Home വിശ്വാസം കുളത്തിൽ നിന്ന് വിഗ്രഹമെടുത്തു. വരദരാജപെരുമാൾ ദർശനം നൽകി.നാൽപത് വർഷത്തിന് ശേഷം…

കുളത്തിൽ നിന്ന് വിഗ്രഹമെടുത്തു. വരദരാജപെരുമാൾ ദർശനം നൽകി.നാൽപത് വർഷത്തിന് ശേഷം…

കാഞ്ചീപുരം വരദരാജ പെരുമാൾ ക്ഷേത്രത്തിൽ 40 വർഷം കൂടുമ്പോൾ മാത്രമുള്ള പ്രതിഷ്ഠാദർശനം തുടരുന്നു. 48 ദിവസം നീളുന്ന ദർശനം 2019 ഓഗസ്റ്റ് 17 വരെയുണ്ടായിരിക്കും. 12 അടി ഉയരമുള്ള വിഗ്രഹം ക്ഷേത്രക്കുളത്തിൽനിന്ന് കഴിഞ്ഞദിവസം പുറത്തെടുത്തു. അവസാനമായി 1979-ലാണ് വിഗ്രഹം പുറത്തെടുത്ത് ദർശനം നടത്തിയത്.ആദ്യ 40 ദിവസം വിഗ്രഹം കിടക്കുന്ന രീതിയിലായിരിക്കും ദർശനം. അവസാന എട്ട് ദിവസം നിൽക്കുന്ന രീതിയിലേക്ക് പ്രതിഷ്ഠ മാറ്റും. അധിനിവേശകാലത്ത് അക്രമികളിൽ നിന്ന് സംരക്ഷിക്കുന്നതിനായി 16-ാം നൂറ്റാണ്ടിലാണ് അത്തിമരത്തിൽ രൂപകൽപന ചെയ്ത വിഗ്രഹം കുളത്തിനടിയിലെ പെട്ടകത്തിൽ സൂക്ഷിച്ചത്. പിന്നീട് വിഗ്രഹം കണ്ടെത്താനാകാതെ വന്നതോടെ പുതിയ കൽവിഗ്രഹം പണിത് ക്ഷേത്രത്തിൽ പൂജ തുടർന്നു. 40 വർഷങ്ങൾക്ക് ശേഷം 1709-ൽ ക്ഷേത്രക്കുളം വറ്റിച്ചപ്പോഴാണ് പിന്നീട് യഥാർഥ വിഗ്രഹം കണ്ടെടുത്തത്. ഇതോടെ നാല്പത് വർഷത്തിലൊരിക്കൽ കുളത്തിൽനിന്ന് വിഗ്രഹം പുറത്തെടുത്ത് പൂജിക്കാൻ തീരുമാനിക്കുകയായിരുന്നു.
അപൂർവ ദർശനത്തിന് ലക്ഷക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിലെത്തുന്നത്.
വിശിഷ്ടാദ്വൈതാചാര്യന്‍ രാമാനുജന്‍റെ കര്‍മ്മമണ്ഡലം ഈ ക്ഷേത്രമായിരുന്നു.
തമിഴ്നാട്ടിലെ പുണ്യനഗരമായ കാഞ്ചീപുരത്ത് സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ പ്രമുഖ വൈഷ്ണവ ക്ഷേത്രങ്ങളിലൊന്നാണ് വരദരാജ പെരുമാള്‍ ക്ഷേത്രം. ഹസ്തഗിരി എന്നും, ആട്ടിയുരന്‍ എന്നും ഈ ക്ഷേത്രം അറിയപ്പെടാറുണ്ട്. കാഞ്ചീപുരത്തെ ക്ഷേത്രനഗരമായ വിഷ്ണുകാഞ്ചിയിലാണ് വരദരാജ പെരുമാള്‍ വാണരുളുന്നത്.
ഹൈന്ദവ ചിന്താധാരയിലെ അമൂല്യനിധികളിലൊന്നായ വിശിഷ്ടാദ്വൈതത്തിന്‍റെ ഉപജ്ഞാതാവ് രാമാനുജന്‍റെ കര്‍മ്മമണ്ഡലം ഈ ക്ഷേത്രമായിരുന്നു. വൈഷ്ണവ ക്ഷേത്രങ്ങളുടെ കേന്ദ്രമായ വിഷ്ണുകാഞ്ചിയിലെ എകാംബരേശ്വര ക്ഷേത്രവും, കാമാക്ഷി അമ്മന്‍ ക്ഷേത്രവും, വരദരാജ പെരുമാള്‍ ക്ഷേത്രവും ഒത്തുചേര്‍ന്നത് മുമൂര്‍ത്തീവാസം എന്ന പേരിലും അറിയപ്പെടുന്നു. പെരുമാള്‍ കോവില്‍ എന്നാണ് ദിവ്യദേശങ്ങളുടെ ഇടയില്‍ വരദരാജ പെരുമാള്‍ ക്ഷേത്രം അറിയപ്പെടുന്നത്.
