Home പ്രവാസം ദുബായ് വിമാനത്താവളത്തിലെ റണ്‍വേ മെയ് 30 വരെ അടയ്ക്കുന്നു. വിമാന സർവ്വീസുകൾ കുറയും.

ദുബായ് വിമാനത്താവളത്തിലെ റണ്‍വേ മെയ് 30 വരെ അടയ്ക്കുന്നു. വിമാന സർവ്വീസുകൾ കുറയും.

ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ (DXB) റൺവേ നവീകരണപ്രവൃത്തികൾക്കായി ഏപ്രിൽ 16 മുതൽ മെയ് 30 വരെ അടച്ചിടുന്നു. ഈ സാഹചര്യത്തിൽ ഇവിടെ നിന്ന് സർവീസ് നടത്തുന്ന വിമാന സർവീസുകളിൽ മാറ്റമുണ്ടാക്കും. ചിലത് ദുബായിലെ അൽ മഖ്തും വിമാനത്താവളത്തിലേക്ക് മാറ്റി.

ഫ്ളൈ ദുബായ്, അൽ മഖ്തും രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 42 നഗരങ്ങളിലേക്ക് സർവീസ് നടത്തും. അലക്സാൻഡ്രിയ, ബഹ്റെയിൻ, ദമാം, ജിദ്ദ, കാബൂൾ, കാഠ്മണ്ഠു, കുവൈറ്റ്, മസ്ക്കറ്റ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ രണ്ട് വിമാനത്താവളങ്ങളിൽ നിന്നുമുണ്ടാകുമെന്ന് ഫ്ളൈ ദുബൈ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഇന്ത്യ, ജോർദാൻ, പാകിസ്ഥാൻ, സൗദി അറേബ്യ, ഇറാഖ്, ഒമാൻ എന്നീ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾ അൽ മഖ്തൂമിൽ നിന്നാകും സർവീസ് നടത്തുക. അഹമ്മദാബാദ്, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, കൊച്ചി, കോഴിക്കോട്, ലഖ്നൗ, മുംബൈ, പാകിസ്ഥാൻ നഗരങ്ങളായ ഫൈസലാബാദ്, കറാച്ചി, മുൾട്ടാൻ, സിയാൽകോട്ട് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും അൽമഖ്തൂം വിമാനത്താവളത്തിൽ നിന്നാകും നടത്തുക. സൗദി, ഇറാൻ നഗരങ്ങളിലേക്കമുള്ള വിമാന സർവീസുകളും അൽ മഖ്തും വിമാനത്താവളത്തിൽ നിന്നാകും നടത്തുക.

K6WK5T Dubai Airport Night View With Highway

എയർ ഇന്ത്യ വിമാനങ്ങൾ –
ദുബായ് രാജ്യാന്തര വിമാനത്താവളം അടച്ചിടുന്നതിനാല്‍ ഈ മാസം 16 മുതല്‍ മേയ് 30 വരെ എട്ട് എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാന സര്‍വീസുകള്‍ ഷാര്‍ജ രാജ്യാന്തര വിമാനത്താവളത്തിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. മുംബൈ, ചെന്നൈ, വിശാഖപട്ടണം/ ഹൈദരാബാദ് ബാംഗ്ലൂർ/ ഗോവ എന്നിവിടങ്ങളിലേക്കുള്ള എയർ ഇന്ത്യ വിമാന സർവീസുകളെയും ബാധിക്കും. എയർ ഇന്ത്യാ എക്സ്പ്രസിന്റെ മംഗലാപുരം, ഡൽഹി, കൊച്ചി എന്നീ സർവീസുകളും ഷാർജ വിമാനത്താവളത്തിലേക്ക് മാറ്റിയിട്ടുണ്ട്.

എമിറേറ്റ്സ് വിമാന സർവീസുകൾ-
ദുബായ് ആസ്ഥാനമായ എമിറേറ്റ്സ് ഇക്കാലയളവിൽ അൽ മഖ്തും വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്തില്ല. നിരവധി എമിറേറ്റ് സർവീസുകൾ റദ്ദ് ചെയ്യുകയോ പുനഃക്രമീകരിക്കുകയോ ചെയ്യും. 45 ദിവസ കാലയളവിൽ 48ഓളം വിമാനങ്ങൾ സർവീസ് നിർത്തിവയ്ക്കേണ്ടിവന്നേക്കും, റൺവേ അടയ്ക്കുന്നതോടെ നിരവധി വിമാന സർവീസുകളെ ബാധിക്കുമെങ്കിലും യാത്രക്കാർക്ക് ബദൽ സൗകര്യങ്ങൾ ഒരുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ദുബായ് വിമാനത്താവളത്തിൽ (DXB)നിന്ന് അൽ മഖ്തും വിമാനത്താവളത്തിലേക്ക് യാത്രക്കാർക്ക് യാത്ര ചെയ്യാൻ സൗജന്യ ബസ് സർവീസുകളുമുണ്ടാകും.

റൺവേ അടച്ചിടുന്നത് ഏപ്രിൽ 16 മുതൽ മെയ് 30വരെ-
യാത്രാവിമാന സർവീസുകളിൽ 32 ശതമാനത്തിന്റെ കുറവുണ്ടാകും.
26 ശതമാനം യാത്രാ സീറ്റുകളും കുറവുണ്ടാകും.
42 ഫ്ളൈ ദുബായ് വിമാനങ്ങൾ അൽ മഖ്തും വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്തും.
എമിറേറ്റ്സ് വിമാന സർവീസുകളിൽ 25 ശതമാനത്തിന്റെ കുറവുണ്ടാകും.
സർവ്വീസുകൾ കുറയുന്നത് ടിക്കറ്റ് നിരക്ക് വർധനക്ക് കാരണമാകുമോയെന്ന ആശങ്കയിലാണ് പ്രവാസികൾ.