഖലയിലെ പ്മുഖരായ ബാറ്റ 1894ലാണ് പ്രവര്‍ത്തനം തുടങ്ങിയത്. രൂപകല്പനയിലും നിര്‍മാണത്തിലും മികവുപുലര്‍ത്തിയ കമ്പനി ആഗോളതലത്തില്‍ വളരെ പെട്ടെന്ന് തന്നെ പ്രശസ്തമായി. 180 മില്യണ്‍ ജോഡി ഷൂവാണ് പ്രതിവര്‍ഷം കമ്പനി വില്‍ക്കുന്നത്. 5,800ലേറെ റീട്ടെയില്‍ ഷോപ്പുകള്‍ രാജ്യത്ത് ബാറ്റക്ക് സ്വന്തമായുണ്ട്. അഞ്ച് ഭൂഖണ്ഡങ്ങളിലായി 22ലേറെ നിര്‍മാണ യൂണിറ്റുകളും കമ്പനിക്കുണ്ട്.