Home അറിവ് രാജ്യാന്തര വിമാനയാത്ര ഇനിയും വൈകും; വിലക്ക് ജൂലൈ 31 വരെ നീട്ടി

രാജ്യാന്തര വിമാനയാത്ര ഇനിയും വൈകും; വിലക്ക് ജൂലൈ 31 വരെ നീട്ടി

രാജ്യാന്തര വിമാനസര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് വീണ്ടും നീട്ടി. ജൂലൈ 31 വരെയാണ് ഡിജിസിഎ വിലക്ക് നീട്ടിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നുണ്ടെങ്കിലും വ്യാപനം പൂര്‍ണമായി നിയന്ത്രണവിധേയായിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് രാജ്യാന്തര വിമാനസര്‍വീസുകള്‍ക്കുള്ള വിലക്ക് നീട്ടിയത്.

കോവിഡ് ഒന്നാംതരംഗത്തിന്റെ തുടക്കത്തിലാണ് രാജ്യാന്തര വിമാനസര്‍വീസുകള്‍ക്ക് ആദ്യമായി വിലക്ക് ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് വിലക്ക് നീട്ടുകയായിരുന്നു. എന്നാല്‍ പ്രത്യേക വിമാന സര്‍വീസുകള്‍ക്കും കാര്‍ഗോ സര്‍വീസിനും തടസ്സം ഉണ്ടാവില്ലെന്ന് ഡിജിസിഎ അറിയിച്ചു. രാജ്യാന്തര വിമാനസര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി 2020 ജൂണില്‍ ഇറക്കിയ സര്‍ക്കുലറാണ് വീണ്ടും ഭേദഗതി ചെയ്തത്.

നിലവില്‍ വിവിധ രാജ്യങ്ങളുമായി സഹകരിച്ച് പ്രത്യേക വിമാനസര്‍വീസുകള്‍ നടത്തുന്നുണ്ട്. ഇതിന് തടസമുണ്ടാവില്ലെന്ന് ഡിജിസിഎ അറിയിച്ചു. അമേരിക്ക, ബ്രിട്ടന്‍, യുഎഇ, കെനിയ, ഭൂട്ടാന്‍, ഫ്രാന്‍സ് തുടങ്ങി 27 രാജ്യങ്ങളുമായി സഹകരിച്ചാണ് ‘എയര്‍ ബബിള്‍’ എന്ന ധാരണയുടെ അടിസ്ഥാനത്തില്‍ പ്രത്യേക വിമാന സര്‍വീസുകള്‍ നടത്തുന്നത്. കഴിഞ്ഞവര്‍ഷം മാര്‍ച്ച് 23 മുതലാണ് രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് ഇന്ത്യയില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.