Home നാട്ടുവാർത്ത കലാഭവൻ മണിയുടെ മരണം വിജേന്ദ്രയുടെ കൊലപാതകം പോലെയോ? സംശയവുമായി സഹോദരൻ.

കലാഭവൻ മണിയുടെ മരണം വിജേന്ദ്രയുടെ കൊലപാതകം പോലെയോ? സംശയവുമായി സഹോദരൻ.

ണിയുടെ മരണം സംബന്ധിച്ച് ഗുരുതരമായ ആരോപണങ്ങളുമായി സഹോദരൻ ആർ.എൽ.വി. രാമകൃഷ്ണൻ വീണ്ടും രംഗത്ത്.മണിയുടെ മരണത്തിൽ ദുരൂഹത നിലനിൽക്കുന്നുണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാമകൃഷ്ണൻ ആരോപണം ഉന്നയിച്ചത്.മണിയുടെ പോസ്റ്റ്മോട്ടം റിപ്പോർട്ടും രാമകൃഷ്ണൻ ഫേസ്ബുക്കിലിട്ടു. രാമകൃഷ്ണൻ വീണ്ടും ആരോപണം ഉന്നയിക്കുന്നത് മുംബൈയിലെ ഒരു മരണം ചൂണ്ടിക്കാട്ടിയാണ്. വിജേന്ദ്ര നക്ഡെയുടെ മരണം. ആ മരണത്തിന്റെ കഥ ഇങ്ങനെയാണ്…

ഇരുപത്തിയേഴുകാരനായ വിജേന്ദ്ര നക്ഡെയുടെ മൃതദേഹം ജൂൺ 15-നാണ് വഡാലയ്ക്കടുത്ത് പോലീസ് കണ്ടെത്തിയത്. മൃതദേഹത്തിൽ ഒരു മുറിവുമില്ല. “അമിതമായി മദ്യം കഴിച്ചതു മൂലമാണ് മരണം” എന്ന് പോലീസ് പരിശോധനാ റിപ്പോർട്ടിലെഴുതി.
യുവാവിന്റെ കാമുകി കാജൽ പാട്ടീലിനെയും കുടുംബത്തെയും പോലീസ് ചോദ്യം ചെയ്തു. അവരെല്ലാവരും പറഞ്ഞത് ഒരേ കഥ. വീട്ടിലുള്ള ചെറിയ കുട്ടികളോട് ചോദിച്ചപ്പോൾ അവർ പറഞ്ഞതും അതേ ഉത്തരങ്ങൾ തന്നെ. ഏതാണ്ട് ദൃശ്യം സിനിമയിലേത് പോലെ. എവിടെയും ഒരു സംശയത്തിനും ഇടയില്ലെങ്കിലും എന്തോ ഒരു പ്രശ്നം പോലീസിന് മണത്തു.വിജേന്ദ്രയുടെ മൃതദേഹത്തിനു സമീപം ചെരിപ്പുകൾ അഴിച്ചു വെച്ചരീതിയിൽ കണ്ടിരുന്നു.മദ്യപിച്ചു ലക്കുകെട്ട ഒരാൾ ഇത്ര കൃത്യമായി ചെരിപ്പുകൾ അഴിച്ചു വെക്കാൻ സാധ്യതയില്ലായെന്നത് പോലീസിന്റെ സംശയം വർധിപ്പിച്ചു.
കാജൽ പാട്ടീൽ എന്ന യുവതിയുമായാണ് വിജേന്ദ്രയ്ക്ക് ബന്ധമുണ്ടായിരുന്നത്. സത്താറയിലേക്ക് വിവാഹം കഴിച്ചയച്ചിരുന്ന കാജലിനെ കാണാൻ ഇടയ്ക്കിടെ വിജേന്ദ്ര സത്താറയിൽ പോകാറുണ്ടായിരുന്നു.
സംഭവദിവസം വിജേന്ദ്ര യുവതിയുടെ മുംബൈയിലെ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചിരുന്നതായി യുവതി പോലീസിനോട് പറഞ്ഞിരുന്നു. മദ്യപിച്ച് ലക്കുകെട്ട വിജേന്ദ്രക്ക് ഇവരുടെ വീട്ടിൽ നിന്ന് മൃതദേഹം കിടന്നിരുന്ന സ്ഥലം വരെ നടന്നു പോകാൻ സാധ്യമല്ലെന്ന ചിന്ത പോലീസിന് ഉണർന്നു. ഇതോടെ കാജലിനെ വിശദമായിത്തന്നെ ചോദ്യം ചെയ്തു.മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു.
വിജേന്ദ്രയ്ക്ക് ഭക്ഷണത്തിൽ ചെറിയ അളവിൽ എലി വിഷം കൊടുത്ത ശേഷം മദ്യം നൽകുകയായിരുന്നുവത്രെ. വൈകാതെ മരണം സംഭവിച്ച വിജേന്ദ്രയെ വിജനമായ ഒരിടത്ത് ഉപേക്ഷിക്കുകയായിരുന്നു.എലി വിഷത്തിന്റെ അളവ് കുറവായതിനാലാണ് മൃതദേഹ പരിശോധനയിൽ അത് കണ്ടെത്താൻ കഴിയാതിരുന്നത്. വിവാഹബന്ധം വേർപെടുത്തി തന്നോടൊപ്പം കഴിയണമെന്ന് ആവശ്യപ്പെട്ട് വിജേന്ദ്ര നിരന്തരം ശല്യം ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കാജൽ പോലീസിനോട് പറഞ്ഞു. ഇതാണ് മുംബൈ കൊലപാതകത്തിന്റെ കഥ.

