Home അറിവ് ഫംഗസിനും മുഖക്കുരുവിനും സ്വയം ചികിത്സയാണോ?; മരുന്നുകളിലെ സ്റ്റിറോയ്ഡ് സാന്നിധ്യം വില്ലനാകും

ഫംഗസിനും മുഖക്കുരുവിനും സ്വയം ചികിത്സയാണോ?; മരുന്നുകളിലെ സ്റ്റിറോയ്ഡ് സാന്നിധ്യം വില്ലനാകും

A tube of hydrocortisone cream on a domestic bathroom top with a blue background. 930857676

ഫംഗസ് അണുബാധയും മുഖക്കുരുവുമൊക്കെ സ്വയം ചികിത്സിക്കുന്നവരാണ് മിക്കവരും. എന്നാല്‍ ഇതില്‍ വലിയൊരു ശതമാനം രോഗികള്‍ സ്റ്റിറോയിഡ് ക്രീമുകള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് പഠനം. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്)റായ്പൂര്‍ നടത്തിയ പഠനത്തില്‍ 80 ശതമാനം രോഗികള്‍ സ്റ്റിറോയിഡ് ക്രീമുകള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് കണ്ടെത്തി.

എന്നാലിതിന്റെ ഫലമായി ഗുരുതര ത്വക്ക് രോഗങ്ങളാണ് കണ്ടുവരുന്നതെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി. ചര്‍മ്മം ചുവക്കുക, പഴുപ്പ് നിറഞ്ഞ മുറിവുകള്‍, ചര്‍മ്മ അണുബാധകള്‍, ചര്‍മ്മം ചുരുങ്ങുക, അസാധാരണമായ രോമവളര്‍ച്ചയോടെ മുഖത്തെ ചര്‍മ്മം വിളരുക തുടങ്ങി പലതരം പ്രശ്‌നങ്ങളാണ് ഇതിനോടനുബന്ധമായി കണ്ടെത്തിയത്. എയിംസിന്റെ ഡെര്‍മറ്റോളജി വിഭാഗമാണ് ഈ വിഷയത്തില്‍ പഠനം നടത്തിയത്.

350 രോഗികളില്‍ കോര്‍ട്ടികോസ്റ്റീറോയിഡുകളെക്കുറിച്ചുള്ള അറിവും മനോഭാവവും വിലയിരുത്താനാണ് പഠനം നടത്തിയത്. സോറിയാസിസ്, എക്‌സിമ, വിറ്റിലിഗോ തുടങ്ങിയ ചര്‍മ്മരോഗങ്ങളില്‍ സാധാരണയായി ഉപയോഗിക്കുന്ന മരുന്നുകളില്‍ ഒന്നാണ് ടോപ്പിക്കല്‍ സ്റ്റിറോയിഡുകള്‍. ശരിയായ വിവരം നേടാതെ ഈ ക്രീമുകള്‍ രോഗികള്‍ പതിവായി ദുരുപയോഗം ചെയ്യുന്നു. വളരെ എളുപ്പത്തില്‍ വിലക്കുറവില്‍ വിപണിയില്‍ ലഭിക്കുന്നതാണ് ഈ സ്വയം ചികിത്സയുടെ പ്രധാന കാരണം. ഇത്തരം രോ?ഗികള്‍ സ്‌കിന്‍ ഡോക്ടറുടെ അടുക്കല്‍ എത്തുമ്പോഴേക്കും ചര്‍മ്മം വീണ്ടെടുക്കാന്‍ സാധിക്കാത്തവണ്ണം മോശമായ അവസ്ഥയില്‍ എത്തിയിട്ടുണ്ടാകുമെന്ന് പഠനം പറയുന്നു.

പഠനത്തില്‍ പങ്കെടുത്തവരില്‍ 40 ശതമാനം പേര്‍ക്ക് സ്റ്റിറോയിഡ് ക്രീമുകള്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച് നല്‍കിയിട്ടുണ്ട്. 55 ശതമാനം പേരാകട്ടെ സ്വയം തീരുമാനിച്ച് ഇത്തരം ക്രീമുകള്‍ ഉപയോഗിക്കുന്നവരാണ്. 5ശതമാനം രോഗികള്‍ മാത്രമാണ് ഇവ ഉപയോഗിക്കുന്നതിന് മുമ്പ് ത്വക്ക് രോഗവിദഗ്ധരുടെ ഉപദേശം തേടുന്നത്. ഏത് പേരിലുള്ള സ്‌കിന്‍ ക്രീം ഉപയോഗിക്കുന്നതിന് മുമ്പും അവയില്‍ എന്തെല്ലാമാണ് അടങ്ങിയിട്ടുള്ളതെന്ന് മനസ്സിലാക്കണമെന്നും സ്റ്റിറോയിഡുകളായ ക്ലോബെറ്റാസോള്‍, ബെറ്റാമെത്തസോണ്‍ എന്നിവ ഉണ്ടോ എന്ന് പരിശോധിക്കണമെന്നും ഗവേഷകര്‍ പറഞ്ഞു.