Home കൃഷി ഉറവിടം അറിയാത്ത വിത്ത് പാക്കറ്റുകള്‍ എത്തുന്നു: കര്‍ഷകര്‍ ശ്രദ്ധിക്കുക

ഉറവിടം അറിയാത്ത വിത്ത് പാക്കറ്റുകള്‍ എത്തുന്നു: കര്‍ഷകര്‍ ശ്രദ്ധിക്കുക

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അമേരിക്ക, യൂറോപ് രാജ്യങ്ങളിലേക്ക് ഉറവിടം അറിയാത്ത വിത്ത് പാക്കറ്റുകള്‍ അജ്ഞാതരില്‍ നിന്നും പാഴ്‌സല്‍ വഴി എത്തുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. ചൈനയില്‍ നിന്നുമാണ് കൊറിയര്‍ എത്തുന്നത്. കമ്മലുകള്‍ എന്ന പേരില്‍ എത്തുന്ന വിത്ത് പാക്കറ്റുകള്‍ കര്‍ഷകരെ ലക്ഷ്യം വെച്ചു കൊണ്ടാണ് എത്തുന്നത്. എന്നാല്‍ ആരാണ് വിത്ത് അയക്കുന്നത് എന്ന വിവരം ലഭ്യമല്ല. ഇത്തരം വിത്ത് പാക്കറ്റുകളുടെ പുറകിലെ ലക്ഷ്യം എന്താണെന്ന് കണ്ടെത്താന്‍ കഴിയാത്ത ആശങ്കയിലാണ് കേന്ദ്ര കൃഷി വകുപ്പ്.

ഇത്തരം വിത്ത് പാക്കറ്റുകള്‍ ഇന്ത്യയിലേക്കും എത്തുമോ എന്ന ഭയവും കൃഷി വകുപ്പിനുണ്ട്. വിത്ത് പാക്കറ്റുകള്‍ മുളപ്പിച്ചാല്‍ പടര്‍ന്ന് പിടിച്ച് മറ്റു വിളകളെ നശിപ്പിക്കാനും പ്രദേശത്തെ ജൈവ വൈവിധ്യത്തെ നശിപ്പിക്കാനും സാധ്യതയുണ്ടെന്നാണ് പറയപ്പെടുന്നത്. മാത്രമല്ല ഇത് ഏതെങ്കിലും സസ്യ രോഗങ്ങളുടെ വാഹകരും ആകാമെന്നും പറയുന്നു. അജ്ഞാത വിത്ത് പാക്കറ്റുകള്‍ ലഭിച്ചാല്‍ ഇത് മുളപ്പിക്കരുതെന്നും അറിയാത്ത വിത്ത് ഓര്‍ഡര്‍ ചെയ്യരുതെന്നും എഫ് എസ് ഐ ഐ ഡയറക്ടര്‍ ജനറല്‍ ആവശ്യപ്പെട്ടു.

ഇതിനെ സംബന്ധിച്ച് സംസ്ഥാന ഗവണ്‍മെൻറുകള്‍ക്കും കാര്‍ഷിക സര്‍വ്വകലാശാലകള്‍ക്കും അസോസിയോഷനും ഏജന്‍സികള്‍ക്കും കേന്ദ്രം അറിയിപ്പ് നല്‍കി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആന്ധ്രാക്‌സ് പരത്തുന്ന വൈറസുകളെ കത്തുകള്‍ വഴി അജ്ഞാത കേന്ദ്രത്തില്‍ നിന്നും അയക്കുന്നു എന്ന വാര്‍ത്തയെയാണ് കേന്ദ്രം ഈ സംഭവിത്തിനോട് ഉപമിക്കുന്നത്. ശത്രു രാജ്യത്തിന്റെ കാര്‍ഷിക സമ്പത്തിനെ നശിപ്പിക്കാന്‍ ലക്ഷ്യം വെച്ചു കൊണ്ടാണ് ഇത്തരത്തിലുള്ള പ്രവൃത്തികള്‍ എന്നും കേന്ദ്രം പറയുന്നു. കര്‍ഷകര്‍ കൂടുതല്‍ ജാഗരൂകരായിരിക്കണം ഇക്കാര്യത്തില്‍.