Home അറിവ് കര്‍ഷകര്‍ക്ക് ആശ്വാസം; 5000 രൂപവരെ പെൻഷനും ആനുകൂല്യങ്ങളും

കര്‍ഷകര്‍ക്ക് ആശ്വാസം; 5000 രൂപവരെ പെൻഷനും ആനുകൂല്യങ്ങളും

രാജ്യത്ത് ആദ്യമായി കൃഷിക്കാർക്ക് 5000 രൂപ പെൻഷനും മറ്റ് ഒട്ടേറെ ആനുകൂല്യങ്ങളും ലഭിക്കുന്ന പുതിയ പദ്ധതിക്ക് ഇന്ന് തുടക്കമാകും. കേരള കർഷക ക്ഷേമനിധി ബോർഡിൽ അംഗത്വം എടുത്ത് അംശാദായം അടയ്ക്കുന്നവർക്കാണ് പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുക.

കുറഞ്ഞത് മൂന്നു വർഷം കൃഷി അനുബന്ധ പ്രവർത്തനങ്ങൾ പ്രധാന ഉപജീവന മാർഗമായി സ്വീകരിച്ചിട്ടുള്ളവർക്ക് അപേക്ഷിക്കാം. മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യം വളർത്തൽ, പട്ടുനൂൽപ്പുഴു / തേനീച്ച വളർത്തൽ തുടങ്ങിയ കൃഷികളും അനുബന്ധ പ്രവർത്തനങ്ങളും നടത്തുന്നവർക്കും അംഗമാകാം. 18 വയസ്സ് പൂർത്തിയായിരിക്കണം. ഉയർന്ന പ്രായപരിധി 55 വയസ്സ്. ക്ഷേമനിധി നിയമം നിലവിൽ വന്ന 2019 ഡിസംബർ 20ന് 56 വയസ്സ് പൂർത്തിയായ കർഷകർക്കും 65 വയസ്സുവരെ അംഗമായി ചേരാം. 5 സെന്റിൽ കുറയാതെയും 15 ഏക്കറിൽ കൂടാതെയും ഭൂമി കൈവശം വേണം. വാർഷിക വരുമാനം 5 ലക്ഷം രൂപയിൽ കവിയരുത്.

അംഗങ്ങൾക്ക് 60 വയസിനു ശേഷം പ്രതിമാസം പരമാവധി 5000 രൂപ വരെ പെൻഷൻ നൽകും. കുടുംബ പെൻഷൻ,അനാരോഗ്യ / അവശത / പ്രസവാനുകൂല്യം,ചികിത്സ / വിവാഹ ധനസഹായം,വിദ്യാഭ്യാസ / ഒറ്റത്തവണ ആനുകൂല്യം, മരണാനന്തര ധനസഹായം തുടങ്ങിയ ആനുകൂല്യങ്ങളും ഉണ്ട്.

പ്രതിമാസം കുറഞ്ഞത് 100 രൂപ അംശാദായം അടയ്ക്കണം. തുല്യമായ തുക പരമാവധി 250 രൂപ എന്ന നിരക്കിൽ സർക്കാർ നൽകും. 5 വർഷത്തിൽ കുറയാതെ അംശാദായം അടച്ച് 60 വയസ് പൂർത്തിയാകുമ്പോൾ ആനുപാതികമായ തുക പെൻഷനായി ലഭിക്കും. ഉയർന്ന പ്രായപരിധി ആനുകൂല്യം ലഭിക്കുന്ന കർഷകന് തുടർച്ചയായി 5 വർഷം അംശാദായം അടച്ച ശേഷമേ പെൻഷൻ ലഭിക്കുകയുള്ളൂ.

കേരള കർഷക ക്ഷേമനിധിയിൽ അംഗമാകുന്നതിന് http://kfwfb.kerala.gov.in എന്ന വെബ് സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.100 രൂപയാണ് റജിസ്ട്രേഷൻ ഫീസ്. വയസ്സു തെളിയിക്കുന്ന രേഖ, ആധാർ, വരുമാന സർട്ടിഫിക്കറ്റ്, കർഷകന്റെ സത്യ പ്രസ്താവന, കൃഷി ഉദ്യോഗസ്ഥന്റെ സാക്ഷ്യപത്രം, ബാങ്ക് അക്കൗണ്ട് ബുക്കിന്റെ പകർപ്പ്, ഭൂനികുതി രശീതി, പാസ്പോർട്ട് സൈസ് ഫോട്ടോ തുടങ്ങിയവ അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യണം. നിലവിൽ കർഷക പെൻഷൻ ലഭിക്കുന്നവർക്ക് തുടർന്ന് ക്ഷേമനിധി മുഖേനയാണ് പെൻഷൻ ലഭിക്കുക. കൂടുതൽ വിവരങ്ങൾ തെട്ടടുത്ത കൃഷിഭവനിൽ നിന്നു ലഭിക്കും.