Home അറിവ് എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാം; ഓഗസ്റ്റ് 31 വരെ സമയം

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാം; ഓഗസ്റ്റ് 31 വരെ സമയം

ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കല്‍, സര്‍ട്ടിഫിക്കേഷന്‍ തുടങ്ങിയ സേവനങ്ങള്‍ക്ക് സമയം നീട്ടി നല്‍കി. 2020 ജനുവരി ഒന്ന് മുതല്‍ 2021 മെയ് 31 വരെ രജിസ്ട്രേഷന്‍ പുതുക്കേണ്ടിയിരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2021 ഓഗസ്റ്റ് 31 വരെ രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം ലഭിക്കും.

03/2019 നോ അതിനു ശേഷമോ രജിസ്ട്രേഷന്‍ പുതുക്കേണ്ട എസ്‌സി/എസ്റ്റി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓഗസ്റ്റ് 31 വരെ പുതുക്കാനാവും. എസ്‌സി/എസ്റ്റി ഉദ്യോഗാര്‍ത്ഥികളുടെ പുതുക്കലുമായി ബന്ധപ്പെട്ട നിലവിലുള്ള മറ്റ് ഉത്തരവുകള്‍ക്ക് മാറ്റമില്ല.

eemployment.kerala.gov.in വഴി 2019 ഡിസംബര്‍ 20 മുതല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍/സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ നടത്തിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2021 ആഗസ്റ്റ് 31 വരെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പരിശോധനയ്ക്ക് ഹാജരാകാം.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയോ അല്ലാതെയോ താല്‍ക്കാലിക നിയമനം ലഭിച്ച് 2019 ഡിസംബര്‍ 20 മുതല്‍ ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ സാധിക്കാതിരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2021 ആഗസ്റ്റ് 31 വരെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനായി സമയം നീട്ടി നല്‍കി. www.eemployment.kerala.gov.in വെബ് സൈറ്റ് വഴി രജിസ്ട്രേഷന്‍, സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍, പുതുക്കല്‍ തുടങ്ങിയവ ഓണ്‍ലൈനായും നിര്‍വ്വഹിക്കാം.