Home അറിവ് വാക്‌സിനെടുത്ത വിമാന യാത്രക്കാര്‍ക്ക് 10 ശതമാനം ഡിസ്‌കൗണ്ട്; ഓഫറുമായി ഇന്‍ഡിഗോ

വാക്‌സിനെടുത്ത വിമാന യാത്രക്കാര്‍ക്ക് 10 ശതമാനം ഡിസ്‌കൗണ്ട്; ഓഫറുമായി ഇന്‍ഡിഗോ

കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ഇളവുകള്‍ നല്‍കി പ്രമുഖ വിമാന കമ്പനിയായ ഇന്‍ഡിഗോ എയര്‍ലൈന്‍. പത്ത് ശതമാനം ഡിസ്‌ക്കൗണ്ടാണ് കമ്പനി പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു വിമാന കമ്പനി ഇത്തരത്തില്‍ ഒരു ഓഫറുമായി രംഗത്ത് വരുന്നത്.

കോവിഡ് വാകസിന്റെ ആദ്യ ഡോസ് മാത്രം സ്വീകരിച്ചവര്‍ക്കും ഇത് പ്രയോജനപ്പെടുത്താന്‍ സാധിക്കുമെന്ന് കമ്പനി അറിയിച്ചു. അടിസ്ഥാന ടിക്കറ്റ് നിരക്കിന്റെ പത്തുശതമാനമാണ് ഡിസ്‌ക്കൗണ്ടായി അനുവദിക്കുക. 18 വയസിന് മുകളില്‍ വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ഇത് പ്രയോജനപ്പെടുത്താം.

ബുക്ക് ചെയ്യുന്ന സമയത്ത് ഇന്ത്യയിലായിരിക്കണമെന്ന് കമ്പനിയുടെ പ്രസ്താവനയില്‍ പറയുന്നു. ഡിസ്‌ക്കൗണ്ട് പ്രയോജനപ്പെടുത്താന്‍ ആഗ്രഹമുള്ളവര്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. വിമാനത്താവളത്തിലെ ചെക്ക്- ഇന്‍- കൗണ്ടറില്‍ ആരോഗ്യസേതു മൊബൈല്‍ ആപ്പിലെ വാക്സിനേഷന്‍ സ്റ്റാറ്റസ് കാണിച്ചാലും മതിയെന്ന് പ്രസ്താവനയില്‍ പറയുന്നു.

അതേസമയം, പരിമിതമായ യാത്രക്കാര്‍ക്ക് മാത്രമാണ് ഇത് പ്രയോജനപ്പെടുത്താന്‍ കഴിയുക. മറ്റു ഓഫറുകളുമായി ഇതിനെ കൂട്ടികുഴയ്ക്കരുതെന്നും പ്രസ്താവനയില്‍ പറയുന്നു.