Home അറിവ് പിഎഫ് പലിശ നിരക്ക് 8.5 ശതമാനം നിലനിർത്താൻ ധനമന്ത്രാലയത്തിന്റെ അംഗീകാരം

പിഎഫ് പലിശ നിരക്ക് 8.5 ശതമാനം നിലനിർത്താൻ ധനമന്ത്രാലയത്തിന്റെ അംഗീകാരം

പിഎഫ് പലിശ നിരക്ക് 8.5 ശതമാനം നിലനിർത്താനുള്ള ആവശ്യങ്ങൾക്ക് ധനമന്ത്രാലയത്തിന്റെ അംഗീകാരം. കഴിഞ്ഞ സാമ്പത്തികവർഷം പിഎഫ് നിക്ഷേപങ്ങൾക്കുള്ള പലിശനിരക്ക് 8.5 ശതമാനമായി നിലനിർത്തണമെന്ന നിർദേശം കേന്ദ്ര ധനകാര്യമന്ത്രാലയം അംഗീകരിച്ചു. ആറു കോടി ജീവനക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

മാർച്ചിലാണ് 2020-21 സാമ്പത്തികവർഷത്തെ പിഎഫ് പലിശനിരക്കായി 8.5 ശതമാനം പ്രഖ്യാപിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ പിഎഫ് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്നത് വർധിച്ചതും ജീവനക്കാരുടെ വിഹിതത്തിൽ കുറവ് സംഭവിച്ചതുമാണ് പലിശനിരക്കിൽ മാറ്റം വരുത്തേണ്ട എന്ന തീരുമാനത്തിലേക്ക് ഇപിഎഫ്ഒയുടെ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസിനെ നയിച്ചത്. എന്നാൽ ധനമന്ത്രാലയം ഇതിന് അംഗീകാരം നൽകാൻ താമസിച്ചതോടെ ഇത് യാഥാർഥ്യമാകാൻ ആറുമാസത്തിലേറെ സമയമെടുത്തു. ദീപാവലിയോടനുബന്ധിച്ച് പ്രഖ്യാപനം ഉണ്ടാവുമെന്ന് അടുത്തിടെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഉടൻ തന്നെ പിഎഫ് വരിക്കാരുടെ അക്കൗണ്ടുകളിലേക്ക് വിഹിതം വരവുവെയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ.

മറ്റു സർക്കാർ പദ്ധതികളെ അപേക്ഷിച്ച് പിഎഫ് പലിശനിരക്ക് ഉയർന്ന തോതിൽ നിൽക്കുന്നതിൽ ധനമന്ത്രാലയം ചില എതിർപ്പുകൾ ഉന്നയിച്ചിരുന്നു. പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെയും ലഘുസമ്പാദ്യ പദ്ധതികളുടെയും പലിശനിരക്കാണ് ഇതിനായി പ്രധാനമായി ധനമന്ത്രാലയം ഉയർത്തിക്കാണിച്ചത്. അതുകൊണ്ടാണ് മുൻ സാമ്പത്തികവർഷത്തെ പലിശനിരക്ക് അംഗീകരിക്കുന്നതിൽ കാലതാമസം നേരിട്ടത്. എന്നാൽ അടുത്തിടെ ധനമന്ത്രാലയത്തിലെയും തൊഴിൽ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥർ വിഷയം ചർച്ച ചെയ്ത് ധാരണയിൽ എത്തുകയായിരുന്നു.