കേരളത്തിലെ നെല്‍വയല്‍ ഉടമകള്‍ക്ക് സന്തോഷവാര്‍ത്ത. വയല്‍ ഉടമകള്‍ക്ക് റോയല്‍റ്റി നല്‍കാന്‍ തയാറായിരിക്കുകയാണ് സംസ്ഥാന കൃഷിവകുപ്പ്. പദ്ധതി പ്രകാരം നെല്‍കൃഷി ചെയ്യാവുന്ന നെല്‍വയലുകള്‍ രൂപമാറ്റം വരുത്താതെ നിലനിര്‍ത്തി സംരക്ഷിക്കുകയും കൃഷിയോഗ്യമാക്കുകയും ചെയ്യുന്ന ഉടമകള്‍ക്ക് ഹെക്ടറിന് പ്രതിവര്‍ഷം 2000 രൂപ നിരക്കില്‍ റോയല്‍റ്റി അനുവദിക്കും.
പദ്ധതിക്ക് വേണ്ടി നാല്‍പ്പത് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 2 ലക്ഷം ഹെക്ടര്‍ സ്ഥലത്തിന്റെ ഉടമകള്‍ക്കായിരിക്കും ആദ്യ വര്‍ഷം റോയല്‍റ്റി ലഭിക്കുക. നിലവില്‍ നെല്‍കൃഷി ചെയ്യുന്ന ഭൂമിയുടെ ഉടമകള്‍ റോയല്‍റ്റിക്ക് അര്‍ഹരാണ്. നെല്‍വയലുകളില്‍ വിള പരിക്രമത്തിന്റെ ഭാഗമായി പയര്‍ വര്‍ഗങ്ങള്‍, പച്ചക്കറികള്‍, എള്ള്, നിലക്കടല തുടങ്ങിയ നെല്‍വയലുകളുടെ അടിസ്ഥാന സ്വഭാവവ്യതിയാനം വരുത്താത്ത ഹ്രസ്വകാല വിളകള്‍ കൃഷി ചെയ്യുന്ന നിലം ഉടമകള്‍ക്കും റോയല്‍റ്റിക്ക് അര്‍ഹത ഉണ്ടായിരിക്കും.
നെല്‍ വയലുകള്‍ തരിശായി ഇട്ടിരിക്കുന്ന ഭൂവുടമകള്‍ ആ ഭൂമി നെല്‍കൃഷിക്കായി സ്വന്തമായോ മറ്റു കര്‍ഷകര്‍/ഏജന്‍സികള്‍ മുഖേന ഉപയോഗപ്പെടുത്തുന്ന അടിസ്ഥാനത്തില്‍ റോയല്‍റ്റി അനുവദിക്കാം. എന്നാല്‍ ഈ ഭൂമി തുടര്‍ന്നും മൂന്നുവര്‍ഷം തുടര്‍ച്ചയായി തരിശായി കിടന്നാല്‍ പിന്നീട് റോയല്‍റ്റിക്ക് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. അതിനുശേഷം വീണ്ടും കൃഷി ആരംഭിക്കുന്ന മുറയ്ക്ക് റോയല്‍റ്റിക്ക് അര്‍ഹത ഉണ്ടായിരിക്കും.
റോയല്‍റ്റിക്കായുള്ള അപേക്ഷകള്‍ www.aims.kerala.gov.in എന്ന പോര്‍ട്ടലില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. കൃഷിക്കാര്‍ക്ക് വ്യക്തിഗത ലോഗിന്‍ ഉപയോഗിച്ച് സ്വന്തമായോ അക്ഷയകേന്ദ്രം വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. 202021 ലെ ബജറ്റില്‍ നെല്‍കൃഷി വികസനത്തിനായി ആകെ 118.24 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.