Home നാട്ടുവാർത്ത ജ്യോത്സ്യൻ പറഞ്ഞു.ജീവജ്യോതിയെ കണ്ണ് വെച്ചു. ദോശ രാജാവ് ശരവണ ഭവൻ രാജഗോപാലിന് ശിഷ്ടകാലം ജയിൽ.

ജ്യോത്സ്യൻ പറഞ്ഞു.ജീവജ്യോതിയെ കണ്ണ് വെച്ചു. ദോശ രാജാവ് ശരവണ ഭവൻ രാജഗോപാലിന് ശിഷ്ടകാലം ജയിൽ.

രാജ്യത്തിനകത്തും പുറത്തും ദോശ രാജാവായി വിലസിയ ശരവണ ഭവന്‍ ഹോട്ടല്‍ ശൃംഖലയുടെ ഉടമ പി രാജഗോപാല്‍ ഇനി ജയിലിലേക്ക്. കൊലപാതകക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട രാജഗോപാലിനെതിരായ വിധി സുപ്രിംകോടതി കൂടി ശരിവച്ചതോടെ ഹോട്ടല്‍ മുതലാളിക്ക് ഇനി മുതല്‍ ജയിലിലെ ഭക്ഷണം കഴിച്ചു കഴിയാം.
തന്റെ ഗുരുവായി കണ്ടിരുന്ന ജ്യോത്സ്യന്റെ വാക്കുകള്‍ വിശ്വസിച്ച് ഹോട്ടല്‍ ജീവനക്കാരന്റെ ഭാര്യയെ മൂന്നാം ഭാര്യയാക്കാനുള്ള ശ്രമമാണ് രാജഗോപാലിനെ ജയിലിലേക്കെത്തിച്ചത്. ജീവജ്യോതിയെ വിവാഹം ചെയ്താല്‍ ബിസിനസ് സാമ്രാജ്യം കൂടുതല്‍ വളരുമെന്നായിരുന്നു ജ്യോതിഷിയുടെ ഉപദേശം. നേരത്തേ തന്നെ രാജഗോപാലിന് വലിയ താല്‍പര്യമുണ്ടായിരുന്ന ജീവജ്യോതിയെ സ്വന്തമാക്കാനായി പിന്നീട് ഇയാളുടെ ശ്രമം.
ഭര്‍ത്താവ് ശാന്തകുമാറിനെ ഒഴിവാക്കി തന്നെ സ്വീകരിക്കണമെന്ന മുതലാളിയുടെ ആവശ്യം ജീവജ്യോതി നിരസിച്ചു. പ്രലോഭനവും ഭീഷണിയുമൊക്കെയായി രാജഗോപാലിന്റെ ശല്യം സഹിക്കാനാകാതെ ഇരുവരും ഒളിച്ചോടി. എന്നാല്‍ രാജഗോപാല്‍ വിട്ടില്ല. അവരെ പോയി കണ്ട് പണവും സ്വര്‍ണവും നല്‍കി പ്രലോഭിപ്പിച്ചു. എന്നാല്‍ ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ മാത്രം ജീവജ്യോതി തയ്യാറായില്ല.
അതോടെ ശാന്തകുമാറിനെ കൊല്ലാന്‍ രാജഗോപാല്‍ അഞ്ച് ലക്ഷം രൂപയുടെ ക്വട്ടേഷന്‍ നല്‍കി. ഒരിക്കല്‍ രക്ഷപ്പെട്ട ശാന്തകുമാറിനെയും കുടുംബത്തെയും വീണ്ടും പിടികൂടിയ ശേഷം മന്ത്രവാദത്തിനെന്നു പറഞ്ഞ് വിദൂര ഗ്രാമത്തില്‍ കൊണ്ടുപോയി. അതിനു ശേഷമാണ് 2001 ഒക്ടോബര്‍ 3ന് കൊടൈക്കനാലില്‍ ശാന്തകുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.
കൊടൈക്കനാലിലെ അജ്ഞാത ജഡം ശാന്തകുമാറിന്റേതാണെന്ന് തിരിച്ചറിഞ്ഞ പോലീസ് രാജഗോപാല്‍ ഉള്‍പ്പെടെയുള്ളവരെ പിടികൂടി. കോടതികള്‍ ശിക്ഷിച്ചെങ്കിലും ഏതാനും മാസങ്ങളിലെ ജയില്‍ ജീവിതം കഴിഞ്ഞു ജാമ്യത്തിലിറങ്ങി. ജീവജ്യോതിക്ക് ആറ് ലക്ഷം രൂപ കൊടുത്ത് കേസൊതുക്കാനായിരുന്നു ജാമ്യത്തിലിറങ്ങി ആദ്യ ശ്രമം. എന്നാല്‍ ഒന്നിനും ജീവജ്യോതി വഴങ്ങിയില്ല. അവസാനം സുപ്രീം കോടതിയും ജീവപര്യന്തം ശരിവച്ചതോടെ വീണ്ടും ജയിലിലേക്ക് വഴിതുറക്കുകയായിരുന്നു.
1981ചെന്നൈ നഗരത്തിലെ കെ.കെ നഗറില്‍ പലചരക്ക് കട നടത്തുകയായിരുന്ന രാജഗോപാലിനെ ഹോട്ടല്‍ വ്യാപാരത്തിലേക്ക് വഴിതിരിച്ചുവിട്ടത് ജ്യോതിഷിയായിരുന്നു. അങ്ങനെയാണ് കാമാച്ചി ഭവന്‍ എന്ന ഭക്ഷണശാല ഏറ്റെടുത്ത് അതിന് ശരവണ ഭവന്‍ പേരിട്ടത്. ഉന്നത ഗുണനിലവാരവും കുറഞ്ഞ വിലയും ആളുകളെ ആകര്‍ഷിച്ചു. രുചിയും വൃത്തിയും വലിയ ജനപ്രീതിയുണ്ടാക്കി. വെളിച്ചെണ്ണയായിരുന്നു പ്രധാന പാചക എണ്ണ. ഇഡ്‌ലിയിലും മസാല ദോശയിലും ശരവണ ഭവന്‍ ചരിത്രം രചിച്ചു. അങ്ങനെയാണ് രാജ്യത്തിനകത്തും പുറത്തുമായി നൂറുകണക്കിന് ബ്രാഞ്ചുകള്‍ തുറക്കാന്‍ അദ്ദേഹത്തിന് സാധിച്ചത്.
1972ലായിരുന്നു രാജഗോപാലിന്റെ ആദ്യ വിവാഹം. അതില്‍ രണ്ടാണ്‍മക്കളുണ്ട്. 1994ല്‍ രണ്ടാം വിവാഹം. അതും ജ്യോതിഷിയുടെ ഉപദേശപ്രകാരമായിരുന്നു. മൂന്നാം വിവാഹത്തിനും ഉപദേശിച്ചത് ജ്യോതിഷി തന്നെ. സാമ്പത്തിക അഭിവൃദ്ധി കൈവരിക്കുകയായിരുന്നുവത്രെ ലക്ഷ്യം. എന്നാല്‍ മൂന്നാം വിവാഹത്തിനുള്ള ജ്യോല്‍സ്യന്റെ ഉപദേശം ദോശ രാജാവെന്ന രാജഗോപാലിനെ ജയിലിലെത്തിക്കുകയായിരുന്നു. ശേഷിക്കുന്ന കാലം ഉണ്ട തിന്നാം