Home വാണിജ്യം ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചവര്‍ക്ക് 5000 രൂപ പിഴ; കാരണമറിയാം

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചവര്‍ക്ക് 5000 രൂപ പിഴ; കാരണമറിയാം

ണ്‍ലൈനായി ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചവരില്‍ നിന്ന് പിഴ ഈടാക്കിയതായി പരാതി. ഓഗസ്റ്റ് ഒന്ന് മുതല്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചവരില്‍ നിന്നാണ് പിഴ ഈടാക്കുന്നത്. ലേറ്റ് ഫീസായ 5000 രൂപയാണ് ചുമത്തിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി കഴിഞ്ഞ ദിവസം നീട്ടിയിരുന്നു.

സെപ്റ്റംബര്‍ 30 വരെയാണ് കേന്ദ്രസര്‍ക്കാര്‍ നീട്ടിയത്. എന്നാല്‍ ഇതനുസരിച്ച് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള വെബ്സൈറ്റ് പരിഷ്‌കരിക്കാത്തതോ സാങ്കേതിക പ്രശ്നങ്ങളോ ആകാം പ്രശ്നത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനാല്‍ കഴിഞ്ഞ വര്‍ഷത്തെ പോലെ ഡിസംബര്‍ 31 വരെ വൈകി റിട്ടേണ്‍ സമര്‍പ്പിക്കുന്നവരില്‍ നിന്ന് ഈടാക്കുന്ന ആയിരമോ അയ്യായിരമോ ചുമത്തിയതാകാം ലേറ്റ് ഫീസിന് കാരണം.

വര്‍ഷം അഞ്ച് ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവര്‍ ലേറ്റ് ഫീസായി 5000 രൂപയാണ് അടയ്ക്കേണ്ടത്. അഞ്ചുലക്ഷത്തിന് താഴെ ആയിരം രൂപയാണ് പിഴ. റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ പരമാവധി 10,000 രൂപ വരെ പിഴ ഈടാക്കാന്‍ അനുമതി നല്‍കുന്ന ആദായനികുതി നിയമത്തിലെ സെക്ഷന്‍ 234എഫ് പ്രകാരമാണ് നടപടി സ്വീകരിക്കുന്നത്.

നേരത്തെ ജൂലൈ 31 ആയിരുന്നു റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി. ഇതാണ് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ 30 വരെ നീട്ടിയത്. ഇതനുസരിച്ച് ആദായനികുതി വകുപ്പിന്റെ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള പോര്‍ട്ടലില്‍ മാറ്റം വരുത്താത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. പ്രശ്നം വരുന്ന ദിവസങ്ങളില്‍ പരിഹരിക്കുമെന്നും പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നുമാണ് ആദായനികുതി വകുപ്പിന്റെ വിശദീകരണം.