Home ആരോഗ്യം പനി പടരുന്നു. ജാഗ്രത വേണം.

പനി പടരുന്നു. ജാഗ്രത വേണം.

തലവേദന, ശരീരവേദന, തല ചുറ്റൽ ലക്ഷണങ്ങളോടെയുള്ള വൈറൽ പനിയാണ് ഇപ്പോൾ പടർന്നു പിടിക്കുന്നത്. മൂന്ന് ദിവസംകൊണ്ട് പനിമാറുമെങ്കിലും ഒരാഴ്ചയോളം കടുത്ത ക്ഷീണവും ശരീരവേദനയുമുണ്ടാകും. ജലദോഷം, കഫക്കെട്ട്, ശ്വാസംമുട്ടൽ, ബ്രോങ്കോ ന്യുമോണിയ എന്നിവ ബാധിച്ച് ചികിത്സ തേടുന്നവരും നിരവധിയാണ്. കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് വൈറൽ പനി പടരാൻ കാരണമാകുന്നത്. രോഗം ബാധിച്ച ഒരാളിൽ നിന്ന് വൈറസ് മറ്റൊരാളിലേക്ക് പടര്‍ന്നുപിടിക്കുകയാണ് ചെയ്യുന്നത്. സ്വയം ചികിത്‍സ അപകടം വിളിച്ചുവരുത്തിയേക്കാം. ഡോക്ടറുടെ നിര്‍ദേശമില്ലാതെ അമിതമായി മരുന്നുകള്‍ കഴിക്കുന്നതും വിപരീത ഫലം ഉണ്ടാക്കാന്‍ കാരണമാകും. അതുകൊണ്ടു തന്നെ പൂര്‍ണ വിശ്രമമാണ് ആവശ്യം വേണ്ടത്.
പനി വേഗത്തില്‍ ഭേദമാകുവാനായി ചെയ്യുന്ന പല കുറുക്കു വഴികളും അബദ്ധങ്ങളാകാം.

👉🏻പനി ഒരു രോഗമല്ല, രോഗലക്ഷണമാണ്.
👉🏻പനിയെ ഭയപ്പെടേണ്ട.രോഗിയെ ജാഗ്രതയോടെ പരിചരിക്കണം.
👉🏻പനികൾ പൊതുവെ വൈറൽ പനികളാണ്. അവയ്ക്ക് മിക്കപ്പോഴും പലതരം പരിശോധനകളും നിരവധി ഔഷധങ്ങളും വേണ്ട
👉🏻സാധാരണ വൈറൽ പനികൾ സുഖമാകാൻ മൂന്ന് മുതൽ അഞ്ചു ദിവസം വരെ വേണ്ടി വരാം
👉🏻പനിക്കെതിരെയുളള എല്ലാ മരുന്നുകളും ഡോക്ടറുടെ നിർദേശ പ്രകാരം കഴിക്കുന്നതാണ് നല്ലത്.
👉🏻ആശുപത്രിയിലായാലും വീട്ടിലായാലും ശരീരത്തിന് വേണ്ടത്ര ശ്രദ്ധയും പരിചരണവും നൽകേണ്ടതാണ്.
👉🏻ചൂടുളള പാനീയങ്ങൾ ക്രമമായി നിരന്തരം കുടിയ്ക്കുക. ഉപ്പുചേർത്ത കട്ടിയുളള കഞ്ഞിവെള്ളം, നാരങ്ങാവെളളം, ഇളനീർ എന്നിവ കുടിക്കുന്നത് നല്ലതാണ്.
നന്നായി വേവിച്ച ലഘു ഭക്ഷണം കഴിക്കുക.
👉🏻പനി പൂർണ്ണമായി മാറും വരെ വിശ്രമിക്കുക. രോഗം വേഗം വിട്ടൊഴിയാൻ അതു സഹായിക്കും. ഇത് പനി പകരുന്നത് തടയുകയും ചെയ്യും
👉🏻കുത്തിവെപ്പിന് വേണ്ടിയും ഡ്രിപ്പിനുവേണ്ടിയും ഡോക്ടർമാരെ നിർബന്ധിക്കാതിരിക്കുക.

👉🏻തുമ്മുമ്പോഴും ചീറ്റുമ്പോഴും മൂക്കും വായും പൊത്തുക.

👉🏻സോപ്പും വെളളവും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകുക. വൈറൽ പനികൾ പടർന്നു പിടിക്കുന്നത് തടയാനും ശ്വാസകോശ രോഗങ്ങൾ വീട്ടിലെ മറ്റുളളവരിലേക്ക് പകരാതെ സൂക്ഷിക്കാനും ഈ ശീലം സഹായിക്കും.