Home അറിവ് വോട്ടർമാർ അറിയണം. എന്താണ് വിവിപാറ്റ് മെഷീന്‍?

വോട്ടർമാർ അറിയണം. എന്താണ് വിവിപാറ്റ് മെഷീന്‍?

വോട്ടിംഗ് മെഷീനിൽ കൃത്രിമം എന്ന ആരോപണം ഇനി വിലപ്പോവില്ല. ഇലക്ഷന്‍ യന്ത്രത്തില്‍ വിരല്‍ അമര്‍ത്തിയ ശേഷം ആര്‍ക്കാണ് വോട്ട് ചെയ്തത് എന്ന് വോട്ടര്‍ കണ്ട ശേഷം മാത്രമേ വോട്ടു വീഴൂ… അതാണ് വിവിപാറ്റ്. വോട്ടിങ്ങിലെ കൃത്രിമം എന്ന ആരോപണത്തിന് തടയിടാനാണ് എല്ലാ പോളിങ് സ്റ്റേഷനുകളിലും വിവിപാറ്റ് സംവിധാനം ഏര്‍പ്പെടുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്.
വോട്ട് രേഖപ്പെടുത്തിയത് കൃത്യമാണോയെന്ന് ഓരോ വോട്ടര്‍ക്കും അറിയാനാകും.
വോട്ട് ഏതു സ്ഥാനാര്‍ത്ഥിയുടെ പേരില്‍ രേഖപ്പെടുത്തിയിരിക്കുന്നുവെന്നു വോട്ടര്‍ക്കു കാണാവുന്ന സംവിധാനമാണു വിവി പാറ്റ്. വോട്ടിങ് യന്ത്രത്തിനൊപ്പം ഘടിപ്പിക്കുന്ന പ്രിന്റര്‍, വോട്ട് ലഭിച്ചയാളുടെ പേര്, ചിഹ്നം, ക്രമനമ്പര്‍ എന്നിവ പ്രിന്റ് ചെയ്തു സ്ലിപ്പ് പ്രദര്‍ശിപ്പിക്കും. എന്നാല്‍, തിരുത്താന്‍ അവസരമില്ല. ഇതു പരിശോധിക്കാന്‍ വോട്ടര്‍ക്ക് ഏഴു സെക്കന്‍ഡ് സമയം ലഭിക്കും. വോട്ടിങ്ങിനെക്കുറിച്ചു പരാതി ഉയര്‍ന്നാല്‍ സ്ലിപ്പുകള്‍ എണ്ണി പരിഹാരം കാണാം.

കണ്‍ട്രോള്‍ യൂണിറ്റിനും ബാലറ്റ് യൂണിറ്റിനും സമീപം മെഷീനും സ്ഥാപിക്കും. കണ്‍ട്രോള്‍ യൂണിറ്റുമായി മെഷീനെ ബന്ധിപ്പിച്ചിരിക്കും.വോട്ടു ചെയ്ത് അടുത്ത സെക്കന്‍ഡില്‍തന്നെ വിവിപാറ്റ് മെഷീന്‍ വോട്ട് ലഭിച്ചയാളുടെ പേര്, ചിഹ്നം, ക്രമനമ്പര്‍ എന്നിവ പ്രിന്റ് ചെയ്തു സ്ലിപ് പുറത്തേക്കു നീക്കും.
വോട്ടു ചെയ്തയാളുടെ വിശദാംശങ്ങള്‍ പേപ്പറില്‍ ഉണ്ടാകില്ല. ഏഴു സെക്കന്‍ഡ് നേരം സ്ലിപ് പരിശോധിക്കാന്‍ വോട്ടര്‍ക്കു സമയം ലഭിക്കും. എട്ടാം സെക്കന്‍ഡില്‍ മെഷീൻ തന്നെ സ്ലിപ് മുറിച്ചു ബാലറ്റ് പെട്ടിയില്‍ നിക്ഷേപിക്കും.
വോട്ടെടുപ്പു പൂര്‍ത്തിയായാല്‍ വോട്ടിങ് യന്ത്രത്തോടൊപ്പം ബാലറ്റ് പെട്ടിയും സീല്‍ ചെയ്തു സൂക്ഷിക്കും. വോട്ടിങ് മെഷീന്‍ സംബന്ധിച്ചു പരാതികള്‍ ഉയര്‍ന്നാല്‍ കമ്മിഷന്റെ തീരുമാനപ്രകാരം ബാലറ്റ് പെട്ടിയില്‍നിന്നു സ്ലിപ്പുകള്‍ പുറത്തെടുത്ത് എണ്ണാം.