Home അറിവ് എം.ബി.ബി.എസ്. ആദ്യവർഷം ജയിച്ചില്ലെങ്കിൽ രണ്ടാംവർഷ ക്ലാസില്ലെന്ന് ദേശീയ മെഡിക്കൽ കമ്മിഷൻ

എം.ബി.ബി.എസ്. ആദ്യവർഷം ജയിച്ചില്ലെങ്കിൽ രണ്ടാംവർഷ ക്ലാസില്ലെന്ന് ദേശീയ മെഡിക്കൽ കമ്മിഷൻ

എം.ബി.ബി.എസ്. ആദ്യവർഷത്തെ പരീക്ഷ വിജയകരമായി പൂർത്തിയാക്കാത്തവർക്ക് രണ്ടാംവർഷ ക്ലാസിലേക്ക് പ്രവേശനമില്ലെന്ന് ദേശീയ മെഡിക്കൽ കമ്മിഷൻ. നിലവിലെ നിർദേശം ആവർത്തിച്ച് വ്യക്തമാക്കുകയായിരുന്നു മെഡിക്കൽ കമ്മിഷൻ.

സപ്ലിമെന്ററി പരീക്ഷയും ജയിക്കാനാകാത്തവർ പുതിയ ഒന്നാംവർഷക്കാർക്കൊപ്പം ക്ലാസിലിരിക്കണമെന്നാണ് നിബന്ധന. ആന്ധ്രപ്രദേശിലെ ഡോ. എൻ.ടി. രാമറാവു ആരോഗ്യ സർവകലാശാലയിലെ വിദ്യാർഥികൾ നൽകിയ അപേക്ഷയെത്തുടർന്നാണ് കമ്മിഷന്റെ ഇടപെടൽ. ഒന്നാംവർഷ പരീക്ഷ ജയിക്കാത്ത തങ്ങൾക്ക് അടുത്തവർഷത്തേക്കുള്ള ക്ലാസ്‌കയറ്റം അനുവദിക്കണമെന്ന ആവശ്യവുമായി ഒരുകൂട്ടം വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, നിലവിലെ നിയമപ്രകാരം ഇത് അനുവദിക്കാൻ സാധിക്കില്ലെന്ന നിലപാടാണ് സിംഗിൾ ബെഞ്ച് സ്വീകരിച്ചത്.

ഇതിനെതിരേ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചെങ്കിലും തീരുമാനത്തിൽ മാറ്റമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് വിദ്യാർഥികൾ കൂടുതൽ വ്യക്തതയ്ക്കായി കമ്മിഷന് കത്ത് നൽകിയത്. മെഡിക്കൽ കമ്മിഷൻ നിലവിൽ വരുന്നതിന് മുൻപുണ്ടായിരുന്ന ദേശീയ മെഡിക്കൽ കൗൺസിൽ നിയമത്തിൽ ആദ്യവർഷപരീക്ഷയുടെ വിജയം നിർബന്ധമായിരുന്നു. ഇതേ നില തുടരുകയാണെന്നും സപ്ലിമെന്ററി അവസരവും മുതലാക്കാൻ കഴിയാത്തവർ കോഴ്‌സും പരീക്ഷയും പുതിയ ബാച്ചിനൊപ്പം ചെയ്യണമെന്നുമാണ് നിർദേശിച്ചിരിക്കുന്നത്.