Home അറിവ് കോലു മിഠായി, ബലൂണ്‍, ഐസ് ക്രീം എന്നിവയ്ക്ക് പ്ലാസ്റ്റിക് സ്റ്റിക്കുകള്‍ പാടില്ല; നിരോധനം ജനുവരി ഒന്ന്...

കോലു മിഠായി, ബലൂണ്‍, ഐസ് ക്രീം എന്നിവയ്ക്ക് പ്ലാസ്റ്റിക് സ്റ്റിക്കുകള്‍ പാടില്ല; നിരോധനം ജനുവരി ഒന്ന് മുതല്‍

ലൂണ്‍, മിഠായി, ഐസ് ക്രീം എന്നിവയിലെ പ്ലാസ്റ്റിക്ക് സ്റ്റിക്കുകളുടെ ഉപയോഗം കുറയ്ക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പാര്‍ലിമെന്റിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. പ്ലാസ്റ്റിക്കുകളുടെ ഉപയോഗം ഘട്ടം ഘട്ടമായി കുറയ്ക്കുന്നത് സംബന്ധിച്ച ചോദ്യത്തിന് കേന്ദ്ര പരിസ്ഥിതി സഹ മന്ത്രി അശ്വിനി ചൗബെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ നിരോധനം സംബന്ധിച്ച് ഈ വര്‍ഷം ആദ്യം കരട് വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. വിജ്ഞാപന പ്രകാരം ഇത്തരം പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ നിര്‍മാണം, ഇറക്കുമതി, സംഭരണം, വിതരണം, വില്‍പ്പന, ഉപയോഗം എന്നിവ 2022 ജനുവരി ഒന്ന് മുതല്‍ പൂര്‍ണമായി നിരോധിക്കാന്‍ നിര്‍ദ്ദേശിച്ചതായി അദ്ദേഹം വ്യക്തമാക്കി.

പ്ലാസ്റ്റിക്ക് സ്റ്റിക്ക് ഉപയോഗിച്ചുള്ള ബട്സുകള്‍, ബലൂണില്‍ ഘടിപ്പിച്ചിരിക്കുന്ന സ്റ്റിക്കുകള്‍, പ്ലാസ്റ്റിക്ക് കൊടികള്‍, മിഠായി സ്റ്റിക്കുകള്‍, ഐസ് ക്രീം സ്റ്റിക്കുകള്‍, അലങ്കാരത്തിനായി ഉപയോഗിക്കുന്ന തെര്‍മോക്കോള്‍ ഉത്പന്നങ്ങള്‍ എന്നിവയ്ക്കാണ് ജനുവരി ഒന്ന് മുതല്‍ നിരോധനം വരുന്നത്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാറ്റിക്ക് പ്ലെയ്റ്റുകള്‍, കപ്പുകള്‍, ഗ്ലാസുകള്‍, ഫോര്‍ക്ക്, സ്പൂണ്‍, കത്തി, സ്ട്രോ, കണ്ടെയ്നര്‍, പിവിസി ബാനറുകള്‍, 100 മൈക്രോണിന് താഴെയുള്ള പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ എന്നിവയ്ക്ക് 2022 ജൂലൈ ഒന്ന് മുതലും നിരോധനം വരും. ഒറ്റത്തവണ ഉപയോഗിക്കുന്ന 120 മൈക്രോണില്‍ കുറവുള്ള, റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക്ക് ഉപയോഗിച്ച് നിര്‍മിച്ച കാരി ബാഗുകള്‍ക്ക് വ്യവസ്ഥകള്‍ ബാധകമല്ലെന്നും മന്ത്രി രേഖാമൂലം മറുപടി നല്‍കി.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ നിര്‍മാര്‍ജനത്തിനായി ചീഫ് സെക്രട്ടറി അല്ലെങ്കില്‍ അഡ്മിനിസ്ട്രേറ്ററുടെ കീഴില്‍ പ്രത്യേക ടാസ്‌ക് ഫോഴ്സ് രൂപീകരിച്ച് നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി വ്യക്തമാക്കി. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം കുറയ്ക്കുന്നതിനും സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള മറ്റൊരു ചോദ്യത്തിന് മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനകം 14 സംസ്ഥാനങ്ങള്‍, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ പ്രത്യേക ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചിട്ടുണ്ട്. 2016 ലെ പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജന നിയമങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതിന് പരിസ്ഥിതി മന്ത്രാലയം ദേശീയതലത്തില്‍ ടാസ്‌ക് ഫോഴ്സിനെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.