വരദരാജ പെരുമാള്‍ ക്ഷേത്രത്തിന്‍റെ നിര്‍മ്മാണം നടത്തിയത് പല്ലവരാജാവ് നന്ദിവര്‍മ്മന്‍ ആണെന്ന് കരുതപ്പെടുന്നു. 1053-ല്‍ ആരംഭിച്ച് ചോളരാജാക്കന്മാരായ കുലോത്തുംഗ ചോളന്‍-1ന്‍റെയും വിക്രമ ചോളന്‍റെയും ഭരണകാലത്ത് വരദരാജ പെരുമാള്‍ ക്ഷേത്രത്തിന്‍റെ വികാസം നടന്നു.
ബ്രഹ്മദേവന്‍ ഇവിടെ നടത്തിയ ഒരു യജ്ഞത്തെ ഒഴുക്കിക്കളഞ്ഞുകൊണ്ട് വേദവതി നദി ഒഴുകിയപ്പോള്‍ യജ്ഞത്തിന്‍റെ പൂര്‍ത്തീകരണത്തിനായി വേദവതിയുടെ ഒഴുക്ക് തടസ്സപ്പെടുത്തിക്കൊണ്ട് വിഷ്ണു ഭഗവാന്‍ ഇവിടെ കിടന്നു എന്നാണ് ഐതിഹ്യം. വിഷ്ണുകാഞ്ചിയിലെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണ് ഹസ്തഗിരി കുന്നുകള്‍ക്ക് മുകളിലുള്ള വരദരാജ പെരുമാള്‍ ക്ഷേത്രം. ക്ഷേത്രത്തിന്റെ വാസ്തുകലാ വൈദഗ്ദ്ധ്യം വിസ്മയിപ്പിക്കുന്നതാണ്. മണ്ഡപത്തിന്റെ നാല് മൂലകളിലും ഒറ്റക്കല്ലില്‍ കൊത്തിയെടുത്ത അഴകുള്ള വളയങ്ങള്‍ ചേര്‍ന്ന ചങ്ങല കാണാന്‍ കൗതുകമുണ്ട്. അടി മുതല്‍ മുകള്‍ അറ്റം വരെ കൊത്തുപണികള്‍ ചെയ്തവയാണ്. ഹിന്ദുപുരാണങ്ങളിലെ കഥാഖ്യാനങ്ങളുണ്ട്, നൃത്തശില്‍പ്പങ്ങളുണ്ട്. കരിങ്കല്ലില്‍ രചിച്ച കവിതകള്‍ എന്നുപറയാം. കോണിപ്പടികള്‍ കയറിച്ചെന്ന് കൈ ഉയര്‍ത്തിയാല്‍ തൊടാന്‍ കഴിയുന്ന, പല്ലിയുടെ സ്വര്‍ണം പൂശിയ വലിയരൂപം ഇവിടുത്തെ ഒരു പ്രത്യേകതയാണ്. ഈ രൂപം തൊട്ടു തൊഴുതാല്‍ കടുത്ത രോഗങ്ങളില്‍നിന്ന് മുക്തി നേടാനാകുമെന്ന് പറയപ്പെടുന്നു. ആറ്റുകാല്‍ മണ്ഡപത്തിന് വടക്കായാണ് ആനന്ദതീര്‍ത്ഥം എന്ന തീര്‍ത്ഥക്കുളം. തീര്‍ത്ഥക്കുളത്തില്‍ രണ്ടു മണ്ഡപങ്ങളുണ്ട്. ഒന്ന് ശ്രീ അത്രിഗിരി വരദരാജന്റേത്. മറ്റൊന്ന് നീരാളി മണ്ഡപം എന്നറിയപ്പെടുന്നു. ജലാശയത്തിനടിയിലുള്ള അത്രിഗിരി വരദരാജസ്വാമി വിഗ്രഹം ഭക്തര്‍ക്ക് കാണാന്‍ നാൽപത് വര്‍ഷം കൂടുമ്പോള്‍ ഒരിക്കല്‍ മാത്രമാണ് പുറത്തെടുക്കുക പതിവ്