ഈ വാർത്ത വന്ന പത്ര കട്ടിംഗും, മണിയുടെ പോസ്റ്റ്മോട്ടം റിപ്പോർട്ടിന്റെ കോപ്പിയും ചേർത്തായിരുന്നു രാമകൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റിട്ടത്. ഇനി രാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം-

മണിച്ചേട്ടന്റെ മരണത്തിലെ ദുരുഹത പോലെയാണ് ഇന്ന് മാതൃഭൂമി പത്രത്തിലെ 9-ാം മത്തെ പേജിൽ വന്ന ഈ വാർത്ത ” മുബൈയിൽ ദൃശ്യം മോഡൽ കൊലപാതകം” എന്ന വലിയ തലക്കെട്ടോടെയാണ് ഈ വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇത് വായിച്ചപ്പോൾ സമാനമായ സ്വഭാവമാണ് മണി ചേട്ടന്റെ മരണത്തിന്റെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്. മണി ചേട്ടന്റെ പോസ്റ്റ്മോർട്ടറിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന Cause to death ഇപ്രകാരമാണ്. ” മിഥൈയിൽ ആൽക്കഹോൽ ,ക്ലോർ പൈറി ഫോസ് ” എന്നീ വിഷാംശങ്ങൾ മരണത്തിന്റെ ആധിക്യം വർദ്ധിപ്പിച്ചു എന്നാണ്. അമൃത ലാബിലെ റിപ്പോർട്ടിൽ ക്ലോർ പൈറി ഫോസ് കണ്ടെത്തിയിട്ടില്ലായിരുന്നു. മീഥെയിൽ ആൾക്കഹോൾ ക്രമാതീതമായ അളവിൽ ഉണ്ടെന്നതായിരുന്നു അമ്യത ലാബിലെ പരിശോധന ഫലം.അതു കൊണ്ട് തന്നെ ക്ലോർ പൈറി ഫോസിനുള്ള മറുമരുന്ന് (ആൻറി ഡോസ് )മണി ചേട്ടന് നൽകിയിട്ടില്ല. മരണാനന്തരം പോസ്റ്റ് മാർട്ട റിപ്പോർട്ടിനായി അയച്ചുകൊടുത്ത കാക്കനാട് ലാബിന്റെ റിപ്പോർട്ടിലാണ് മീഥൈൽ ആൽക്കഹോളിനൊപ്പം, ക്ലോർ പൈറി ഫോസിന്റെ സാന്നിധ്യം കണ്ടെത്തിയത്. എന്നാൽ കാക്കനാട്ടെ ലാബ് ഇതിന്റെ അളവ് രേഖപ്പെടുത്തിയിട്ടില്ല എന്ന് പറഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥർ കാക്കനാട്ടെ ലാബിന്റെ റിസൾട്ടിനെ തള്ളുകയായിരുന്നു. ഇനി ഈ പത്രത്തിൽ വന്ന വാർത്ത നിങ്ങൾ ഒന്ന് വായിച്ചു നോക്കു. പോസ്റ്റ്മോർട്ട റിപ്പോർട്ടിൽ പറയാത്ത ഒരു കാര്യമാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. കേസ് തെളിയിക്കണം എന്ന് വച്ചാൽ ഏത് പോലീസ് വിചാരിച്ചാൽ സാധിക്കും. വേണ്ട എന്ന് വച്ചാൽ എഴുതി തള്ളാനും കഴിയും.മണി ചേട്ടന്റെ പോസ്റ്റ് മാർട്ടം റിപ്പോർട്ടിൽ ഇത്രയ്ക്കും വ്യക്തത ഉണ്ടായിട്ടും ആദ്യം നടത്തിയ പോലീസ് / ക്രൈംബ്രാഞ്ച് അന്വേഷണം ഒരുത്തരം തരാതെ അവസാനിപ്പിച്ചു. ഇപ്പോൾ കേസ് സി.ബി.ഐ അന്വേഷിച്ചു കൊണ്ടിരിക്കുന്നു. മേൽ പറഞ്ഞ വസ്തുതകൾ സി.ബി,ഐക്ക് വ്യക്തമായ ഒരു ഉത്തരം തരാൻ കഴിയട്ടെ ജഗദീശ്വരനോട് നിറകണ്ണുകളോടെ പ്രാർത്ഥിക്കുന്നു.:….

മുംബൈയിൽ മരിച്ച വിജേന്ദ്രയുടെ മരണത്തിന് പിന്നിലെ വാസ്തവം ചൂണ്ടിക്കാട്ടി മണിയുടെ മരണത്തിലെ ചില സംശയങ്ങൾ പറയുകയാണ് രാമകൃഷ്ണൻ. മുംബൈയിലെ വിജേന്ദ്രയുടെ മരണം പോലെ തന്നെ വിഷം ഉളളിൽ ചെന്നാവാം മണിയുടെ മരണകാരണമെന്നും നേരത്തെ ഉണ്ടായിരുന്ന ലിവർ സിറോസിസ് മരണത്തിന്റെ ആക്കം കൂട്ടുക മാത്രമാണുണ്ടായതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ കോപ്പി പങ്കുവച്ച് രാമകൃഷ്ണൻ പറയുന്നു. സത്യമെന്താവാം? ഇനിയൊരു അന്വേഷണമുണ്ടാകുമോ? കാത്തിരുന്ന് കാണാം.