Home നാട്ടുവാർത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയ ആ വാർത്ത ഇനി ഷെയർ ചെയ്യേണ്ടാട്ടാ.പണി പാളും…

കുട്ടിയെ തട്ടിക്കൊണ്ടുപോയ ആ വാർത്ത ഇനി ഷെയർ ചെയ്യേണ്ടാട്ടാ.പണി പാളും…

ആലപ്പുഴ ജില്ലയിലെ ആദിക്കാട്ടുകുളങ്ങരയില്‍ ഒരു സ്കൂള്‍ വിദ്യാര്‍ഥിയെ പകല്‍ സമയത്ത് നടുറോഡില്‍ ജീപ്പില്‍ എത്തിയ സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു എന്ന ഒരു വിഡിയോ കുറച്ച് ദിവസങ്ങളായി ഫെയ്‌സ്ബുക്കില്‍ വൈറലായിട്ടുണ്ട്.
കുട്ടിയോട് ജീപ്പില്‍ കയറാന്‍ ആവശ്യപ്പെടുകയും എന്നാല്‍ കുട്ടി കയറാന്‍ കൂട്ടാക്കഞ്ഞതോടെ ചൂരല്‍ വടി ഉപയോഗിച്ച് അടിച്ചെന്നും വീഡിയോയില്‍ പറയുന്നു. ഭയന്ന് ഒരു വീട്ടിലേക്ക് ഓടിക്കയറിയ കുട്ടിയോട് വിവരങ്ങള്‍ ചോദിച്ചറിയുന്നതാണ് വീഡിയോയിലുള്ളത്. തട്ടിക്കൊണ്ടുപോകാന്‍ വന്ന സംഘം സഞ്ചരിച്ചത് കറുത്ത ജീപ്പാണെന്നും അതിന്‍റെ നമ്പര്‍ KL 64 D 777 ആണെന്നും കുട്ടി വീഡിയോയില്‍ പറയുന്നുണ്ട്. തട്ടിക്കൊണ്ടു പോയ ജീപ്പിന്റെ നമ്പർ പറയുന്ന കുട്ടിയുടെ വീഡിയോ സമൂഹ മാധ്യമത്തിൽ പ്രചരിച്ചതോടെ വാഹന ഉടമ പൊല്ലാപ്പിലായി. ചാലക്കുടി സ്വദേശി ദിലീപ് നാരായണനാണ് ജീപ്പിന്റെ ഉടമ.
തട്ടിക്കൊണ്ടു പോകൽ പ്രചരിച്ചതോടെ നൂറനാട് പൊലീസ് അറിയിച്ചതിനെ തുടർന്ന് മുക്കാൽ മണിക്കൂറിനുള്ളിൽ ചാലക്കുടി പോലീസ് ദിലീപിന്റെ വീട്ടിലെത്തി. അന്വേഷിക്കാനെത്തിയപ്പോൾ ജീപ്പ് ചാലക്കുടിയിലെ വീട്ടിലുണ്ടെന്ന് കണ്ടു.ഇതോടെ എവിടെയോ വശപ്പിശകുണ്ടെന്ന് പോലീസിന് ബോധ്യമായി.
ഇതിനിടെ, വാഹന ഉടമയുടെ വിലാസവും ഫോൺ നമ്പറും തപ്പിയെടുത്ത് ചിലർ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തു. ഇതോടെ ദിലീപിനു നിലയ്ക്കാതെ ഫോൺ കോളുകൾ എത്തി. പലരും ഫോണിൽ ഭീഷണിപ്പെടുത്തുകയും ചെയ്തു. മാത്രമല്ല ദിലീപിന് ജീപ്പുമായി പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ്. എവിടെ ജീപ്പ് കണ്ടാലും ആളുകൂടും.ദാ കുട്ടിയെ തട്ടിക്കൊണ്ടുപോയ വണ്ടിയെന്ന് പറഞ്ഞ് തടയും.ഇതോടെ ദിലീപ് സൈബർ സെല്ലിൽ പരാതി നൽകി. വ്യാജവാർത്ത പിൻവലിക്കാത്ത യു ട്യൂബ്, ഫേസ്ബുക്ക് അക്കൗണ്ട് ഉടമകൾക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് പരാതി. ഇതേ സമയം ഒന്‍പതാം ക്ലാസുകാരന്‍ പറഞ്ഞ തട്ടിക്കൊണ്ടുപോകല്‍ വെറും ഭാവന മാത്രമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ കണ്ട ഒരു നല്ല ജീപ്പിന്റെ നമ്പർ കഥയിൽ കൂട്ടിച്ചേർത്തുവെന്ന് മാത്രം. പോരേ പൂരം. എന്തെങ്കിലും വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർ ഒരു നിമിഷം ചിന്തിക്കണം. സംഗതി സത്യമാണോയെന്ന്. ഇല്ലെങ്കിൽ പണി പാളും.