Home അറിവ് കോവിഡ് പരിശോധന സ്വയം നടത്താന്‍ അവസരം; കോവിസെല്‍ഫ് കിറ്റ് അടുത്തയാഴ്ച വിപണിയില്‍

കോവിഡ് പരിശോധന സ്വയം നടത്താന്‍ അവസരം; കോവിസെല്‍ഫ് കിറ്റ് അടുത്തയാഴ്ച വിപണിയില്‍

കോവിഡ് പരിശോധന സ്വയം നടത്താനുള്ള ‘കോവിസെല്‍ഫ്’ കിറ്റ് രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ വിപണിയിലെത്തും. മൈലാബ് ഡിസ്‌കവറി സൊല്യൂഷന്‍സ് ആണ് ഇത് വികസിപ്പിച്ചെടുത്തത്. കിറ്റ് ഉടന്‍ എത്തുമെന്നും മൈലാബ് തന്നെ അറിയിക്കുകയായിരുന്നു. കൂടാതെ, സര്‍ക്കാരിന്റെ ഇ-മാര്‍ക്കറ്റിങ് സൈറ്റിലും ഫ്‌ലിപ്കാര്‍ട്ടിലും കോവിസെല്‍ഫ് കിറ്റ് ലഭിക്കുമെന്ന് കമ്പനി അറിയിച്ചു.

250 രൂപയാണ് ഈ സ്വയം പരിശോധന കിറ്റിന്റെ വില. ഒരു ട്യൂബ്, മൂക്കില്‍ നിന്ന് സാംപിള്‍ എടുക്കാന്‍ അണുനശീകരണം നടത്തിയ ചെറിയ തണ്ട്, ടെസ്റ്റ് കാര്‍ഡ്, ഇവയൊക്കെ സുരക്ഷിതമായി കളയാനുള്ള ബാഗ് എന്നിവയാണ് കോവിസെല്‍ഫ് കിറ്റിലുണ്ടാവുക.

കിറ്റ് ഉപയോഗിച്ച് നടത്തുന്ന റാപ്പിഡ് ആന്റിജന്‍ പരിശോധനയുടെ ഫലം 15 മിനിറ്റില്‍ അറിയാന്‍ കഴിയും എന്നതാണ് ഒരു സവിശേഷത. അതേസമയം ഇത്തരത്തില്‍ പരിശോധനാകിറ്റ് ലഭിക്കുമ്പോള്‍ തുടര്‍ച്ചയായി പരിശോധന നടത്തേണ്ടതില്ലെന്നും ലക്ഷണമുള്ളവര്‍ മാത്രം കിറ്റ് ഉപയോഗിച്ചാല്‍ മതിയെന്നും നിര്‍ദേശമുണ്ട്.

രോഗലക്ഷണമുള്ളവര്‍ക്ക് നെഗറ്റീവ് ഫലം ലഭിച്ചാല്‍ ഉടന്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. അതേസമയം പോസിറ്റീവ് ആണെങ്കില്‍ സ്ഥിരീകരിക്കാനായി വീണ്ടും ആര്‍ടിപിസിആര്‍ നടത്തേണ്ടതില്ല.