Home വാണിജ്യം പ്രൈവസി പോളിസിയില്‍ പണി കിട്ടി വാട്‌സ്ആപ്; സിഗ്നലും ടെലഗ്രാമും തേടിയെത്തിയത് 40 ലക്ഷത്തിലധികം ഉപഭോക്താക്കള്‍

പ്രൈവസി പോളിസിയില്‍ പണി കിട്ടി വാട്‌സ്ആപ്; സിഗ്നലും ടെലഗ്രാമും തേടിയെത്തിയത് 40 ലക്ഷത്തിലധികം ഉപഭോക്താക്കള്‍

പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ് ആയ വാട്‌സ്ആപ് തങ്ങളുടെ പ്രൈവസി പോളിസി പുതുക്കിയതിന് ശേഷം ആപ്ലിക്കേഷനില്‍ നിന്നും ആളുകളുടെ വന്‍ കൊഴിഞ്ഞുപോക്കാണ്. ലക്ഷകണക്കിന് ആളുകള്‍ ഇതിനോടകം മറ്റ് മെസേജിങ് ആപ്പുകളിലേക്ക് തിരിഞ്ഞിട്ടുണ്ട്. വാട്സ്ആപ്പ് ഡൗണ്‍ലോഡുകളില്‍ 35ശതമാനത്തോളം ഇടിവുണ്ടായതും പുതിയ നയങ്ങളുടെ പ്രതിഫലമാണെന്ന് വേണം കണക്കാക്കാന്‍.

ഇപ്പോള്‍ വാട്സ്ആപ്പിന്റെ എതിരാളികളായ ടെലഗ്രാം, സിഗ്‌നല്‍ എന്നീ മെസേജിങ് ആപ്പുകളുടെ ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവാണ് ഉണ്ടാകുന്നത്. ഈ മാസം ആറാം തിയതിക്ക് ശേഷം നാല് ദിവസത്തിനുള്ളില്‍ മാത്രം 27ലക്ഷത്തിലധികം ആളുകളാണ് സിഗ്‌നല്‍ ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്. 16ലക്ഷത്തിലേറെപ്പേര്‍ ടെലഗ്രാം ഫോണില്‍ ഉള്‍പ്പെടുത്തിക്കഴിഞ്ഞു.

ഒരേസമയം ആയിരക്കണക്കിന് ആളുകള്‍ സിഗ്‌നലിലേക്കെത്തിയത് സെര്‍വറില്‍ ഓവര്‍ലോഡ് ഉണ്ടാക്കിയ സംഭവം പോലുമുണ്ടായി. വേരിഫിക്കേഷന്‍ കോഡുകള്‍ ലഭിക്കാന്‍ വൈകുന്നത് കൂടുതല്‍ ആളുകള്‍ പ്ലാറ്റ്ഫോമില്‍ നിറയുന്നതുകൊണ്ടാണെന്ന വിശദീകരണവുമായി സിഗ്‌നല്‍ അധികൃതര്‍ രംഗത്തെത്തി.

ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന ആപ്പുകളില്‍ ആദ്യ പദവിയടക്കം സിഗ്‌നലിന് കൈയടക്കാന്‍ സാധിച്ചു എന്നതാണ് അല്‍ഭുതം. ജര്‍മനി, ഫ്രാന്‍സ്, ഓസ്ട്രിയ, ഫിന്‍ലാന്‍ഡ്, ഹോങ് കോങ്, സ്വിറ്റ്സര്‍ലാന്‍ഡ് എന്നിവിടങ്ങളിലാണ് സിഗ്‌നലിന്റെ പ്രചാരം ഉയര്‍ന്നത്.

വാട്സ്ആപ്പ് വരിക്കാരുടെ ഫോണ്‍ നമ്പര്‍, സ്ഥലം, മൊബൈല്‍ നെറ്റ്വര്‍ക്, ഏതൊക്കെത്തരം വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ അംഗമാണ്, ഏതൊക്കെ ബിസിനസ് അക്കൗണ്ടുകളുമായി ആശയവിനിമയം നടത്തുന്നു, ഏതൊക്കെ വെബ്സൈറ്റുകള്‍ വാട്സ്ആപ്പ് വഴി ഉപയോഗിക്കുന്നു എന്നിങ്ങനെയുള്ള വിവരങ്ങള്‍ ഫെയ്സ്ബുക്കുമായും ഇന്‍സ്റ്റഗ്രാം പോലെയുള്ള ഗ്രൂപ്പ് കമ്പനികളുമായും മറ്റ് ഇന്റര്‍നെറ്റ് കമ്പനികളുമായും പങ്കുവയ്ക്കുമെന്നായിരുന്നു പുതിയ നയത്തില്‍ പറഞ്ഞിരുന്നത്.

എന്നാല്‍, പിന്നീട് നിലവിലെ മാറ്റങ്ങള്‍ വ്യക്തിയുടെ സ്വകാര്യ ചാറ്റുകളെ ഒരുവിധത്തിലും ബാധിക്കില്ലെന്ന ഉറപ്പുമായി വാട്സ്ആപ്പ് രംഗത്തെത്തിയെങ്കിലും ഇനിയും പ്രൈവസി പോളിസി അംഗീകരിക്കാത്ത ഉപഭോക്താക്കള്‍ ഏറെയാണ്.