Home വാണിജ്യം വെള്ളപ്പൊക്കവും മഴക്കെടുതികളും ഉത്പാദനത്തെ ബാധിച്ചു; തേയിലക്ക് ഇരട്ടിയിലധികം വില

വെള്ളപ്പൊക്കവും മഴക്കെടുതികളും ഉത്പാദനത്തെ ബാധിച്ചു; തേയിലക്ക് ഇരട്ടിയിലധികം വില

അപ്രതീക്ഷിതമായി റെക്കോര്‍ഡ് വിലയിലേക്ക് കുതിച്ച് തേയില വിപണി. ഇരട്ടിയിലധികം വിലവര്‍ധനയാണ് തേയില വിലയില്‍ ഉണ്ടായിരിക്കുന്നത്. കിലോഗ്രാമിന് 84 രൂപ എന്നതില്‍ നിന്ന് 300രൂപ എന്ന റെക്കോര്‍ഡ് നിലവാരത്തിലേയ്ക്ക് വില ഉയരുകയാണ്. ഇപ്പോള്‍ പൊടിത്തേയില വില കിലോഗ്രാമിന് 230-250 രൂപയാണ്. ബ്രാന്‍ഡഡ് തേയിലയുടെ വില 290-300 രൂപയോളമാണ്.

വന്‍ തോതില്‍ തേയില ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങള്‍ നേരിട്ട വെള്ളപ്പൊക്കവും മഴക്കെടുതികളും ഉത്പാദനത്തെ സാരമായി ബാധിച്ചിരുന്നു. ഇതിന് പുറമേ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും ഉത്പാദനത്തില്‍ വലിയ ഇടിവുണ്ടാക്കി. 40 ശതമാനത്തോളം ഉത്പാദനം ഇടിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതാണ് വിലവര്‍ധനയ്ക്ക് പ്രധാന കാരണം.

രാജ്യത്ത് ഉടനീളമുള്ള ലേല കേന്ദ്രങ്ങളില്‍ വില ഉയര്‍ന്നിട്ടുണ്ട്. ഇതുവരെ തേയില ലേലത്തില്‍ ലഭിച്ച കൂടിയ വില കിലോഗ്രാമിന് 230 രൂപയാണ്. ശരാശരി 190 രൂപയാണ് നിലവിലെ വില. ദക്ഷിണേന്ത്യയില്‍ ആദ്യമായാണ് തേയിലയുടെ ലേലത്തുക ഇത്രയധികം ഉയര്‍ന്നത്. ലേലത്തില്‍ വാങ്ങുന്ന തേയില ഉപഭോക്താക്കളിലെത്തുമ്പോള്‍ ശരാശരി 60-70 രൂപയുടെ വര്‍ധനയുണ്ടാകും.

അതേസമയം ഇന്ത്യയുടെ തേയില കയറ്റുമതി ഈ വര്‍ഷം കുറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. കെനിയയില്‍ ഉത്പാദനം വര്‍ധിച്ചതാണ് പ്രധാന കാരണം. 30 ശതമാനത്തില്‍ അധികമാണ് ഉത്പാദനം ഉയര്‍ന്നത്.