Home വാഹനം മന്ത്രിമാരുടെ വാഹനങ്ങളിലെ കൂളിങ് പേപ്പറും കര്‍ട്ടനുകളും നീക്കണം; ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ കത്ത്

മന്ത്രിമാരുടെ വാഹനങ്ങളിലെ കൂളിങ് പേപ്പറും കര്‍ട്ടനുകളും നീക്കണം; ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ കത്ത്

ന്ത്രിമാരുടെയും മറ്റ് വിഐപികളുടെയും വാഹനങ്ങളിലെ കൂളിങ് പേപ്പറും കര്‍ട്ടനുകളും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ കത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് കമ്മീഷണര്‍ ടൂറിസം വകുപ്പിനാണ് കത്ത് നല്‍കിയത്. മന്ത്രിമാരും വിഐപികളും ഉപയോഗിക്കുന്ന വാഹനങ്ങളെല്ലാം ടൂറിസം വകുപ്പിന്റെതാണ്.

വാഹന ഉടമ എന്ന നിലയില്‍ വാഹനങ്ങളിലെ നിയമവിരുദ്ധ ക്രമീകരണങ്ങള്‍ ഒഴിവാക്കേണ്ട ബാധ്യത ടൂറിസം വകുപ്പിനുണ്ട്. മന്ത്രി വാഹനമാണെങ്കിലും പിഴ അടയ്‌ക്കേണ്ടി വരിക ടൂറിസം വകുപ്പാണ്. ഇക്കാര്യം വ്യക്തമാക്കുന്നതാണ് കത്ത്.

സര്‍ക്കാര്‍ വാഹനങ്ങളിലെ കൂളിങ് പേപ്പറും കര്‍ട്ടനുകളും നീക്കം ചെയ്യാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഓപ്പറേഷന്‍ സ്‌ക്രീന്‍ എന്ന പേരില്‍ പ്രത്യേക പരിശോധന നടത്താന്‍ നിര്‍ദേശിച്ചത്.

തിങ്കളാഴ്ച നിയമസഭാ സമ്മേളനത്തിന് എത്തിയ മന്ത്രിമാരുടെയും എല്‍എല്‍എമാരുടെയും വാഹനങ്ങളില്‍ കൂളിങ് പേപ്പറും കര്‍ട്ടനുകളും ഉണ്ടായിരുന്നു. ഇത് ജനപ്രതിനിധികളും മന്ത്രിമാരും നിയമം ലംഘിക്കുന്നത് ആക്ഷേപത്തിന് ഇടയാക്കി. വകുപ്പ് സെക്രട്ടറിമാരും കലക്ടര്‍മാരും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ വാഹനങ്ങളിലും കര്‍ട്ടനുകളുണ്ട്.

പൊലീസ് വാഹനങ്ങളിലെ കര്‍ട്ടന്‍ നീക്കം ചെയ്യാന്‍ പൊലീസ് മേധാവി കഴിഞ്ഞയാഴ്ച ഉത്തരവിട്ടിരുന്നു. കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം വാഹനങ്ങളുടെ ചില്ലുകളിലെ കാഴ്ച മറയ്ക്കാന്‍ പാടില്ല. സ്റ്റിക്കര്‍, കര്‍ട്ടന്‍ എന്നിവ നിയമവിരുദ്ധമാണ്. 2012-ല്‍ സുപ്രീം കോടതിയാണ് സ്റ്റിക്കര്‍ ഉപയോഗം നിരോധിച്ചത്. 2019-ല്‍ കേരള ഹൈക്കോടതി കര്‍ട്ടന്‍ ഉപയോഗവും തടഞ്ഞു.