വീട്ടമ്മയില്‍ നിന്നും ബിസിനസ്സുക്കാരിയിലേക്കുള്ള ദൂരം… ലക്ഷങ്ങള്‍ വരുമാനമുണ്ട് കണ്‍മഷിയും സോപ്പും കാച്ചെണ്ണയും ഉണ്ടാക്കുന്ന അന്‍സിയ്ക്ക്

    പത്തൊമ്പതാം വയസ്സില്‍ കുടുംബ ജീവിതത്തിലേക്ക് അന്‍സിയ പ്രവേശിക്കുമ്പോള്‍ ചുറ്റുമുള്ള ലോകത്തെ കുറിച്ചോ ജീവിതങ്ങളെ കുറിച്ചോ ഒന്നും അറിവില്ലായിരുന്നു. അധികം താമസിയാതെ ഒരു കുഞ്ഞ് കൂടി കടന്ന് വന്നതോടെ അവള്‍ വീട്ടമ്മയായി. കുഞ്ഞിന്റെ കാര്യങ്ങളും വീട്ടുകാര്യങ്ങളും നോക്കി കുറച്ചുനാള്‍. എന്നാല്‍ സ്വസ്ഥം ഗ്രഹഭരണം എന്തോ അന്‍സിയ്ക്ക് സാധിച്ചിരുന്നില്ല… ഭര്‍ത്താവിനെ ആശ്രയിക്കുന്നതല്ലായിരുന്നു അന്‍സിയയുടെ പ്രശ്‌നം പകരം തനിക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്നതായിരുന്നു ആലോചന മുഴുവന്‍.

    അധികം നാളുകള്‍ കഴിയാതെ തന്നെ അന്‍സിയ സ്വന്തം വഴി തിരഞ്ഞെടുത്തു. ഉന്നത വിദ്യാഭ്യാസത്തിന്റെ സാധ്യതകള്‍ തേടി ആര്‍ക്കും കീഴില്‍ ജോലി ചെയാന്‍ അല്ലായിരുന്നു തീരുമാനം, പകരം സ്വന്തമായി തുടങ്ങുന്ന ബിസിനസ്സില്‍ മേലധികാരിയുടെയും ജീവനക്കാരിയുടെയും റോള്‍ സ്വയം ഏറ്റെടുത്തു. ചെറിയ പ്രായം മുതല്‍ കാത്തു സൂക്ഷിച്ചിരുന്ന സൗന്ദര്യ ബോധമാണ് മുതല്‍ കൂട്ടായത്. ഉമ്മ ഉണ്ടാക്കി തരുന്ന കാച്ചെണ്ണയെ കുറിച്ചുള്ള പോസറ്റ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു കൊണ്ടായിരുന്നു തുടക്കം. ഉമ്മയില്‍ നിന്നും തുടങ്ങിയ ആ കൂട്ടിന് ഉമ്മീസ് കാച്ചെണ്ണ എന്നും പേരിട്ടു.

    കാച്ചണ്ണെയുടെ പോസ്റ്റ് വൈറലായതോടെ ആവശ്യക്കാരുടെ മെസേജുകള്‍ കൊണ്ട് ഇന്‍ബോക്‌സ് നിറഞ്ഞു. ഗ്രാഫിക് ഡിസൈനറായ റംഷീദും മകള്‍ ലൈബയും എന്തിനും ഏതിനും കൂട്ടായി വന്നതോടെ വില്‍പ്പന പൊടിപൊടിച്ചു. നാളുകള്‍ കഴിയുംതോറും മറ്റു പല കോസ്മറ്റികള്‍ക്കും ആവശ്യക്കാര്‍ വന്നു തുടങ്ങി. കെമിക്കല്‍ ഇല്ലാത്ത പ്രൊഡക്ടുകള്‍ ആയിരുന്നു എല്ലാവര്‍ക്കും ആവശ്യം. എന്നാല്‍ പുതിയ പ്രൊഡക്ടുകള്‍ നിര്‍മ്മിക്കുന്നത് അത്ര എളുപ്പത്തില്‍ കഴിയില്ലല്ലോ.. പിന്നീട് പഠനത്തിന്റെ നാളുകളായിരുന്നു. ഓണ്‍ലൈന്‍ പഠനത്തിലൂടെ സര്‍ട്ടിഫിക്കേറ്റ് കോഴ്‌സുകള്‍ ചെയ്തു. അറിവുകള്‍ നേടാനായി നിരന്തരം വായിച്ചും അന്വേഷിച്ചും കൊണ്ടിരുന്നു.

