മോട്ടോർ വാഹന നിയമമനുസരിച്ച്, ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ 194 ഡി പ്രകാരം 1000 രൂപ പിഴ ചുമത്താവുന്ന കുറ്റമാണ്.ഇത് മാത്രമല്ല, നിലവാരമില്ലാത്ത ഹെല്‍മെറ്റ് ധരിക്കുകയോ ഹെല്‍മെറ്റില്‍ ബ്യൂറോ ഓഫ് ഇന്‍ഡ്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (BIS) രജിസ്ട്രേഷന്‍ മാര്‍ക് ഇല്ലെങ്കിലോ, 194 ഡി എംവിഎ പ്രകാരം 1000 രൂപ അധികമായി ചുമത്താം. ഹെല്‍മെറ്റ് അനുചിതമായി ധരിക്കുന്നതിന് നിയമങ്ങള്‍ ലംഘിക്കുന്ന ഇരുചക്രവാഹന യാത്രക്കാര്‍ക്ക് തല്‍ക്ഷണം 2,000 വരെ പിഴ ഈടാക്കാമെന്നാണ് പുതിയ നിയമം വ്യക്തമാക്കുന്നത്.
ഇരുചക്രവാഹനങ്ങള്‍ക്ക് ബിഐഎസ് സാക്ഷ്യപ്പെടുത്തിയ ഹെല്‍മെറ്റുകള്‍ മാത്രമേ ഇന്‍ഡ്യയില്‍ നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്യാവൂവെന്ന നിയമം രണ്ടുവര്‍ഷം മുമ്പ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയിരുന്നു. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം റോഡ് സുരക്ഷ സംബന്ധിച്ച സമിതി 2018 മാര്‍ച്ചില്‍ രാജ്യത്ത് ലൈറ്റ് ഹെല്‍മെറ്റുകള്‍ ശുപാര്‍ശ ചെയ്തിരുന്നു.
കുട്ടികളെ കൊണ്ടുപോകുമ്പോഴും സൂക്ഷിക്കുക
നാല് വയസിന് താഴെയുള്ള കുട്ടികളെ ഇരുചക്രവാഹനങ്ങളില്‍ കയറ്റുന്നതിനുള്ള സുരക്ഷാ നിയമങ്ങളിലും റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം അടുത്തിടെ മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ ട്രാഫിക് നിയമപ്രകാരം ഇരുചക്രവാഹന യാത്രക്കാര്‍ കുട്ടികളെ കൊണ്ടുപോകുമ്പോള്‍ ഹെല്‍മെറ്റും ഹാര്‍നെസ് ബെല്‍റ്റും നിര്‍ബന്ധമാണ്. ഇതോടൊപ്പം വാഹനത്തിന്റെ വേഗതയും മണിക്കൂറില്‍ 40 കിലോമീറ്ററായി പരിമിതപ്പെടുത്തണം. നിയമം ലംഘിച്ചാല്‍ 1000 രൂപ പിഴ ഈടാക്കാം. കൂടാതെ ഓടിക്കുന്നവരുടെ ഡ്രൈവിംഗ് ലൈസന്‍സ് മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാം.