Home അറിവ് 44 കോടി കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനുള്ള പദ്ധതി തയ്യാറെന്ന് കോവിഡ് ദൗത്യസംഘം മേധാവി

44 കോടി കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനുള്ള പദ്ധതി തയ്യാറെന്ന് കോവിഡ് ദൗത്യസംഘം മേധാവി

രാജ്യത്തെ 44 കോടി കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുന്നതിനുള്ള പദ്ധതി തയ്യാറായതായി കോവിഡ് ദൗത്യസംഘം ചെയര്‍മാന്‍ ഡോ എന്‍ കെ അറോറ. കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ വിവിധ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ബൂസ്റ്റര്‍ ഡോസോ, അധിക ഡോസോ നല്‍കുന്നത് സംബന്ധിച്ച് വിശദമായ നയം രണ്ടാഴ്ചക്കകം പ്രഖ്യാപിക്കുമെന്നും എന്‍ കെ അറോറ അറിയിച്ചു.

കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്കാണ് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. 18 വയസിന് താഴെയുള്ള 44 കോടി കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന് വേണ്ടിയുള്ള സമഗ്ര പദ്ധതിക്കാണ് രൂപം നല്‍കിയത്. കുട്ടികളില്‍ ആര്‍ക്ക് ആദ്യം വാക്‌സിന്‍ നല്‍കണമെന്നതിനെ സംബന്ധിച്ച് മുന്‍ഗണന നിശ്ചയിച്ചിട്ടുണ്ട്. മറ്റു രോഗകള്‍ അലട്ടുന്ന കുട്ടികള്‍ക്കാണ് മുഖ്യ പരിഗണന ലഭിക്കുക. ഈ പദ്ധതി ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നും അറോറ അറിയിച്ചു.

രണ്ടാഴ്ചക്കകം ബൂസ്റ്റര്‍ ഡോസോ, അധിക ഡോസോ നല്‍കുന്നത് സംബന്ധിച്ച സമഗ്ര പദ്ധതി പുറത്തിറക്കും. ആര്‍ക്കെല്ലാം വാക്‌സിന്‍ നല്‍കണം, എപ്പോള്‍ നല്‍കണം, എങ്ങനെ നല്‍കണം തുടങ്ങി വിവിധ വശങ്ങള്‍ പരിശോധിച്ചാണ് നയത്തിന് അന്തിമ രൂപം നല്‍കുക. പുതിയ കോവിഡ് വകഭേദം വിവിധ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍, ഇതുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളും ശേഖരിക്കേണ്ടതുണ്ടെന്നും അദ്ദേഹം അറിയിച്ചു.

രണ്ട് ഡോസ് വാക്‌സിന്‍ നല്‍കിയ ശേഷമാണ് ഇത് നല്‍കുക. രണ്ടു ഡോസ് വാക്‌സിന്‍ നല്‍കിയ ശേഷവും രോഗപ്രതിരോധശേഷിയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് അനുവദിക്കുന്നതാണ് അധിക ഡോസ് എന്നും അദ്ദേഹം അറിയിച്ചു.