Home അറിവ് ഒമൈക്രോൺ പടർന്നാൽ ഗുരുതര പ്രത്യാഘാതമെന്ന് ലോകാരോഗ്യ സംഘടന

ഒമൈക്രോൺ പടർന്നാൽ ഗുരുതര പ്രത്യാഘാതമെന്ന് ലോകാരോഗ്യ സംഘടന

കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ ഉയർന്ന അപകടസാധ്യതയുള്ളതാവാമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്ഒ). ഒമൈക്രോൺ പടർന്നുപിടിച്ചാൽ ഗുരുതരമായ പ്രത്യാഘാതമുണ്ടാവുമെന്നും ഡബ്ല്യൂഎച്ച്ഒ മുന്നറിയിപ്പു നൽകി.

ഒമൈക്രോൺ പടർന്നുപിടിച്ചാൽ പ്രത്യാഘാതം അതീവഗുരുതരമായിരിക്കുമെന്നു ലോകാരോഗ്യ സംഘടന പുറത്തിറക്കിയ കുറിപ്പിൽ പറഞ്ഞു. പലതവണ വകഭേദം വന്ന വൈറസ് ആണ് ഒമൈക്രോൺ. മഹാമാരിയുടെ സ്വഭാവത്തെത്തന്നെ അതു മാറ്റിമറിക്കുമെന്ന് കുറിപ്പിൽ പറയുന്നു.

മിക്രോൺ വകഭേദവുമായി ബന്ധപ്പെട്ട് ഇതുവരെ ഒരുമരണവും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നു കുറിപ്പിലുണ്ട്. വാക്‌സിനുകൾ വഴിയും നേരത്തെ കോവിഡ് ബാധിച്ചതുവഴിയുമുള്ള പ്രതിരോധ ശേഷിയയെ ഒമൈക്രോൺ മറികടക്കുമോയെന്നതിൽ കൂടുതൽ പഠനം വേണ്ടതുണ്ടെന്നും ഡബ്ല്യൂഎച്ച്ഒ പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്ക്ക് പുറമെ, 10 രാജ്യങ്ങളിൽ കൂടി ഒമൈക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്. ഫ്രാൻസിൽ എട്ടുപേർക്ക് ഒമൈക്രോൺ വൈറസ് ബാധയാണെന്ന സംശയം ആരോഗ്യവകുപ്പ് സൂചിപ്പിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് നിയന്ത്രണങ്ങൾ കർശനമാക്കി. ആഫ്രിക്ക അടക്കം ഒമൈക്രോൺ ബാധ കണ്ടെത്തിയ രാജ്യങ്ങളിലേക്ക് കൂടുതൽ രാജ്യങ്ങൾ യാത്രാ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയ്ക്ക് പുറമേ, ബോട്‌സ്വാന, ലെസോത്തോ, എസ്വാട്ടീനി, സിംബാബ്‌വെ, നമീബിയ എന്നിവയ്ക്കു പുറമേ ഹോങ്കോങ്, ഇസ്രയേൽ, ബെൽജിയം എന്നിവിടങ്ങളിലും ഒമൈക്രോൺ സാന്നിധ്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ദക്ഷിണാഫ്രിക്കയിൽ നിന്നും നെതർലാൻഡിസിലെത്തിയ 13 പേർക്ക് ഒമൈക്രോൺ രോഗബാധയാണെന്ന് കണ്ടെത്തി. ബ്രിട്ടനിൽ മൂന്നു പേർക്ക് കൂടി ഒമൈക്രോൺ സ്ഥിരീകരിച്ചു. കാനഡയിലും ഓസ്ട്രിയയിലും ചെക്ക് റിപ്പബ്ലിക്കിലും ഒമൈക്രോൺ രോഗബാധ കണ്ടെത്തിയിട്ടുണ്ട്.

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ രാജ്യാന്തര യാത്രക്കാർക്കുള്ള മാർഗനിർദേശം പുതുക്കി . ബുധനാഴ്ച മുതൽ പുതിയ മാർഗരേഖ പ്രാബല്യത്തിൽ വരും. രാജ്യാന്തരയാത്രക്കാർ എയർ സുവിധ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. യാത്രയ്ക്ക് മുൻപുള്ള 14 ദിവസത്തെ യാത്രാവിവരങ്ങൾ അടങ്ങുന്ന സത്യവാങ്മൂലം നൽകണം. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് പോർട്ടലിൽ നൽകണമെന്ന് മാർഗനിർദേശത്തിൽ പറയുന്നു.

കോവിഡ് വ്യാപനമുള്ള രാജ്യങ്ങളിൽ നിന്ന് വരുന്നവർ സ്വന്തം ചെലിൽ കോവിഡ് പരിശോധന നടത്തണം. കോവിഡ് പരിശോധനാഫലം വരാതെ പുറത്തുപോകാൻ പാടില്ല. നെഗറ്റീവായാലും 7 ദിവസം ക്വാറന്റൈനിൽ തുടരണം. പോസറ്റീവായാൽ ജിനോ സ്വീകൻസിങ്ങും ഐസോലേഷനും വേണം. 12 രാജ്യങ്ങളെ ഹൈറിസ്‌ക് പട്ടികയിൽ ഉൾപ്പെടുത്തി. ദക്ഷിണാഫ്രിക്ക, ബ്രിട്ടൻ, ബ്രസീൽ, ബംഗ്ലാദേശ്, ഇസ്രയേൽ, സിംഗപ്പൂർ, മൊറീഷ്യസ്, ബോട്‌സ്വാന, ന്യൂസിലന്റ്, ചൈന, സിംബാവെ എന്നീ രാജ്യങ്ങളാണ് കേന്ദ്രസർക്കാർ ഹൈറിസ്‌ക് പട്ടികയിൽ ഉൾപ്പെടുത്തിയത്.