Home അറിവ് കോവിഡ് വാക്‌സിന്‍ എടുക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ല; കേന്ദ്രം സുപ്രീംകോടതിയില്‍

കോവിഡ് വാക്‌സിന്‍ എടുക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ല; കേന്ദ്രം സുപ്രീംകോടതിയില്‍

കോവിഡ് വാക്സിനേഷന് കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. വാക്സിനേഷന് പാന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, വോട്ടേഴ്സ് കാര്‍ഡ് അടക്കം ഒന്‍പത് തിരിച്ചറിയല്‍ കാര്‍ഡുകളില്‍ ഏതെങ്കിലും ഒന്ന് ഹാജരാക്കിയാല്‍ മതിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം കോടതിയെ ബോധിപ്പിച്ചു.

വാക്സിനേഷന് കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമായി ചോദിക്കുന്നതായി ആരോപിച്ച് സിദ്ധാര്‍ഥ് ശങ്കര്‍ ശര്‍മ്മ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡും സൂര്യാകാന്തും അടങ്ങിയ ബെഞ്ച് ഹര്‍ജി തീര്‍പ്പാക്കി.

ഒക്ടോബര്‍ ഒന്നിന് ഹര്‍ജിയില്‍ വിശദീകരണം തേടി കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് നല്‍കിയിരുന്നു. കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആധാര്‍ നിര്‍ബന്ധമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നതായി കോടതി അറിയിച്ചു.

ഒന്‍പത് തിരിച്ചറിയല്‍ കാര്‍ഡുകളില്‍ ഏതെങ്കിലും ഒന്ന് ഹാജരാക്കിയാല്‍ മതി. ജയില്‍ പുള്ളികള്‍ അടക്കം തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കായി പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നതായും സുപ്രീംകോടതി വ്യക്തമാക്കി.

തിരിച്ചറിയല്‍ രേഖകളില്ലാത്ത 87ലക്ഷം പേര്‍ക്ക് വാക്സിന്‍ നല്‍കി. ആധാര്‍ കാര്‍ഡ് ഹാജരാക്കാത്തതിന്റെ പേരില്‍ ഹര്‍ജിക്കാരന് വാക്സിന്‍ നിഷേധിച്ച സംഭവത്തില്‍ സ്വകാര്യ വാക്സിനേഷന്‍ കേന്ദ്രത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിന് കത്തുനല്‍കിയതായും കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതിയുടെ നടപടി.