സ്വന്തം ജീവന്‍ കൊടുത്ത് അപകടത്തിന്റെ വ്യാപ്തി കുറച്ചത് പൈലറ്റ് സഠോയുടെ മികവ്

    കരിപ്പൂരില്‍ ഉണ്ടായ വിമാന അപകടത്തിന്റെ വ്യാപ്തി കുറച്ചത് പൈലറ്റ് സഠോയുടെ മികവാണെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുണ്ടായിരുന്നത് കൊണ്ട് വളരെ ശ്രമകരമായി നടത്തിയ ലാന്റിനിങ്ങിനിടെയാണ് അപകടം സംഭവിച്ചത്.

    ഇന്ത്യന്‍ എയര്‍ ഫോഴ്‌സിലെ മികച്ച പൈലറ്റിനുള്ള അവാര്‍ഡ് കരസ്ഥമാക്കി സാഠോ വിരമിച്ചതിന് ശേഷമാണ് എയര്‍ ഇന്ത്യയിലേക്ക് എത്തുന്നത്. ഒപ്റ്റിക്കല്‍ ഇല്ല്യൂഷന്‍ എന്ന പ്രശ്‌നമാണ് റണ്‍വേയ്യില്‍ ഇറങ്ങുന്ന സമയത്ത് പൈലറ്റ് നേരിട്ടുണ്ടായിരിക്കുക. ടേബിള്‍ ടോപ് റണ്‍വേയ്യില്‍ വിമാനം ലാന്റ് ചെയ്യുന്നത് എപ്പോഴും ശ്രമകരമായ കാര്യമാണ്. രണ്ട് മലകള്‍ മുറിച്ച് മാറ്റി ഇതിനിടയില്‍ മണ്ണ് നിറച്ചാണ് റണ്‍വേ നിര്‍മ്മിക്കുന്നത്. ഇവിടേക്ക് ലാന്റ് ചെയ്യുമ്പോള്‍ പൈലറ്റിന്റെ വിഷ്വല്‍ കണ്‍ട്രോള്‍ തന്നെയാണ് പ്രധാനപ്പെട്ടത്.

    ടേബിള്‍ ടോപ്പ് റണ്‍വേയ്യുടെ നീളം വളരെ കുറവായിരിക്കും. ആദ്യ തവണ വിമാനം താഴേക്ക് ഇറക്കുന്നതിന് ശ്രമിച്ചിരുന്നു, ഗോ റൗണ്ട് എന്ന ടെക്‌നിക് ഉപയോഗിച്ച് പൈലറ്റ് വീണ്ടും പറന്നു. തിരിച്ച് വീണ്ടും ലാന്റ് ചെയ്യാന്‍ വേണ്ടി ശ്രമിച്ചപ്പോള്‍ വിമാനത്തിന്റെ ടയറുകള്‍ ലോക്ക് ആയി പോകുകയും റണ്‍വേയ്യില്‍ നിന്നും തെന്നി മാറുകയുമാകാം ചെയ്തത് എന്നാണ് വിദഗ്ദരുടെ അഭിപ്രായം.

    നിലവില്‍ രണ്ട് പൈലറ്റ് ഉള്‍പ്പടെ 16 പേരാണ് മരിച്ചത്. 123 പേര്‍ക്ക് പരിക്കേറ്റു. 190 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. കൃത്യതയോട് കൂടിയ ഇടപെടൽ ഇല്ലായിരുന്നുവെങ്കില്‍ വിമാനത്തിലെ മുഴുവന്‍ ആളുകള്‍ക്കും അപകടം സംഭവിക്കുമായിരുന്നു.