Home കൃഷി പച്ചില വളങ്ങള്‍ മണ്ണിനെ പൊന്നാക്കും

പച്ചില വളങ്ങള്‍ മണ്ണിനെ പൊന്നാക്കും

കര്‍ഷകര്‍ക്ക് ഉപയോഗിക്കാന്‍ ഏറ്റവും എളുപ്പം രാസവളങ്ങള്‍ തന്നെയാണ്. എന്നാലിവ മണ്ണിന്റെ സ്വാഭാവിക ഗുണത്തെ നാള്‍ക്കുനാള്‍ ഇല്ലാതാക്കും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പച്ചില വളങ്ങള്‍ മാത്രം ഉപയോഗിച്ചിരുന്ന കര്‍ഷകര്‍ക്ക് പൊന്ന് വിളയിക്കാന്‍ കഴിഞ്ഞിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല. ഇപ്പോഴിതാ പച്ചില വളങ്ങളുടെ ആവശ്യകത നമ്മുടെ മണ്ണിന് ഏറി വരുകയാണ്.

പ്രളയ കെടുതിയില്‍ പ്രദേശത്തെ മേല്‍മണ്ണ് മുഴുവന്‍ ഒഴുകി പോകുകയും മണ്ണിന്റെ ജൈവ ഗുണം നഷ്ടപ്പെടുകയുമാണ് സംഭവിക്കുന്നത്. ഇതിനെ മറി കടക്കാന്‍ എത്രമാത്രം രാസവളം പ്രയോഗിച്ചാലും മണ്ണിന്റെ സ്വാഭാവിക ഗുണത്തെ തിരികെ കൊണ്ടു വരാന്‍ സാധിക്കില്ല. അതിനാല്‍ തന്നെ കുറച്ച് പച്ചില വളങ്ങളെ പരിചയപ്പെടാം. ഇവ മേല്‍ മണ്ണിന്റെ ഫലപുഷ്ടി വര്‍ദ്ധിപ്പിക്കാനും ഘടന മെച്ചപ്പെടുത്താനും മണ്ണൊലിപ്പ് തടയാനും ജലത്തിന്റെ ആഗിരണ ശേഷിയും ഈര്‍പ്പവും വര്‍ധിപ്പിക്കാനും സഹായിക്കുന്നു.

ചണമ്പ്

ചണമ്പ് അഥവാ സണ്‍ഹെമ്പ് എന്നാണ് അറിയപ്പെടുന്നത്. വളരെ വേഗത്തില്‍ വളരാന്‍ കഴിയുന്ന ചെടിയാണിത്. തെങ്ങിന്‍ തോട്ടങ്ങളിലും വാഴത്തോട്ടങ്ങളിലും വളര്‍ത്താന്‍ അനുയോജ്യമാണ്.

ഡെയിഞ്ച

തെങ്ങിനും നെല്ലിനും വാഴയ്ക്കും അനുയോജ്യമായ പച്ചിലവളമാണ്. നട്ട് എട്ടാഴ്ചയ്ക്കകം മണ്ണില്‍ ചേര്‍ക്കാം.

കൊഴിഞ്ഞില്‍

സാവധാനം മുളയ്ക്കുന്ന ചെടിയാണിത്. നടുന്നതിന് മുന്‍പ് 55 ഡിഗ്രി ചൂടുള്ള വെള്ളത്തില്‍ മുക്കി വെയ്ച്ചാലെ ഇത് മുളക്കുകയുള്ളൂ. ഒരിക്കല്‍ കൃഷി ചെയ്താല്‍ പിന്നീട് താനെ മുളച്ച് വരും.

ശീമക്കൊന്ന


വേലിയില്‍ താനെ വളരുന്ന ചെടിയാണ് ശീമക്കൊന്ന. മണ്ണിലെ നൈട്രജന്റെ അളവ് വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കുന്നു. കമ്പ് മുറിച്ച് നട്ടോ വിത്ത് മുളപ്പിച്ചോ ഇത് വളര്‍ത്താം. കന്നുകാലികള്‍ക്കും ഇത് നല്‍കാം. എല്ലാത്തരം പച്ചക്കറികള്‍ക്കും ഇട്ട് കൊടുക്കാവുന്ന ഒന്നാണിത്.