Home അറിവ് ജൂനിയര്‍ അഭിഭാഷകര്‍ക്ക് 3000 രൂപ വീതം പ്രതിമാസ സ്‌റ്റൈപ്പെന്‍ഡ്

ജൂനിയര്‍ അഭിഭാഷകര്‍ക്ക് 3000 രൂപ വീതം പ്രതിമാസ സ്‌റ്റൈപ്പെന്‍ഡ്

ജൂനിയര്‍ അഭിഭാഷകര്‍ക്ക് 3000 രൂപ വീതം പ്രതിമാസ സ്‌റ്റൈപ്പെന്‍ഡ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ച്‌ സംസ്ഥാന സര്‍ക്കാര്‍.

30 വയസില്‍ കൂടാത്ത, ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള അഭിഭാഷകര്‍ക്കാണ് സ്‌റ്റൈപ്പെന്‍ഡ് നല്‍കുക. ബാറിലെ സേവന കാലം മൂന്ന് വര്‍ഷത്തില്‍ അധികരിക്കരുത്. പട്ടികജാതി-പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് വാര്‍ഷിക വരുമാന പരിധി ബാധകമാവില്ല.

അഭിഭാഷകക്ഷേമനിധിയില്‍ നിന്ന് ജൂനിയര്‍ അഭിഭാഷകര്‍ക്ക്പ്രതിമാസ സ്‌റ്റൈപ്പെന്‍ഡ് നല്‍കാന്‍ ബാര്‍ കൗണ്‍സില്‍ ചട്ടങ്ങളില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. അഭിഭാഷകക്ഷേമ നിധി നിയമ പ്രകാരം രൂപം നല്‍കിയതാണ് ക്ഷേമനിധി. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയോടെയാണ് തുക നല്‍കുക. അഭിഭാഷക ക്ഷേമനിധി ട്രസ്റ്റി കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ച്‌ ഉത്തരവ് പുറപ്പെടുവിച്ചത്.

2021-ല്‍ സംസ്ഥാന ബാര്‍ കൗണ്‍സില്‍ വിജ്ഞാപനം ചെയ്ത കേരള അഭിഭാഷകരുടെ സ്റ്റൈപ്പന്‍ഡ് ചട്ടങ്ങള്‍ പരിഗണിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. അഭിഭാഷകര്‍ക്കുള്ള സ്റ്റൈപ്പന്റ് ഫണ്ടില്‍ നിന്ന് ട്രസ്റ്റി കമ്മിറ്റിക്ക് മാസാടിസ്ഥാനത്തിലോ ട്രസ്റ്റി കമ്മിറ്റി തീരുമാനിക്കുന്ന ഇടവേളകളിലോ വിതരണം ചെയ്യാമെന്നാണ് വ്യവസ്ഥ. അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്കായിരിക്കും തുക കൈമാറുക.