സൂര്യനിൽ സ്ഫോടനം. വരുന്നു സൗരകാറ്റ്..

    സൂര്യനില്‍ ഉണ്ടായിരിക്കുന്നത് ഭീമന്‍ സ്‌ഫോടനങ്ങളെന്ന് ശാസ്ത്ര ലോകം. ശക്തമായ സ്‌ഫോടനങ്ങളെ തുടര്‍ന്ന്, സൗരവാതകങ്ങളുടെയും സൗരക്കാറ്റിന്റേയും ശക്തമായ പ്രവാഹം ഭൂമിക്കു നേരെ വരുന്നതായാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്.കൊല്‍ക്കത്തയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിലെ ബഹിരാകാശ ഗവേഷണകേന്ദ്രമാണ് ഇതേക്കുറിച്ച്‌ മുന്നറിപ്പ് നല്‍കിയിരിക്കുന്നത്.സൂര്യനില്‍ ഇപ്പോഴുണ്ടായ 17 പൊട്ടിത്തെറികളാണ് നാസയുടെ നിരീക്ഷണ കേന്ദ്രങ്ങള്‍ പകര്‍ത്തിയത്. ഇതില്‍ രണ്ടെണ്ണമെങ്കിലും ഭൂമിയ്ക്ക് നേരെയാണ് വരുന്നത്.

    സ്‌ഫോടനത്തില്‍ സൂര്യന്റെ ഉപരിതലത്തിലെ 12975, 12976 എന്നീ മേഖലകളില്‍നിന്ന് മാര്‍ച്ച്‌ 28-നാണ് കോറോണല്‍ മാസ് ഇജക്ഷന്‍സ് എന്നറിയപ്പെടുന്ന ലക്ഷം കോടി ടണ്‍ ഭാരമുള്ള ചൂടുകൂടിയ ദ്രവ്യം പുറപ്പെട്ടത്. ഇത് ഭൂമിയിലെത്തിയാല്‍ ജിയോ മാഗ്നറ്റിക് സ്റ്റോം എന്നറിയപ്പെടുന്ന കാന്തിക വലയം സൃഷ്ടിക്കപ്പെടുന്നതിനിടയാക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമാണ് ഇത് പ്രതീക്ഷിക്കുന്നത്.ജിയോ മാഗ്നറ്റിക് സ്റ്റോം ഭൂമിയെ ചുറ്റുന്ന ഉപഗ്രഹങ്ങളിലെ ഇലക്‌ട്രോണിക്, ശബ്ദതരംഗ സംവിധാനങ്ങളുടെ പ്രവര്‍ത്തനത്തെയും ഭൂമിയിലെ ചില സാങ്കേതിക സംവിധാനങ്ങളേയും ബാധിക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്.