Home നാട്ടുവാർത്ത മദ്യപിച്ചവർ ഇനി ഊതിയാൽ പോര !

മദ്യപിച്ചവർ ഇനി ഊതിയാൽ പോര !

ഇനി ചെക്കിംഗ് നടത്തുമ്പോൾ ശ്വാസത്തിൽ മദ്യത്തിന്റെ മണമുണ്ടോ എന്നു നോക്കിയാൽ മാത്രം പോരാ.രക്തത്തിൽ മദ്യത്തിന്റെ അളവ് കണ്ടെത്താനുള്ള പരിശോധനയും അനിവാര്യമാണെന്നു ഹൈക്കോടതി. പൊതുസ്ഥലത്തു പാർക്ക് ചെയ്ത സ്വകാര്യ വാഹനത്തിലിരുന്നു മദ്യപിച്ചാലും പൊതുസ്ഥലത്തു മദ്യപിച്ചെന്ന കേസ് ബാധകമാകുമെന്നും കോടതി വ്യക്തമാക്കി.
ചില മരുന്നുകൾ കഴിച്ചാലും മദ്യത്തിന്റെ പോലെ മണമുണ്ടാകാം. പക്ഷേ, ലാബ് പരിശോധനയിൽ മദ്യത്തിന്റെ അംശം കാണില്ല. കഴിച്ചതു മദ്യമാണെങ്കിൽ രക്തപരിശോധയിൽ തിരിച്ചറിയാം. റോഡരികിൽ പാർക്ക് ചെയ്ത കാറിലിരുന്നു മദ്യപിച്ചതിന്റെ പേരിലുള്ള കേസ് റദ്ദാക്കാൻ കൊല്ലം കുന്നിക്കോട് സ്വദേശികൾ നൽകിയ ഹർജിയാണു ജസ്റ്റിസ് മേരി ജോസഫ് പരിഗണിച്ചത്.
കാർ പൊതുസ്ഥലമല്ലെന്ന വാദം കോടതി അംഗീകരിച്ചില്ല. അതേസമയം, അന്വേഷണ ഉദ്യോഗസ്ഥൻ ലാബ് പരിശോധനയ്ക്കു രക്തസാംപിൾ എടുത്തിരുന്നില്ല. മരുന്നു കഴിച്ചതു കൊണ്ടാണോ മദ്യപിച്ചതുകൊണ്ടാണോ ശ്വാസത്തിൽ മണമുണ്ടാകുന്നതെന്നു സ്ഥാപിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനു ബാധ്യതയുണ്ടെന്നും പരിശോധന നടത്താത്ത സാഹചര്യത്തിൽ കേസ് നടപടി റദ്ദാക്കുകയാണെന്നും കോടതി വ്യക്തമാക്കി. ഇതേസമയം രാത്രിയില്‍ കുടിച്ച് അഞ്ചും ആറും മണിക്കൂര്‍ ഉറങ്ങി ലഹരി ഇറങ്ങിയാലും ആല്‍ക്കോമീറ്റര്‍ വിവരം മണത്തറിയുമെന്നതാണ് വാസ്തവം.
പുലര്‍ച്ചെ നടത്തിവരുന്ന പരിശോധനകളില്‍ മദ്യപിച്ചതിന്റെ പേരിൽ പിടിയിലാകുന്ന ഡ്രൈവര്‍മാര്‍ ധാരാളമാണ്. രണ്ടും മൂന്നും പെഗ് അടിച്ച് ഒന്നുറങ്ങിക്കഴിഞ്ഞാലും പിറ്റേന്നു രാവിലെ പോലീസിന്റെ ആല്‍ക്കോമീറ്റർ മദ്യപിച്ചതായി കണ്ടെത്തും.
രക്തത്തില്‍ മദ്യത്തിന്റെ അംശം പൂര്‍ണമായി ഇല്ലാതാകാന്‍ 24 മണിക്കൂര്‍ എടുക്കും. രാത്രിയില്‍ മൂന്നു പെഗ് കഴിച്ച് കിടന്നാലും രാവിലെ ആല്‍ക്കോമീറ്ററില്‍ പിടിവീഴാമെന്നു പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
100 മില്ലിഗ്രാം രക്തത്തില്‍ 30 മില്ലിഗ്രാം മദ്യമുണ്ടെങ്കില്‍ പിടിവീഴും. 30 മില്ലിഗ്രാമില്‍ താഴെയാണെങ്കില്‍ കേസെടുക്കില്ല.ഒരു കുപ്പി ബിയര്‍ അകത്താക്കിയാല്‍ ആല്‍ക്കോമീറ്ററില്‍ 60 മുതല്‍ 70 മില്ലിഗ്രാം മദ്യത്തിന്റെ അളവ് രേഖപ്പെടുത്തും. ഒരു പെഗ് മദ്യം കഴിച്ചാലും 40 മുതല്‍ 50 മില്ലിഗ്രാം രക്തത്തില്‍ കാണും.
ഒരു പെഗ് കഴിച്ച് നാലോ അഞ്ചോ മണിക്കൂറിനുള്ളില്‍ ഊതിച്ചാലും പിടിയിലാകും.ചില ഹോമിയോ, ആയുര്‍വേദ മരുന്നുകള്‍, ചുമയ്ക്കുള്ള കഫ് സിറപ്പ് എന്നിവ കഴിക്കുന്നവരെയും ആല്‍ക്കോമീറ്റര്‍ കുടുക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.