Home ആരോഗ്യം ചെറുപ്പക്കാരെ തേടിയെത്തുന്ന കാര്‍ഡിയാക് അറസ്റ്റ്; സൂചനകള്‍ അറിയാം

ചെറുപ്പക്കാരെ തേടിയെത്തുന്ന കാര്‍ഡിയാക് അറസ്റ്റ്; സൂചനകള്‍ അറിയാം

ത് പ്രായത്തിലുള്ളവര്‍ക്കും സംഭവിക്കാവുന്നതാണ് കാര്‍ഡിയാക് അറസ്റ്റ് എന്ന് അടുത്തിടെ ചുറ്റും നടക്കുന്ന മരണങ്ങളെ മുന്‍നിര്‍ത്തി വിലയിരുത്താം. പ്രായമോ ജോലിയോ അപ്പോള്‍ തുടരുന്ന ഇടമോ ഒന്നും ഇതിനെ ബാധിക്കുന്നില്ല എന്ന് വേണം കരുതാന്‍. കാര്‍ഡിയാക് അറസ്റ്റുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് ഒരുപക്ഷേ സ്വന്തം ജീവന്‍ സുരക്ഷിതമാക്കാനും പ്രിയപ്പെട്ടവരെ രക്ഷപ്പെടുത്താനുമെല്ലാം സഹായിക്കും.

കാര്‍ഡിയാക് അറസ്റ്റ് എന്നത് ഹൃദയവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങളില്‍ ഏറ്റവും സാധാരണമായ ഒന്നാണ്. എന്നാല്‍ അതത്ര നിസാരമായി കാണേണ്ട സംഭവവുമല്ല. സമയത്തിന് സഹായം ലഭിച്ചില്ലെങ്കില്‍ മരണം തന്നെയാണ് ഇതിന്റെ ഫലം.

ഹൃദയമിടിപ്പ് പെട്ടെന്ന് നിലച്ചുപോകുന്ന അവസ്ഥയാണ് കാര്‍ഡിയാക് അറസ്റ്റില്‍ സംഭവിക്കുന്നത്. ആദ്യം ഹൃദയമിടിപ്പിന്റെ താളഗതി മാറുന്നു. പിന്നീട് ഇത് നിലയ്ക്കുകയും ചെയ്യും. കാര്‍ഡിയാക് അറസ്റ്റിന് മുമ്പായും ചില സൂചനകള്‍ രോഗി കാണിച്ചേക്കാം.

കാര്‍ഡിയാക് അറസ്റ്റും ഹാര്‍ട്ട് അറ്റാക്കും രണ്ടാണ്. കാര്‍ഡിയാക് അറസ്റ്റില്‍ ഹൃദയമിടിപ്പ് വളരെ പതിയെയോ വളരെ വേഗത്തിലോ ആകാം. തുടര്‍ന്ന് ഹൃദയം രക്തം പമ്പ് ചെയ്യുന്നത് നിര്‍ത്തുന്നു. ഹാര്‍ട്ട് അറ്റാക്കിനെക്കാള്‍ വലിയ എമര്‍ജന്‍സി അഥവാ ഗുരുതരമാണ് കാര്‍ഡിയാക് അറസ്റ്റ്. ഹാര്‍ട്ട് അറ്റാക്കിലാകുമ്പോള്‍ രക്തയോട്ടം കുറയുന്ന സാഹചര്യമാണ് ഉണ്ടാകുന്നത്.

തുടര്‍ച്ചയായി ബോധം കെട്ടുവീഴുന്ന സംഭവങ്ങള്‍, അതുപോലെ തുടര്‍ച്ചയായ നെഞ്ചുവേദന എന്നിവയാണ് കാര്‍ഡിയാക് അറസ്റ്റിന് മുന്നോടിയായി രോഗിയില്‍ കാണുന്ന രണ്ട് പ്രധാന സൂചനകള്‍. ഒരു രോഗി, അല്ലെങ്കിലൊരു വ്യക്തി പെട്ടെന്ന് ബോധം നിലച്ച് വീഴുന്നുവെങ്കില്‍ അത് ഹൃദയമിടിപ്പുമായി ബന്ധപ്പെട്ട പ്രശ്നമാകാനുള്ള സാധ്യത കൂടുതലാണ്. ഒന്നുകില്‍ ഹൃദയമിടിപ്പ് കൂടുകയോ അല്ലെങ്കില്‍ കുറയുകയോ ചെയ്യുകയാവാം.

എപ്പോഴും നെഞ്ചുവേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഇസിജി എടത്തുനോക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതില്‍ ബ്ലോക്ക് കണ്ടെത്തില്‍ ആന്‍ജിയോഗ്രാഫി ചെയ്യുകയും വേണം. ഇതോടെ കാര്‍ഡിയാക് അറസ്റ്റിനുള്ള സാധ്യത കുറയ്ക്കാം.

കാര്‍ഡിയാക് അറസ്റ്റിനെ പരിപൂര്‍ണ്ണമായി പ്രതിരോധിക്കാന്‍ സാധിക്കുകയില്ലെങ്കിലും ആരോഗ്യപൂര്‍ണ്ണമായ ജീവിതരീതിയിലൂടെ വലിയൊരു പരിധി വരെ തടയാനും കഴിയും. പോഷകങ്ങളടങ്ങിയ ഡയറ്റ് പിന്തുടരാം. എണ്ണമയം ഉള്ള ഭക്ഷണം, കാര്‍ബോഹൈഡ്രേറ്റ്- കൊളസ്ട്രോള്‍ എന്നിവ കൂടുതലുള്ള ഭക്ഷണം, കൃത്രിമമധുരം അടങ്ങിയ ഭക്ഷണപാനീയങ്ങള്‍ എന്നിവയെല്ലാം പരമാവധി ഒഴിവാക്കാം. വ്യായാമം പതിവാക്കാം. അമിതവണ്ണം വരാതിരിക്കാന്‍ ശ്രദ്ധിക്കാം.

മദ്യപാനം പുകവലി തുടങ്ങിയ ദുശ്ശീലങ്ങളും ഹൃദയത്തെ പെട്ടെന്ന് ദോഷകരമായി ബാധിക്കാം. അതുപോലെ ഇടവിട്ട് ഹൃദയാരോഗ്യം പരിശോധനയിലൂടെ ഉറപ്പിക്കുന്നതും നല്ലൊരു ശീലമാണ്.