അഞ്ചു സെന്റില്‍ കുറയാത്ത ഭൂമിയുള്ള കര്‍ഷകനാണെങ്കില്‍ നിലവിലെ സ്ഥിതിയില്‍ 5000 രൂപ വരെ പെന്‍ഷന്‍ വാങ്ങാം. സംസ്ഥാന സര്‍ക്കാര്‍ പുതുതായി ആരംഭിച്ച കര്‍ഷക ക്ഷേമനിധിയില്‍ ഒട്ടേറെ ആനുകൂല്യങ്ങളാണു കര്‍ഷകര്‍ക്കായി നല്‍കുന്നത്. മറ്റു ക്ഷേമനിധികളിലെല്ലാം 2000 രൂപ വരെയാണു പെന്‍ഷനെങ്കില്‍ അയ്യായിരം രൂപ വരെ പെന്‍ഷന്‍ വാങ്ങാമെന്നതാണ് ഇതിന്റെ ഗുണം.
കേരളത്തിലെ 20 ലക്ഷത്തോളം കര്‍ഷകരെ ലക്ഷ്യമിട്ടാണു പുതിയ ക്ഷേമനിധി ആരംഭിച്ചതെങ്കിലും നിലവില്‍ 9000 പേര്‍ മാത്രമേ ഇതില്‍ അംഗത്വത്തിന് അപേക്ഷിച്ചിട്ടുള്ളൂ. 5 സെന്റില്‍ കുറയാതെയും 15 ഏക്കറില്‍ കവിയാതെയും ഭൂമിയുള്ള, 3 വര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ കൃഷി അനുബന്ധ പ്രവര്‍ത്തനങ്ങള്‍ പ്രധാന ഉപജീവനമാര്‍ഗമായിരിക്കുകയും വാര്‍ഷിക വരുമാനം 5 ലക്ഷത്തില്‍ കവിയാത്തവരുമായ ഏതൊരാള്‍ക്കും ക്ഷേമനിധിയില്‍ ചേരാം.
സംസ്ഥാനത്ത് കാര്‍ഷിക വൃത്തി കൊണ്ട് ഉപജീവനം നടത്തുന്ന കര്‍ഷകന്റെ ക്ഷേമത്തിനായും ഐശ്യത്തിനായും പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ക്ഷേമ അനുകൂല്യങ്ങള്‍ നല്‍കുന്നതിനും യുവതലമുറയെ കാര്‍ഷിക വൃത്തിയിലേക്ക് ആകര്‍ഷിക്കുന്നതിനുമാണ് 2019 ഡിസംബര്‍ 20ന് ക്ഷേമനിധി രൂപീകരിച്ചത്.
വിളപരിപാലനം, ഉദ്യാനപാലനം, ഔഷധ സസ്യപരിപാലനം, നടീല്‍ വസ്തുക്കളുടെ ഉല്‍പാദനവും, വില്‍പനയും, ഇടവിളകളുടെയും വൃക്ഷങ്ങളുടെയും പരിപാലനം, പച്ചക്കറി വളര്‍ത്തല്‍, തീറ്റപ്പുല്ല് കൃഷി, മത്സ്യം വളര്‍ത്തല്‍, അലങ്കാരമത്സ്യം വളര്‍ത്തല്‍, പശു, ആട്, പോത്ത്, പന്നി, മുയല്‍ മുതലായ മൃഗപരിപാലനം, കോഴി, കാട, താറാവ്, തേനീച്ച, പട്ടുനൂല്‍ പുഴു എന്നിവയുടെ പ്രജനനവും പരിപാലനവും, കൃഷി അനുബന്ധ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ കാര്‍ഷികാവശ്യത്തിനായുള്ള ഭൂമിയുടെ ഉപയോഗം മുതലായവ കൃഷി എന്ന നിര്‍വചനത്തില്‍പ്പെടുന്നു.
എന്നാല്‍ ഏലം, റബര്‍, കാപ്പി, തേയില എന്നീ തോട്ടവിളകളുടെ കാര്യത്തില്‍ ഏഴര ഏക്കറില്‍ കൂടുതല്‍ ഭൂമി ഏതെങ്കിലും വിധത്തില്‍ കൈവശം വയ്ക്കുന്നവന്‍ കര്‍ഷകന്റെ നിര്‍വചനത്തില്‍ വരുന്നതല്ല.
അംഗമാകുന്ന ഓരോ കര്‍ഷകനും പ്രതിമാസം 100 രൂപ കുറഞ്ഞത് ക്ഷേമനിധിയിലേക്ക് അംശദായമായി അടയ്ക്കണം. 18 വയസ്സ് 55 വയസ്സുവരെയുള്ള ഏതൊരു കര്‍ഷകനും ഇതില്‍ അംഗമാകാം. 1956 ഡിസംബര്‍ 21 മുതല്‍ ജനിച്ച 65 വയസ്സുവരെയുള്ളവര്‍ക്ക് അംഗമാകാം.
ക്ഷേമനിധിയില്‍ കുറഞ്ഞത് 5 വര്‍ഷം അംശദായം അടച്ചാല്‍ പ്രതിമാസം 5000 രൂപയാണ് പെന്‍ഷന്‍ നല്‍കാന്‍ തീരുമാനം. 60 പൂര്‍ത്തിയായതിന്റെ തൊട്ടടുത്ത മാസം മുതല്‍ പെന്‍ഷന്‍ ലഭിക്കും.
അംഗമായ ആള്‍ കുടിശിക ഇല്ലാതെ അംശദായം അടച്ചുവരികെ മരിച്ചാല്‍ കുടുംബപെന്‍ഷന് അര്‍ഹതയുണ്ട്. പെന്‍ഷന്‍ കൈപ്പറ്റിക്കൊണ്ടിരിക്കെ മരിച്ചാലും കുടുംബപെന്‍ഷല്‍ ലഭിക്കും. കൂടാതെ അനാരോഗ്യ ആനുകൂല്യം, അവശതാ ആനുകൂല്യം, ചികിത്സാ സഹായം, പ്രസവാനുകൂല്യം, വിവാഹ ധനസഹായം, വിദ്യാഭ്യാസ ധനസഹായം, മരണാനന്തര ആനുകൂല്യം എന്നിവ ലഭ്യമാകും.
www.kfwfb.kerala.gov.in എന്ന വെബ് പോര്‍ട്ടല്‍ വഴിയാണ് കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. കേരളത്തിലെ അക്ഷയ സെന്റര്‍ വഴി എളുപ്പത്തില്‍ റജിസ്റ്റര്‍ ചെയ്യാം. അംഗത്വമെടുക്കാന്‍ അവസാന തീയതിയില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 04872320500 എന്ന മൊബൈല്‍ ബന്ധപ്പെടുക.