Home വാണിജ്യം പേടിഎം അപ്‌ഡേറ്റ് ചെയ്ത് തിരിച്ചെത്തി; പ്ലേസ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം

പേടിഎം അപ്‌ഡേറ്റ് ചെയ്ത് തിരിച്ചെത്തി; പ്ലേസ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം

പ്രമുഖ ഓണ്‍ലൈന്‍ പണമിടപാട് ആപ്ലികക്കേഷനായ പേടിഎം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ തിരിച്ചെത്തി. പ്ലേസ്റ്റോറിന്റെ ഓണ്‍ലൈന്‍ ചൂതാട്ടങ്ങളുമായി ബന്ധപ്പെട്ട നയങ്ങള്‍ ലംഘിച്ച കാരണം ചൂണ്ടിക്കാട്ടിയായിരുന്നു പേടീഎംമ്മിനെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്തത്.

എന്നാല്‍ നീക്കം ചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷം ആപ്പ് തിരിച്ചെത്തിയതായി അധികൃതര്‍ അറിയിച്ചു. അപ്ഡേറ്റ്: ആന്‍ഡ് വി ആര്‍ ബാക്ക് എന്ന് ട്വീറ്റ് ചെയ്താണ് ഇക്കാര്യം പേടിഎം അറിയിച്ചത്.

ഫാന്റസി ഗെയിമിങ്ങുകള്‍ ഓഫര്‍ ചെയ്യുന്നതാണ് പേടിഎമ്മിനെ നീക്കം ചെയ്യാനുളള കാരണമെന്നാണ് ഗൂഗിള്‍ നേരത്തെ അറിയിച്ചിരുന്നത്. പേടിഎം പുതിയതായി അവതരിപ്പിച്ച ‘പേടിഎം ക്രിക്കറ്റ് ലീഗ്’ പരിപാടി പ്ലേ സ്റ്റോര്‍ നയങ്ങള്‍ ലംഘിക്കുന്നതാണെന്ന് കാണിച്ചാണ് ആപ്പ് നീക്കം ചെയ്യപ്പെട്ടത്.

അനധികൃത ഓണ്‍ലൈന്‍ ചൂതാട്ടങ്ങള്‍ അനുവദിക്കില്ല. പണം വച്ചുളള വാതുവെയ്പിന് പ്രോത്സാഹനം നല്‍കുന്ന ആപ്പുകളെയും ഒഴിവാക്കും. പെയ്ഡ് ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്ന വെബ്സൈറ്റുകളിലേക്ക് വഴി ഒരുക്കുന്ന ആപ്പുകളും കമ്പനിയുടെ നയങ്ങള്‍ക്ക് എതിരാണെന്നും ഗൂഗിള്‍ പ്രസ്താവനയിറക്കി.

ഇന്ന് ഉച്ചയോടെയാണ് ആപ്പ് സസ്പെന്‍ഡ് ചെയ്യുകയാണെന്ന് കാണിച്ച് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും അറിയിപ്പ് ലഭിച്ചതെന്ന് പേടിഎം നേരത്തെ മറ്റൊരു ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ പ്രശ്നം പരിഹരിച്ചത് എങ്ങനെയാണെന്ന് പേടിഎം വ്യക്തമാക്കിയിട്ടില്ല. കമ്പനിയുടെ നിബന്ധനകള്‍ പാലിക്കാന്‍ തയ്യാറായാല്‍ പേടിഎമ്മിനെ വീണ്ടും പ്ലേ സ്റ്റോറില്‍ ഉള്‍പ്പെടുത്തുമെന്ന് ഗൂഗിള്‍ നേരത്തെ അറിയിച്ചിരുന്നു.