    വിപണി മുന്നില്‍ കണ്ടല്ലായിരുന്നു വില്‍പ്പന ആരംഭിച്ചത്. നിങ്ങള്‍ക്ക് തരാന്‍ കഴിയുന്നത് തന്നാല്‍ മതിയെന്ന് പറയുന്ന ഏത് കച്ചടവടക്കാരിയെയാണ് നിങ്ങള്‍ കണ്ടിട്ടുള്ളത്. അത് തന്നെയാണ് ഇന്ന് അന്‍സിയയെ ഉയരങ്ങളിലേക്ക് എത്തിച്ചതും. മാര്‍ക്കറ്റോ പണമോ ആയിരുന്നില്ല ലക്ഷ്യം, മായം ചേര്‍ക്കാത്ത ഉത്പനങ്ങള്‍ എല്ലാവരിലേക്കും എത്തുക എന്നായിരുന്നു ലക്ഷ്യമെന്ന് അന്‍സിയ പറയുന്നു. ഉത്പനങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങിയതോടെ ആരംഭിച്ച യൂട്യൂബ് ചാനലും ക്ലിക്ക് ആയി. എല്ലാത്തരം പ്രൊഡക്ടുകളും ഉണ്ടാക്കുന്ന വീഡിയോ പോസ്റ്റ് ചെയ്യാന്‍ പോലും അന്‍സിയയ്ക്ക് മടിയുണ്ടായിരുന്നില്ല. തന്റെ ട്രേഡ് സീക്രട്ടുകള്‍ എല്ലാവര്‍ക്കു മുന്നിലും ഈ കൊച്ചുമിടുക്കി തുറന്ന് വെച്ചിരുന്നു. എന്നിട്ടും ആവശ്യക്കാര്‍ എത്തിയത് അന്‍സിയയുടെ പ്രൊഡക്ടുകളെ തേടിയാണ്.

    മുപ്പത്തോളം പ്രൊഡക്ടുകളാണ് ഇന്ന് വിപണിയില്‍ എത്തിക്കുന്നത്. അതില്‍ നമ്പര്‍ വണ്‍ സെയില്‍ വീട്ടിലുണ്ടാകുന്ന കണ്‍മഷിയ്ക്കാണ്. ദിവസത്തില്‍ 500 കണ്‍മഷികളില്‍ വരെ വിറ്റു പോയ ദിവസമുണ്ടായിട്ടുണ്ട്. ‘പുതിയ പ്രൊഡക്ടുകള്‍ മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനായി സാധാരണ വരുന്ന ചിലവുകള്‍ ഒന്നും തന്നെ വന്നിട്ടില്ല. ഭര്‍ത്താവാണ് പോസറ്റര്‍ ഡിസൈന്‍ ചെയ്യുന്നതും ഫോട്ടോ എടുത്ത് തരുന്നതും. ഞാന്‍ തന്നെയാണ് എന്റെ പ്രൊഡക്ടുകളുടെ മോഡല്‍. മാര്‍ക്കറ്റിംങ് രംഗത്തെ എല്ലാ കാര്യങ്ങളും ചെയ്തു തന്നത് റംഷീദ് ആണ് ഇതു തന്നെയാണ് ബിസിനസ്സിന്റെ വിജയ രഹസ്യമെന്നും അന്‍സി പറയുന്നു.’ പ്രൊഡക്ടുകള്‍ ഉണ്ടാകുന്നതിന് ആവശ്യമായ ഒട്ടുമിക്ക വസ്തുക്കളും കെമിക്കല്‍ ഇല്ലാത്തവയാണ്. അന്‍സിയയുടെ ഉമ്മയുടെ ഔഷധച്ചെടി തോട്ടത്തില്‍ നിന്നാണ് എല്ലാം ശേഖരിക്കുന്നത്. ഉണ്ടാകുന്നത് മുതല്‍ പാക്കിങ്, കൊറിയര്‍ എന്നിവ വരെ അന്‍സിയ ഒറ്റയ്ക്ക് ചെയ്യുമ്പോള്‍ മറ്റു ചിലവുകള്‍ വരുന്നില്ല. ഈ അധ്വാനത്തിന്റെ ഫലം തന്നെയാണ് ഈ ഇരുപ്പത്തി മൂന്നൂക്കാരി സമ്പാദിക്കുന്ന ലക്ഷങ്ങള്‍.

    ഇനി മുന്നോട്ടുള്ള നാളുകള്‍ ഉമ്മീസ് ബ്രാന്‍ഡിന് കീഴില്‍ അറിയപ്പെടണമെന്നും വീടിന്റെ തനിമ മാറാത്ത പ്രൊഡക്ടുകള്‍ ഉണ്ടാക്കണമെന്നുമാണ് അന്‍സിയയുടെ ആഗ്രഹം.