Home വാണിജ്യം ക്യുആര്‍ കോഡ് ഉപയോഗിച്ചുള്ള പണമിടപാട് സാധാരണക്കാരിലേക്ക്; പണമിടപാടുകള്‍ എളുപ്പമാക്കുന്നു

ക്യുആര്‍ കോഡ് ഉപയോഗിച്ചുള്ള പണമിടപാട് സാധാരണക്കാരിലേക്ക്; പണമിടപാടുകള്‍ എളുപ്പമാക്കുന്നു

ക്യൂആര്‍ കോഡുപയോഗിച്ചുള്ള പണമിടപാടുകള്‍ അനായസമാണെങ്കിലും എല്ലാവര്‍ക്കും അത് അത്ര എളുപ്പമായ കാര്യമല്ല. ഇപ്പോഴുള്ള ചില പ്രായോഗിക ബുദ്ധിമുട്ടുകളാണ് കാരണം. അതായത് പല സേവനദാതാക്കളുടെ സേവനം ഉപയോഗിക്കണമെങ്കില്‍ ആ ആപ്പുകളെല്ലാം ഡൗണ്‍ലോഡു ചെയ്യേണ്ടി വരുമെന്നതു പോലുള്ള കാര്യങ്ങള്‍ അത്ര പ്രായോഗികമല്ല. എന്നാല്‍ ആ ബുദ്ധിമുട്ടുകള്‍ മാറുകയാണ്.

പണമിടപാടുകള്‍ക്കായുള്ള ക്യൂആര്‍ കോഡുകള്‍ ഇനി മുതല്‍ എല്ലാ സേവന ദാതാക്കള്‍ക്കിടയിലും ഒരു പോലെ ഉപയോഗിക്കാവുന്ന രീതിയിലാകും. ഇപ്പോള്‍ വിവിധ സ്ഥാപനങ്ങളില്‍ ക്യുആര്‍ കോഡ് ഉപയോഗിച്ചു പണം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ അതാതു സ്ഥാപനങ്ങളിലുള്ള സേവന ദാതാവിന്റെ ആപ് ഉപയോഗിക്കേണ്ട സാഹചര്യമാണുള്ളത്.

വിവിധ സേവന ദാതാക്കള്‍ക്കിടയില്‍ ഉപയോഗിക്കാവുന്ന യുപിഐ ക്യൂആര്‍, ഭാരത് ക്യുആര്‍ എന്നിവ മാത്രമാണ് ഇതിന് എതിരായി പ്രവര്‍ത്തിക്കുന്നത്. ഇവ ഒഴികെയുള്ള ക്യുആര്‍ കോഡുകളെല്ലാം മറ്റു സേവനദാതാക്കള്‍ക്കായും ഉപയോഗിക്കാവുന്ന രീതിയില്‍ ഇന്റര്‍ ഓപറേറ്റബില്‍ ക്യുആര്‍ കോഡുകളിലേക്കു മാറും. 2022 മാര്‍ച്ച് 31-ന് മുന്‍പായി ഈ പ്രക്രിയ പൂര്‍ത്തിയാക്കണമെന്നാണ് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം.

മറ്റുള്ള സേവന ദാതാക്കള്‍ക്കു കൂടി ഉപയോഗിക്കാനാവാത്ത പ്രൊപ്രൈറ്ററി ക്യുആര്‍ കോഡുകള്‍ ഒരു സേവന ദാതാവും ഇനി പുറത്തിറക്കരുത് എന്നും റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഭാരത് ക്യൂആര്‍, യുപിഐ ക്യുആര്‍ എന്നിവ ഒഴികെയുള്ള പ്രൊപ്രൈറ്റി ക്യുആര്‍ വിഭാഗത്തില്‍ പെട്ടവ അത് അവതരിപ്പിച്ചിട്ടുള്ള സേവനദാതാവുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ക്കു മാത്രമേ ഉപയോഗിക്കാനാവു.

അതായത് പത്തു കച്ചവട സ്ഥാപനങ്ങളില്‍ പോകുകയും ഫോണ്‍ ഉപയോഗിച്ചു പണം നല്‍കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന ഉപഭോക്താവിന് പത്ത് വ്യത്യസ്ഥ ആപുകള്‍ വരെ ഫോണില്‍ സൂക്ഷിക്കേണ്ട സാഹചര്യം ഇപ്പോഴുണ്ട്. ഈ സഹചര്യമാണ് പുതിയ നീക്കത്തിലൂടെ ഇല്ലാതാവുന്നത്. ചെറിയ ഇടപാടുകള്‍ക്ക് പേപ്പറില്‍ പ്രിന്റു ചെയ്ത ക്യുആര്‍ കോഡുകളും വലിയ ഇടപാടുകള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ അടങ്ങിയ ഡൈനാമിക് ക്യുആര്‍ കോഡുകളും നിര്‍ബന്ധമാക്കുന്നത് അടക്കമുള്ള നടപടികളും ഇതിനു പുറമെ ഉണ്ടാകുമെന്നാണ് സുചന.