Home അറിവ് തദ്ദേശ തെരഞ്ഞെടുപ്പ്; അര്‍ഹതപ്പെട്ടവര്‍ക്ക് നിക്ഷേപം തിരികെ നല്‍കാന്‍ നിര്‍ദേശം

തദ്ദേശ തെരഞ്ഞെടുപ്പ്; അര്‍ഹതപ്പെട്ടവര്‍ക്ക് നിക്ഷേപം തിരികെ നല്‍കാന്‍ നിര്‍ദേശം

ദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശപത്രികയോടൊപ്പം കെട്ടിവയ്ക്കുന്ന നിക്ഷേപം അര്‍ഹതപ്പെട്ടവര്‍ക്ക് യഥാസമയം തിരികെ നല്‍കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വരണാധികാരികള്‍ക്ക് നിര്‍ദേശം നല്‍കി. ഇത് സംബന്ധിച്ച പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കമ്മീഷന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്.

തെരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ക്കും മത്സരിച്ചവരില്‍ ആകെ സാധുവായ വോട്ടുകളുടെ ആറിലൊന്നില്‍ കൂടുതല്‍ നേടിയവര്‍ക്കുമാണ് നിക്ഷേപം തിരികെ ലഭിക്കുക. പത്രിക പിന്‍വലിക്കുകയോ തള്ളുകയോ ചെയ്താലും നിക്ഷേപം തിരികെ ലഭിക്കും. മറ്റ് സ്ഥാനാര്‍ത്ഥികളുടെ നിക്ഷേപം ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലേയ്ക്ക് കണ്ടുകെട്ടുന്നതിന് വരണാധികാരി നടപടി സ്വീകരിക്കും.

മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ പത്രിക തള്ളുകയോ പിന്‍വലിക്കുകയോ ചെയ്യുന്നവര്‍ക്ക് നിക്ഷേപം തിരികെ നല്‍കും. തെരഞ്ഞെടുപ്പിനു മുന്‍പ് ഒരു സ്ഥാനാര്‍ത്ഥി മരണപ്പെട്ടാല്‍ നിയമപരമായ അവകാശിക്കാണ് നിക്ഷേപം കൈമാറുക.

മത്സരിച്ചവരില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ഫലപ്രഖ്യാപനത്തിനു ശേഷം മൂന്നു മാസത്തിനുള്ളിലാണ് വരണാധികാരികള്‍ തുക തിരികെ നല്‍കേണ്ടത്. നിക്ഷേപം സ്ഥാനാര്‍ത്ഥിയുടേയോ അവകാശിയുടേയോ ബാങ്ക് അക്കൗണ്ട് മുഖേനയാണ് കൈമാറുന്നത്. സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൂടി നിശ്ചിത ഫോമില്‍ വരണാധികാരിയ്ക്ക് നല്‍കണം.