Home ഭക്ഷണം മത്തി ഇപ്പോൾ പഴയ മത്തിയല്ല!!!

മത്തി ഇപ്പോൾ പഴയ മത്തിയല്ല!!!

ലയാളിയുടെ പ്രിയപ്പെട്ട മത്സ്യമാണ് മത്തി അഥവാ ചാള.ഏറെ ഗുണമേന്മയുള്ള മത്തി പ്രോട്ടീനിന്റെ കലവറയാണ്. വൈറ്റമിൻ എ, ഡി, ബി 12. എന്നിവ മത്തിയിൽ ധാരാളം അടങ്ങിയിരിക്കുന്നു. മസ്തിഷ്കം–ഹൃദയ ആരോഗ്യപരിപാലനത്തിന് മത്തി വളരെ ഉത്തമമാണ്. മത്തി കഴിച്ചാൽ നല്ല കൊളസ്ട്രോളിന്റെ അളവ് കൂടും. മത്തിയിൽ ധാരാളമായി അടങ്ങിയിട്ടുള്ള ഒമേഗ 3 ഫാറ്റി ആസിഡ് ഹൃദ്രോഗത്തെ പ്രതിരോധിക്കാനും രക്തസമ്മർദം കുറയ്ക്കുന്നതിനും പര്യാപ്തമാണെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ സാധാരണക്കാരുടെ ഇഷ്ടമത്സ്യമായ മത്തി ഇപ്പോൾ കിട്ടാക്കനിയാവുകയാണ്. മത്സ്യലഭ്യത കുറഞ്ഞതോടെ വിലയും കുതിച്ചു കയറി. മത്തിക്ക് 200 രൂപ മുതൽ 300 രൂപ വരെ വില ഉയര്‍ന്നു. മാസങ്ങളായി തുടരുന്ന മത്സ്യക്ഷാമമാണ് വിലവര്‍ധനവിനു കാരണം. വലിയ വില പറയുമ്പോള്‍ മത്തി വാങ്ങാന്‍ ആളുകള്‍ മടിക്കുകയാണ്. നാടൻ ഹോട്ടലുകളിലും ഭക്ഷണമേശകളിലും സാധാരണക്കാരന്റെ ഇഷ്ടവിഭവമായിരുന്ന മത്തി ഇപ്പോൾ വിലയേറിയ വിഭവമാണ്.
ഒരു കിലോ മത്തി വാങ്ങിയാൽ പതിനാലോ പതിനഞ്ചോ എണ്ണമാണ് കിട്ടുക. ഇത് പാചകം ചെയ്തുവരുമ്പോഴേക്കും സാധാരണ വിലയ്ക്ക് വിളമ്പാനാവില്ല. അതോടെ ഹോട്ടലുകളിലും ഉച്ചയൂണിന് മത്തിയും അയിലയും അപ്രത്യക്ഷമായി.മത്തി ലഭ്യത കുറഞ്ഞതോടെ തമിഴ്‌നാട്ടില്‍ നിന്നുള്ള മത്തിക്കും ഒമാന്‍ മത്തിക്കും ആവശ്യക്കാര്‍ കൂടുകയാണ്. എന്നാല്‍ ഈ മത്തിക്കും വിലയിൽ കുറവൊന്നുമില്ല. നാടൻ മത്തിയുടെ രുചിയുമില്ല. ഒരു കിലോ മത്തിയുടെ പകുതി വിലക്ക് ഇപ്പോൾ ഒരു കിലോ കോഴിയിറച്ചി കിട്ടും എന്ന നിലയിലായി മത്തിവില. മുൻ കാലങ്ങളിൽ കോഴിത്തീറ്റയുണ്ടാക്കാൻ മത്തി ഉപയോഗിച്ചിരുന്നു എന്നത് കൂട്ടി വായിക്കുമ്പോഴാണ് മത്തിയുടെ ഇപ്പോഴത്തെ ലഭ്യതക്കുറവിന്റെ ഗൗരവം തിരിച്ചറിയൂ…