ഒരാളില്‍ തന്നെ കോവാക്സീനും കോവിഷീല്‍ഡും രണ്ട് ഡോസുകളായി ഇടകലര്‍ത്തി നല്‍കുമ്പോള്‍ മികച്ച പ്രതിരോധ ഫലം ലഭിക്കുന്നതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ പഠനം. ഇത് സുരക്ഷിതമാണെന്നും മികച്ച പ്രതിരോധ ശേഷി വൈറസുകള്‍ക്കെതിരെ നല്‍കുന്നുണ്ടെന്നും പഠനത്തില്‍ കണ്ടെത്തി.
ഇന്ത്യയില്‍ വാക്സിനേഷന്‍ നല്‍കി തുടങ്ങി നാലു മാസം പിന്നിടുന്ന അവസരത്തില്‍ ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ത്ഥ് നഗറിലുള്ള 18 പേര്‍ക്ക് ആദ്യ ഡോസായി കോവിഷീല്‍ഡും രണ്ടാം ഡോസായി കോവാക്സീനും അബദ്ധത്തില്‍ നല്‍കിയിരുന്നു. ഇത്തരത്തില്‍ വാക്സീനുകള്‍ ഇടകലര്‍ത്തി നല്‍കിയത് സൃഷ്ടിച്ച പരിഭ്രാന്തിയെ തുടര്‍ന്നാണ് ഇതിനെ കുറിച്ച് പഠിക്കാന്‍ ഐസിഎംആര്‍ തീരുമാനിച്ചത്.
തുടര്‍ന്ന് ഈ 18 പേര്‍ക്കൊപ്പം 22 വോളന്റിയര്‍മാരിലും കോവിഷീല്‍ഡും കോവാക്സീനും ഒന്നും രണ്ടും ഡോസായി നല്‍കി. 2021 മെയ് മുതല്‍ ജൂണ്‍ വരെയാണ് പഠനം നടത്തിയത്. ഒരു വാക്സീന്റെ തന്നെ രണ്ട് ഡോസും ലഭിച്ചവരും ഈ 40 പേരുമായി വാക്സീന്‍ സുരക്ഷയുടെ കാര്യത്തിലും പ്രതിരോധ ശേഷിയുടെ കാര്യത്തിലും താരതമ്യപഠനം നടത്തി.
ആല്‍ഫ, ബീറ്റ, ഡെല്‍റ്റ വകഭേദങ്ങള്‍ക്കെതിരെ മെച്ചപ്പെട്ട പ്രതിരോധം വാക്സീന്‍ ഇടകലര്‍ത്തി നല്‍കിയവരില്‍ ഉണ്ടായതായി പഠനത്തില്‍ തെളിഞ്ഞു. ഇവരുടെ ശരീരത്തിലെ IgG, ന്യൂട്രലൈസിങ്ങ് ആന്റിബോഡികളുടെ പ്രതികരണവും മികച്ചതായിരുന്നു. വാക്സീന്‍ ഇടലകര്‍ത്തി നല്‍കിയവരില്‍ പൊതുവായി കണ്ട പാര്‍ശ്വഫലം കുത്തിവയ്പ്പെടുത്ത സ്ഥലത്തെ വേദനയായിരുന്നു. ഇത് ഒരേ വാക്സീന്‍ തന്നെ രണ്ട് ഡോസ് എടുത്തവരിലും പൊതുവായി കാണപ്പെടുന്ന പാര്‍ശ്വഫലം തന്നെയാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി. തൊലിചുവന്ന് തടിക്കല്‍, മനംപിരട്ടല്‍, ഛര്‍ദ്ദി, ചുമ പോലുള്ള പാര്‍ശ്വഫലങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
വാക്സീന്‍ ദൗര്‍ലഭ്യം ഉയര്‍ത്തുന്ന വെല്ലുവിളികളെ മറികടക്കാന്‍ ഈ കണ്ടെത്തല്‍ സാധിക്കുമെന്ന് ഗവേഷകര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. എന്നാല്‍ ഇത് സ്ഥിരീകരിക്കാന്‍ നിരവധി കേന്ദ്രങ്ങളിലായുള്ള കൂടുതല്‍ വിശാലമായ പഠനം ആവശ്യമാണെന്നും ഐസിഎംആര്‍ പഠനം കൂട്ടിച്ചേര്‍ത്തു.