Home വാണിജ്യം പുതിയ ജിമെയില്‍ വരുന്നു; പ്രതീക്ഷിക്കുന്ന മാറ്റങ്ങള്‍ അറിയാം

പുതിയ ജിമെയില്‍ വരുന്നു; പ്രതീക്ഷിക്കുന്ന മാറ്റങ്ങള്‍ അറിയാം

ടെക് ലോകത്തെ ജനപ്രിയ ഇ മെയില്‍ സംവിധാനമായ ഗൂഗിളിന്റ ജിമെയില്‍ പുതിയ രൂപത്തില്‍ അവതരിപ്പിക്കുന്നു. ജിമെയിലിന്റെ ലേഔട്ട് ഉടന്‍ മാറ്റുമെന്നാണ് അറിയുന്നത്. പുതിയ ലേഔട്ട് ഫെബ്രുവരിയില്‍ തന്നെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്നാണ് കരുതുന്നത്. ഫെബ്രുവരിയില്‍ അവതരിപ്പിക്കുന്ന പുതിയ ലേഔട്ട് പ്രകാരം ഗൂഗിള്‍ മീറ്റ്, ഗൂഗിള്‍ ചാറ്റ്, സ്‌പേസസ് എന്നിവ ജിമെയിലിലേക്ക് ലളിതമായി തന്നെ സംയോജിപ്പിച്ചിട്ടുണ്ട്.

ഈ വര്‍ഷം പകുതിയോടെ പുതിയ ജിമെയില്‍ ലേഔട്ട് ഡിഫോള്‍ട്ട് ഓപ്ഷനായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗൂഗിളിന്റെ മറ്റ് സന്ദേശമയയ്ക്കല്‍ ടൂളുകള്‍, അതിന്റെ ബിസിനസ് കേന്ദ്രീകൃതമായ വര്‍ക്ക്സ്പേസ് സ്യൂട്ട് ഉള്‍പ്പെടെ എല്ലാം ഇമെയിലുകള്‍ക്കൊപ്പം ലഭിക്കും. പുതിയ ജിമെയിലിന്റെ ലേഔട്ട് ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

പുതിയ ജിമെയില്‍ ലേഔട്ടിനെ സംയോജിത വ്യൂ എന്നാണ് വിളിക്കുന്നത്. ഗൂഗിളിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫെബ്രുവരി 8 മുതല്‍ പുതിയ ജിമെയില്‍ ലേഔട്ട് പരീക്ഷിച്ചുതുടങ്ങാനാകും എന്നാണ്. പുതിയ ലേഔട്ടിലേക്ക് മാറാന്‍ ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുന്ന നിര്‍ദേശങ്ങള്‍ നോട്ടിഫിക്കേഷനായി ഗൂഗിള്‍ നല്‍കിയേക്കും. പുതിയ ലേഔട്ടിലേക്ക് മാറിയില്ലെങ്കിലും ഏപ്രില്‍ മുതല്‍ എല്ലാവരുടെയും അക്കൗണ്ടുകള്‍ പുതിയ ലേഔട്ടിലേക്ക് മാറും. പഴയ പതിപ്പിലേക്ക് പോകാനും അവസരമുണ്ടാകും. എന്നാല്‍ ഈ വര്‍ഷം പകുതിയോടെ ആ ഓപ്ഷനും ഇല്ലാതാകും.