Home ആരോഗ്യം ബൂസ്റ്റര്‍ ഡോസ് ഇല്ലെങ്കില്‍ കോവിഡ് വാക്‌സിന്‍ കാര്യക്ഷമത കുറയും; ആറ് മാസത്തിനുള്ളില്‍ എടുക്കണം

ബൂസ്റ്റര്‍ ഡോസ് ഇല്ലെങ്കില്‍ കോവിഡ് വാക്‌സിന്‍ കാര്യക്ഷമത കുറയും; ആറ് മാസത്തിനുള്ളില്‍ എടുക്കണം

കോവിഡ് രോഗസങ്കീര്‍ണതകളും ആശുപത്രി വാസവും തടയാന്‍ വാക്സീനുകള്‍ ഫലപ്രദമാണെങ്കിലും ആറ് മാസങ്ങള്‍ക്ക് ശേഷം ഇവയുടെ കാര്യക്ഷമത കുറഞ്ഞ് വരുമെന്ന് തെളിയിക്കുന്ന പഠനഫലം പുറത്ത്. രണ്ടാമത് ഡോസ് വാക്സീന്‍ എടുത്ത് 50-100 നാളുകളിലേക്ക് കോവിഡ് മൂലമുള്ള ആശുപത്രി വാസം തടയുന്നതില്‍ വാക്സീനുകളുടെ കാര്യക്ഷമത 94 ശതമാനമാണെങ്കില്‍ 200-250 നാളുകള്‍ക്ക് ശേഷം ഇത് 80.4 ശതമാനമായി കുറയുന്നതായി ലാന്‍സെറ്റ് റെസ്പിറേറ്ററി മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടുന്നു.

250 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ കാര്യക്ഷമത വീണ്ടും കുറയുമെന്നും പഠനത്തിന് നേതൃത്വം നല്‍കിയ പ്രോവിഡന്‍സ് റിസര്‍ച്ച് നെറ്റ് വര്‍ക്കിലെ ഗവേഷകര്‍ പറയുന്നു. വാക്സീന്‍ കാര്യക്ഷമത കുറയ്ക്കുന്ന പ്രധാന ഘടകങ്ങളെയും ഗവേഷണം അടിവരയിടുന്നു. ഇതില്‍ പ്രധാനം പ്രായമാണ്.

അര്‍ബുദം, വൃക്കരോഗം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദ്രോഗം തുടങ്ങിയ സഹരോഗാവസ്ഥകളും കാര്യക്ഷമത കുറയാന്‍ കാരണമാകുന്നു. ഏത് വാക്സീന്‍ എടുത്തു എന്നതും നീണ്ടു നില്‍ക്കുന്ന സംരക്ഷണത്തില്‍ നിര്‍ണായകമാണെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

നീണ്ട കാലത്തേക്ക് ഏറ്റവും മികച്ച സംരക്ഷണം കൊറോണ വൈറസിനെതിരെ നല്‍കുന്നത് മൊഡേണ വാക്സീനാണെന്നും പഠനറിപ്പോര്‍ട്ട് പറയുന്നു. മൊഡേണയ്ക്ക് സമാനമായ സംരക്ഷണം ആദ്യ ഘട്ടത്തില്‍ ഫൈസര്‍-ബയോഎന്‍ടെക് വാക്സീന്‍ നല്‍കുമെങ്കിലും നാളേറെ ചെല്ലുമ്പോള്‍ ഇതിന്റെ സംരക്ഷണം വേഗത്തില്‍ കുറയുന്നതായി ഗവേഷകര്‍ കണ്ടെത്തി. മൊഡേണയെ അപേക്ഷിച്ച് ജാന്‍സന്‍ വാക്സീന്‍ എടുത്തവര്‍ക്ക് ബ്രേക്ക്ത്രൂ അണുബാധകള്‍ ഉണ്ടാകാനുള്ള സാധ്യത അധികമാണെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.

വാക്സീന്‍ എടുത്ത് 200 ദിവസങ്ങള്‍ക്ക് ശേഷം ബൂസ്റ്റര്‍ ഡോസ് എടുക്കേണ്ടതിന്റെ പ്രാധാന്യവും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. സഹരോഗാവസ്ഥകളുള്ളവരും 80 വയസ്സിന് മുകളില്‍ പ്രായമുള്ളവരും ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.