Home ആരോഗ്യം ഉപ്പ് എപ്പോള്‍ ചേര്‍ക്കണം?; ബിപിയുള്ളവര്‍ അറിയാന്‍ ചില ടിപ്‌സ്

ഉപ്പ് എപ്പോള്‍ ചേര്‍ക്കണം?; ബിപിയുള്ളവര്‍ അറിയാന്‍ ചില ടിപ്‌സ്

ക്തസമ്മര്‍ദ്ദമുള്ളവര്‍ ജീവിതരീതിയില്‍ ശ്രദ്ധ ചെലുത്തേണ്ട ആവശ്യകത ഏറെ പ്രധാനമാണ്. രക്തസമ്മര്‍ദ്ദം നിയന്ത്രണത്തിലാക്കാന്‍ ഇവര്‍ എപ്പോഴും കരുതലെടുക്കണം. അല്ലാത്ത പക്ഷം അത് ഹൃദയാഘാതം പോലുള്ള ഗുരുത പ്രശ്നങ്ങളിലേക്ക് നയിക്കാം. ഇത് ജീവന്‍ തന്നെ നഷ്ടപ്പെടുന്ന അവസ്ഥയിലേക്കാണ് നമ്മളെ കൊണ്ട് പോവുക.

ജീവിതരീതികള്‍ ആരോഗ്യകരമായ രീതിയില്‍ ചിട്ടപ്പെടുത്തുക, പ്രത്യേകിച്ച് ഡയറ്റ് ക്രമീകരിക്കുക എന്നതിലൂടെയാണ് വലിയൊരു പരിധി വരെ ബിപി (രക്തസമ്മര്‍ദ്ദം) നിയന്ത്രിക്കാനാവുക. ബിപി നിയന്ത്രിക്കുന്നതിലൂടെ ഹൃദയാരോഗ്യം ഉറപ്പിക്കാനും നമുക്ക് സാധിക്കും. ഇത്തരത്തില്‍ ബിപി നിയന്ത്രണത്തിലാക്കാനും ഹൃദയത്തെ സുരക്ഷിതമാക്കാനും സഹായിക്കുന്ന ചില എളുപ്പവഴികള്‍ അറിയാം.

ഡയറ്റുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കാനുള്ള കാര്യങ്ങളാണ് ഒന്നാമത്തെ ടിപ്സ്. ദിവസവും അല്‍പം നിലക്കടല (അമിതമാകരുത്) കഴിക്കുക. ഇതിലടങ്ങിയിരിക്കുന്ന മഗ്‌നീഷ്യം അടക്കമുള്ള ഘടകങ്ങള്‍ ബിപി നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. അതുപോലെ പതിവായി തേങ്ങയും ഭക്ഷണങ്ങളില്‍ ചേര്‍ക്കുക.

അതാത് സീസണുകളില്‍ ലഭിക്കുന്ന പഴങ്ങള്‍- അത് നേന്ത്രപ്പഴമോ, മാമ്പഴമോ, സപ്പോട്ടയോ, ചക്കയോ എന്തുമാകട്ടെ അത് ദിവസവും അല്‍പം കഴിക്കുക. ഇത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. കാര്‍ബോഹൈഡ്രേറ്റ് ഒഴിവാക്കാനായി നെയ്യിന്റെ ഉപയോഗം കുറയ്ക്കുന്നവരാണ് അധികപേരും. എന്നാല്‍ അല്‍പം നെയ് പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. ഇതിനായി വീട്ടില്‍ തന്നെ തയ്യാറാക്കുന്ന നെയ് തെരഞ്ഞെടുക്കുക.

ബിപിയുള്ളവര്‍ ഉപ്പിന്റെ ഉപയോഗം പരിമിതപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഒപ്പം തന്നെ മറ്റൊരു കാര്യം കൂടി പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷണം പാകം ചെയ്ത ശേഷം ഉപ്പ് ചേര്‍ക്കുന്നതാണ് പതിവെങ്കില്‍ ഇതൊന്ന് മാറ്റിപ്പിടിക്കാം. ഭക്ഷണം വേവിക്കാന്‍ വെക്കുന്നതോടെ തന്നെ ഉപ്പ് ചേര്‍ക്കാം. ഭക്ഷണങ്ങളില്‍ ഉപ്പ് നേരിട്ട് ചേര്‍ക്കുന്നതിനെക്കാള്‍ ആരോഗ്യകരം നേരത്തേ ചേര്‍ത്ത് വേവിക്കുന്നതാണെന്നാണ് ന്യൂട്രഷ്യനിസ്റ്റും സോഷഅയല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായി ജിനല്‍ ഷാ പറയുന്നത്. മിക്കവരും ശ്രദ്ധക്കാത്തൊരു സംഗതി കൂടിയാണിത്.

രണ്ടാമതായി പങ്കുവയ്ക്കാനുള്ള ടിപ് വ്യായാമമാണ്. ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും ബിപി നിയന്ത്രിക്കാനുമെല്ലാം വ്യായാമം പതിവാക്കണം. ആഴ്ചയില്‍ 150 മിനുറ്റെങ്കിലും വ്യായാമത്തിനായി മാറ്റിവയ്ക്കേണ്ടതുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ അറിയിക്കുന്നത്.

ഡയറ്റിനും വ്യായാമത്തിനുമൊപ്പം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ഉറക്കം. ആഴത്തിലുള്ള ദീര്‍ഘമായ ഉറക്കം ആരോഗ്യത്തെ നല്ലരീതിയില്‍ സ്വാധീനിക്കുന്നു. മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഗാഡ്ഗെറ്റുകളുടെ ഉപയോഗം പരിമിതപ്പെടുത്തി ഉറക്കം ചിട്ടപ്പെടുത്തേണ്ടത് ഹൃദയാരോഗ്യത്തിനും ആകെ ആരോഗ്യത്തിനുമെല്ലാം അവശ്യമാണ്.