Home ആരോഗ്യം വാക്‌സിന്‍ എടുത്താല്‍ എത്രനാള്‍ പരിരക്ഷ?

വാക്‌സിന്‍ എടുത്താല്‍ എത്രനാള്‍ പരിരക്ഷ?

കോവിഡ് വാക്സിനില്‍ ഇപ്പോഴും പരീക്ഷണങ്ങളും നിരീക്ഷണങ്ങളും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. വാക്സിന്റെ ഇടവേളയില്‍ ഇടയ്ക്കിടെ ഉണ്ടാവുന്ന മാറ്റമെല്ലാം ഇതിന്റെ ഭാഗമാണെന്ന് അവര്‍ പറയുന്നു. ഏറ്റവും നല്ല ഫലം നല്‍കുന്നത് ഏത് എന്നതിലേക്ക് എത്താനുള്ള വഴികളാണ് ഈ മാറ്റങ്ങളെല്ലാം.

എന്നാല്‍ വാക്സിന്‍ എടുക്കുന്നതുകൊണ്ട് എത്രനാള്‍ കോവിഡില്‍നിന്നു സംരക്ഷണം ലഭിക്കും ഇതിന് ഇനിയും വ്യക്തമായ ഉത്തരം ആയിട്ടില്ലെന്നതാണ് വസ്തുത. വാക്സിന്‍ എടുത്ത കൂറെപ്പേരെ നിരീക്ഷിച്ചതിലൂടെയേ ഇതിന് കൂടുതല്‍ വ്യക്തമായ ഉത്തരം കണ്ടെത്താനാവൂ എന്ന് ലോകാരോഗ്യ സംഘടനയിലെ വിദഗ്ധര്‍ പറയുന്നു.

ആദ്യ ഡോസ് എടുത്ത് രണ്ടാഴ്ച കൊണ്ട് ശരീരത്തില്‍ കോവിഡിനെതിരെ പ്രതിരോധം രൂപപ്പെടും. എന്നാല്‍ ഇതു ഭാഗികമായ പ്രതിരോധം മാത്രമാണ്. രണ്ടാം ഡോസും എടുത്താലേ പ്രതിരോധം ശക്തിപ്പെടൂ. ഇതും പൂര്‍ണമാണെന്ന് ആരോഗ്യ രംഗത്തുള്ളവര്‍ പറയുന്നില്ല. കോവിഷീല്‍ഡ് വാക്സിന്റെ ഒറ്റ വാക്സിന്‍ കൊണ്ടുതന്നെ മെച്ചപ്പെട്ട പ്രതിരോധം ഉണ്ടാകുന്നുണ്ടോ എന്നു പരിശോധിക്കുകയാണ് ഇന്ത്യ ഇപ്പോള്‍. ഇതിന്റെ വിവരങ്ങള്‍ വിശകലനം ചെയ്ത് വാക്സിന്‍ ഒറ്റ ഡോസ് മതിയോ എന്നതില്‍ തീരുമാനമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ ഇന്ത്യയില്‍ വിതരണത്തിനുള്ള മൂന്നു വാക്സിനുകളും രണ്ടു ഡോസാണ് എടുക്കേണ്ടത്. കോവിഷീല്‍ഡും കോവാക്സിനും എഴുപതു ശതമാനത്തിനു മുകളില്‍ ഫലപ്രാപ്തി അവകാശപ്പെടുമ്പോള്‍ റഷ്യന്‍ നിര്‍മിത സ്പുട്നിക്കിന് തൊണ്ണൂറു ശതമാനത്തിനു മുകളില്‍ ഫലപ്രാപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയില്‍ വിതരണം ചെയ്യുന്ന ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്സിന്‍ ഒറ്റ ഡോസ് മാത്രമാണ് നിര്‍ദേശിക്കുന്നത്.

വാക്സിന്‍ രണ്ടു ഡോസ് എടുത്തതിനു ശേഷവും കോവിഡ് പിടിപെടുന്ന ധാരാളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ വാക്സിനിലൂടെ ശരീരത്തില്‍ ആന്റിബോഡി സൃഷ്ടിക്കപ്പെട്ട ശേഷം വൈറസ് ബാധ ഉണ്ടായാലും രൂക്ഷമാവില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.