Home അറിവ് ചുമ തുടരുന്ന രോഗികളില്‍ ക്ഷയരോഗ പരിശോധന; പുതുക്കിയ കോവിഡ് മാര്‍ഗനിര്‍ദേശങ്ങളറിയാം

ചുമ തുടരുന്ന രോഗികളില്‍ ക്ഷയരോഗ പരിശോധന; പുതുക്കിയ കോവിഡ് മാര്‍ഗനിര്‍ദേശങ്ങളറിയാം

കോവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ സ്റ്റിറോയിഡുകള്‍ നിര്‍ദ്ദേശിക്കുന്നത് ഒഴിവാക്കണമെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഠിനമായ ചുമ തുടരുകയാണെങ്കില്‍ രോഗികളെ ക്ഷയരോഗ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും പുതുക്കിയ കോവിഡ് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. കോവിഡ് മുക്തരില്‍ ക്ഷയരോഗം വ്യാപകമായി സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു തീരുമാനം എടുത്തിരിക്കുന്നത്.

സ്റ്റിറോയിഡുകളുടെ ഉപയോഗം ബ്ലാക്ക് ഫംഗസ് പോലുള്ള ദ്വിതീയ അണുബാധകളുടെ അപകടസാധ്യത വര്‍ധിപ്പിക്കുന്നതിനാല്‍ സ്റ്റിറോയിഡുകള്‍ ഒഴിവാക്കണം. രണ്ടോ മൂന്നോ ആഴ്ചയില്‍ കൂടുതല്‍ ചുമ തുടരുകയാണെങ്കില്‍ ക്ഷയരോഗ സാധ്യതകള്‍ പരിശോധിക്കണമെന്നും നിര്‍ദേശമുണ്ട്. ഒരു ദശാബ്ദത്തിനിടെ കഴിഞ്ഞ വര്‍ഷം ക്ഷയരോഗം ബാധിച്ചുള്ള മരണങ്ങള്‍ ഉയര്‍ന്നതായി ലോകാരോഗ്യ സംഘടനയും പറയുന്നു.

ആന്റി-ഇന്‍ഫ്‌ലമേറ്ററി അല്ലെങ്കില്‍ ഇമ്മ്യൂണോമോഡുലേറ്ററി തെറാപ്പി (സ്റ്റിറോയിഡുകള്‍ പോലുള്ളവ) വളരെ നേരത്തെയോ ഉയര്‍ന്ന അളവിലോ കൂടുതല്‍ കാലമോ ഉപയോഗിക്കുമ്പോള്‍ ഇന്‍വേസിവ് മ്യൂക്കോര്‍മൈക്കോസിസ് പോലുള്ള ദ്വിതീയ അണുബാധയ്ക്കുള്ള അപകടസാധ്യതയുണ്ട്.

സ്റ്റിറോയിഡ് ഉള്‍പ്പെടെയുള്ള കോവിഡ് മരുന്നുകളുടെ അമിത ഉപയോഗത്തയും ദുരുപയോഗത്തെയും കുറിച്ച് നിതി ആയോഗ് അംഗമായ ഡോക്ടര്‍ വികെ പോളും കഴിഞ്ഞ ദിവസങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ”ഞങ്ങള്‍ നല്‍കുന്ന ഏത് മരുന്നുകളും യുക്തിസഹമായി ഉപയോഗിക്കണം, അമിതമായി ഉപയോഗിക്കരുത്. കഴിഞ്ഞ തവണ, വളരെ ഭയാനകമായ ഒരു സാഹചര്യമാണ് നമ്മള്‍ കണ്ടത്, മരുന്നുകളുടെ അമിത ഉപയോഗം വളരെ വലിയ അളവില്‍ മ്യൂക്കോര്‍മൈക്കോസിസിന് കാരണമായിരുന്നുവെന്ന് വികെ പോള്‍ പറഞ്ഞിരുന്നു.