Home ആരോഗ്യം സിസേറിയന്‍ നിരക്ക് ക്രമാതീതമായി വര്‍ധിക്കുന്നു; കാരമറിയാം

സിസേറിയന്‍ നിരക്ക് ക്രമാതീതമായി വര്‍ധിക്കുന്നു; കാരമറിയാം

ടുത്ത കാലത്തായി രാജ്യത്തെ പല സംസ്ഥാനങ്ങളിലും സിസേറിയന്‍ ശസ്ത്രക്രിയകളുടെ എണ്ണം വളരെയധികം വര്‍ധിച്ചതായി ദേശീയ കുടുംബാരോഗ്യ സര്‍വേയില്‍ കണ്ടെത്തി. തെലങ്കാന, ബംഗാള്‍, ഹിമാചല്‍ പ്രദേശ്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ സ്വകാര്യ ക്ലിനിക്കുകളിലാണ് കഴിഞ്ഞ അഞ്ചു വര്‍ഷമായി ശസ്ത്രക്രിയകള്‍ വര്‍ധിച്ചതായി കണ്ടെത്തിയിരിക്കുന്നത്.

10 മുതല്‍ 15 ശതമാനം വരെ മാത്രം ശസ്ത്രക്രിയകള്‍ നടത്താം എന്നതാണ് രാജ്യാന്തര നിബന്ധന. ഡോക്ടര്‍മാര്‍ പൊതുവെ സിസേറിയന്‍ നിര്‍ദേശിക്കാറുള്ളത് അമ്മയുടെയോ നവജാതശിശുവിന്റെയോ മരണം തടയാനാണ്. എന്നാല്‍ ചില സംസ്ഥാനങ്ങളില്‍ ഇങ്ങനെയല്ലാതെയും സിസേറിയന്‍ നടക്കുന്നതായാണ് സര്‍വേ കണ്ടെത്തിയിരിക്കുന്നത്.

രാജ്യത്തെ 22 സംസ്ഥാനങ്ങളില്‍ സിസേറിയന്‍ കൂടുകയാണെന്ന അതീവ ഗൗരവമുള്ള കണ്ടെത്തലും സര്‍വേയിലുണ്ട്.
കൂടുതല്‍ പണം ഉണ്ടാക്കാനുള്ള ആഗ്രഹമായിരിക്കാം സിസേറിയന്‍ കൂടിയതിനു പിന്നിലെന്നാണ് പൊതുജനാരോഗ്യ വക്താക്കള്‍ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം, സാധാരണ പ്രസവത്തിന്റെ വേദനയും സങ്കീര്‍ണതയും ഒഴിവാക്കാന്‍ വേണ്ടി സ്ത്രീകള്‍ തന്നെ സിസേറിയനു വേണ്ടി ആവശ്യപ്പെടുന്ന പ്രവണതയുമുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. ഓരോ കുടുംബത്തിലും ജനിക്കുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞതിനാല്‍ മിക്ക കുടുംബങ്ങള്‍ക്കും സിസേറിയന്‍ സാമ്പത്തികമായി താങ്ങാനാവുന്നതാണെന്ന പ്രത്യേകതയുമുണ്ട്. സിസേറിയനില്‍ സങ്കീര്‍ണതകള്‍ കുറവാണെന്നതും ശസ്ത്രക്രിയകളോട് കുടുംബങ്ങളുടെ താല്‍പര്യം കൂട്ടുന്നു.

2015-16 കാലഘട്ടത്തില്‍ മഹാരാഷ്ട്രയില്‍ സിസേറിയന്‍ നിരക്ക് 20 ശതമാനം ആയിരുന്നെങ്കില്‍ 2019 -20 ആയപ്പോള്‍ ഇത് 25 ശതമാനമായി വര്‍ധിച്ചു. മഹാരാഷ്ട്രയിലെ സ്വകാര്യ ക്ലനിനിക്കുകളില്‍ 39 ശതമാനം സിസേറിയന്‍ നടക്കുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നു. തെലങ്കാനയില്‍ 74 ശതമാനത്തില്‍ നിന്ന് സിസേറിയന്‍ നിരക്ക് 81 ശതമാനമായാണു വര്‍ധിച്ചത്.

അതേസമയം, കേരളത്തില്‍ സിസേറിയന്‍ നിരക്കില്‍ നാമമാത്രമായ വര്‍ധനവു മാത്രമാണുള്ളത്. 35 ശതമാനത്തില്‍ നിന്ന് 38 ശതമാനത്തിലേക്കാണു കേരളം വര്‍ധന രേഖപ്പെടുത്തിയത്. എന്നാല്‍ ലക്ഷദ്വീപില്‍ 38 ശതമാനത്തില്‍ നിന്ന് സിസേറിയന്‍ 31 ശതമാനമായി കുറഞ്ഞിട്ടുമുണ്ട്. വൈകിയ പ്രായത്തില്‍ നടക്കുന്ന വിവാഹങ്ങളും സിസേറിയന്‍ കൂടാനുള്ള ഒരു കാരണമായി പറയുന്നുണ്ട്.