Home അറിവ് ഇനി പല ബസുകള്‍ ഇറങ്ങിക്കയറേണ്ട; കെഎസ്ആര്‍ടിസിയുടെ പ്രത്യേക സര്‍വീസ് റൂട്ട് തയാറായി

ഇനി പല ബസുകള്‍ ഇറങ്ങിക്കയറേണ്ട; കെഎസ്ആര്‍ടിസിയുടെ പ്രത്യേക സര്‍വീസ് റൂട്ട് തയാറായി

തിരുവനന്തപുരം നഗരത്തിലെ യാത്രക്കാര്‍ക്ക് ഇനി പല ബസുകള്‍ ഇറങ്ങിക്കയറി ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്നത് ഒഴിവാക്കാം. ഇതിന് ഉതകുന്ന നടപടികളുമായി രംഗത്തെത്തിയിരിക്കുകയാണ് കെഎസ്ആര്‍ടിസി. തിരുവനന്തപുരത്ത് വിവിധ സ്ഥാപനങ്ങളില്‍ ജോലിക്കും, മറ്റ് ആവശ്യങ്ങള്‍ക്കും എത്തുന്നവര്‍ പല ബസുകള്‍ ഇറങ്ങി കയറുന്നത് അവസാനിപ്പിക്കാനാണ് ഈ നടപടി.

തമ്പാനൂര്‍ ബസ് സ്റ്റേഷനിലേക്ക് എത്തുന്ന ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസ് ബസുകള്‍ തിങ്കളാഴ്ച മുതല്‍ പിഎംജിയില്‍ നിന്നു മൂന്ന് വഴികളിലായി തിരിച്ചു വിട്ട് സര്‍വീസ് നടത്തുമെന്ന് സിഎംഡി ബിജു പ്രഭാകര്‍ അറിയിച്ചു. പിഎംജിയില്‍ നിന്നു പതിവ് പോലെ ബേക്കറി- പനവിള വഴിയുള്ള സര്‍വീസിനോടൊപ്പം, പിഎംജി- മ്യൂസിയം- മാനവീയം വീഥി- ഡിജിപി ഓപീസ്- വഴുതക്കാട്- വിമന്‍സ് കോളജ് – പനവിള വഴിയും, പിഎംജിയില്‍ നിന്നു- സെക്രട്ടേറിയറ്റിന് മുന്നിലൂടെയും തമ്പാനൂരില്‍ എത്തിച്ചേരുന്ന കണക്കിനുമാണ് സര്‍വീസുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുക.

അടുത്തിടെ യാത്രക്കാര്‍ക്ക് ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് ജനോപകാരപ്രദമായി പൊതുഗതാഗതം ക്രമീകരിക്കുന്നതിന് വേണ്ടി നടത്തിയ സര്‍വേയില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതിനായി കൊല്ലത്തു നിന്ന് എന്‍ എച്ച് വഴിയും, കൊട്ടാരക്കരയില്‍ നിന്ന് എംസി റോഡ് വഴിയും ഉള്ള മുഴുവന്‍ ബസുകളിലും ഇത്തരത്തില്‍ സര്‍വീസ് നടത്തുന്നതിനുള്ള നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

ഈ ബസുകളില്‍ ഈ സ്ഥലങ്ങള്‍ (പിഎംജി- പാളയം – ബേക്കറി വഴി, പിഎംജി – മ്യൂസിയം- മാനവീയംവീഥി- വഴുതക്കാട് വഴി, പിഎംജി- പാളയം- സെക്രട്ടേറിയേറ്റ് വഴി) വഴിയെന്ന് സ്ഥലനാമ ബോര്‍ഡില്‍ എഴുതിയിരിക്കും. ആളുകള്‍ കൂടുതല്‍ ഉള്ള സമയങ്ങളില്‍ ആകും മ്യൂസിയം, സെക്രട്ടേറിയറ്റ് എന്നിവങ്ങളിലൂടെ സര്‍വീസ് നടത്തുക. പരീക്ഷണാടിസ്ഥാത്തില്‍ നടത്തുന്ന സര്‍വീസുകളില്‍ കൂടുതല്‍ ആവശ്യം ഉണ്ടായാല്‍ ഈ വഴികളിലൂടെ തിരിച്ചുള്ള സര്‍വീസും കെഎസ്ആര്‍ടിസി പരി?ഗണിച്ചേക്കും.